നിലവിലെ കക്ഷി നിലയനുസരിച്ച് ഒഡിഷയില്‍ മൂന്നാംസ്ഥാനത്താണ് ബി.ജെ.പി. 21 അംഗ ലോക്‌സഭാ സീറ്റില്‍ ഒരൊറ്റ അംഗം മാത്രമാണ് ബി.ജെ.പിയ്ക്കുള്ളത്. എന്നിട്ടും നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒഡിഷയെ തെരഞ്ഞെടുക്കുമ്പോള്‍ മോദിയും ബി.ജെ.പിയും 2019 ലെ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് കണക്കൂകൂട്ടുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി.
വരാനിരിക്കുന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും അധികം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ഒഡിഷയില്‍ നിന്ന് ഒരു ബി.ജെ.പി അംഗത്തെ മാത്രമാണ് വിജയിപ്പിക്കാനായത്.
എന്നാല്‍ അതിനുശേഷം നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി സര്‍ക്കാരിന് ഭീഷണിയുയര്‍ത്തുന്നതാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍. ആകെ ഒരു ബി.ജെ.പി എം.പി മാത്രമുള്ളിടത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ കൊണ്ടാടുമ്പോള്‍ അതിന് കൈവരുന്ന രാഷ്ട്രീയ മാനങ്ങള്‍ നിരവധിയാണ്. അതോടൊപ്പം അമിത് ഷാ നേരിട്ട് നിരവധി തവണ ഒഡിഷയില്‍ ക്യാംപ് ചെയ്യുന്നതിന് പിന്നിലും സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരെയടക്കം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നേതൃത്വം നല്‍കുന്നതിനും പിന്നില്‍ 2019 തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും ചലനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പൊതുവെ ബി.ജെ.പിയെ എതിര്‍ക്കുന്നുണ്ടെങ്കിലും ഹൈന്ദവത തന്നെയാണ് ബി.ജെ.ഡിയുടെയും മുഖമുദ്ര. ഒരു ഹിന്ദു പാര്‍ട്ടിയായാണ് ബി.ജെ.ഡി പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കുക എന്നതിന് ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ കാര്‍ഡ് തന്നെ ധാരാളമാണ്. മാത്രമല്ല 2000-2009 കാലയളവില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലുമായിരുന്നു.
മാത്രമല്ല, രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തില്‍ ബി.ജെ.ഡി ഇതുവരെ അണിചേര്‍ന്നിട്ടില്ല എന്നതും ബി.ജെ.പിയ്ക്ക് അനുകൂലമാണ്. കോണ്‍ഗ്രസാണ് ഒഡിഷയില്‍ പ്രതിപക്ഷത്ത് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മാറിമറിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തില്‍ ഒഡിഷ ഭരിക്കുന്ന ബി.ജെ.ഡിയുടെ നവീന്‍ പട്‌നായിക് ഇല്ലായിരുന്നു എന്നതാണ് മോദിസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ സംസ്ഥാനത്ത് നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സഖ്യങ്ങളിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തയാളാണ് നവീന്‍ പട്‌നായിക്.
തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ നവീന്‍ പട്‌നായിക്കിന് വെല്ലുവിളികള്‍ നിരവധിയാണ്. തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെയും അണികളെയും കൂടെനിര്‍ത്തുക എന്നതിലും ഇനിയുള്ള ഒരു വര്‍ഷത്തെ ഭരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക എന്നതിനൊപ്പം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ബി.ജെ.ഡിയും നവീന്‍ പട്‌നായികും തയ്യാറാകുമോ എന്നും നിരീക്ഷിക്കേണ്ടതുണ്ട്.