മാര്‍ക്‌സിസത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്ത് “എന്തുകൊണ്ട് മാര്‍ക്‌സ് ശരിയായിരുന്നു?” എന്ന് സമര്‍ത്ഥിക്കുകയാണ് പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ടെറി ഈഗിള്‍ട്ടണ്‍ ഈ കൃതിയില്‍.
മാര്‍ക്‌സിസത്തെകുറിച്ചുള്ള വിമര്‍ശനങ്ങളില്‍ അധികവും സത്തയെ സ്പര്‍ശിക്കാതെ അതിന്റെ പ്രയോഗ മാതൃകകളിലെ ന്യൂനതകള്‍ കേന്ദ്രീകരിച്ചാണ് നിര്‍വ്വഹിക്കപ്പെടുന്നതെന്നും ഇവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമൂലിയായി മാര്‍ക്‌സിസത്തെ തെറ്റായി മനസ്സിലാക്കിയവരാണെന്നും ടെറി ഈഗിള്‍ട്ടണ്‍ നിരീക്ഷിക്കുന്നു.
മാര്‍ക്‌സിസം മുതലാളിത്തത്തെകുറിച്ചുള്ള ഗഹനവും രൂക്ഷവുമായ സമഗ്രവിമര്‍ശനമാണ്. വികസിക്കുന്തോറും ആഴത്തിലുള്ള പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്ന മുതലാളിത്തത്തിന്റെ സമകാലിക സന്ദര്‍ഭം മാര്‍ക്‌സിസത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ് മാര്‍ക്‌സിസം ഇന്നും വായിക്കപ്പെടുന്നത്. മുതലാളിത്ത സാമ്പത്തിക ഘടന ഇത്ര ആഴത്തില്‍ പഠിച്ച മറ്റൊരു ചിന്തകനും ലോകത്തിലില്ല. മുതലാളിത്തം തന്നെ അതിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മാര്‍ക്‌സിനെ വായിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മാര്‍ക്‌സിസത്തിനും സ്വാഭാവികമായൊരു അന്ത്യമുണ്ടാകുമെന്നും മുതലാളിത്തം തകര്‍ന്ന് മറ്റൊരു ഉല്‍പാദനവ്യവസ്ഥ നിലവില്‍ വരുന്നതിന് മുന്‍പ് അത് അസാധ്യമാണെന്നും ഈഗിള്‍ട്ടണ്‍ പറയുന്നു. കാരണം മുതലാളിത്തത്തിനെതിരെയുള്ള ഫലപ്രദമായ മറ്റൊരു വിമര്‍ശന പാഠവും ഇന്ന് ലോകത്തിലില്ല.
മാര്‍ക്‌സിസത്തെ മതാത്മകമായി പിന്‍പറ്റുന്നവരുടെ മിഥ്യാബോധത്തേയും ഈഗിള്‍ട്ടണ്‍ രൂക്ഷമായി വിചാരണചെയ്യുന്നുണ്ട്. സോഷ്യലിസത്തിലേക്കുള്ള പാതയിലേക്ക് ഒറ്റമൂലികളും കുറുക്കുവഴികളും കണ്ടെത്തുന്നവരാണ് മാര്‍ക്‌സിസത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് വേഗം പകര്‍ന്നത്. അവര്‍ മനുഷ്യന്റെ സര്‍വ്വവ്യവഹാരങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച മാര്‍ക്‌സിനെ കേവലം സാമ്പത്തികശാസ്ത്രത്തിലേക്ക് ചുരുക്കി.
രാഷ്ട്രീയ യുദ്ധതന്ത്രങ്ങളുടെ ആയുധപുരമാത്രമായിരുന്നു അവര്‍ക്ക് മാര്‍ക്‌സ്. ഇത്തരക്കാരുടെ അമിതാവേശങ്ങള്‍ക്ക് മാര്‍ക്‌സ് വിചാരണചെയ്യപ്പെടേണ്ടതില്ല. ഒരു സാമൂഹ്യവിമര്‍ശനം എന്നനിലയില്‍ മാര്‍ക്‌സിസത്തിന് അതിനപ്പുറം ആഴത്തിലുള്ള വേരുകളുണ്ട്. ആധുനികാനന്തരം പ്രശ്‌നവത്ക്കരിക്കപ്പെട്ട നവരാഷ്ട്രീയവും മാര്‍ക്‌സിന്റെ സാംഗത്യമായിട്ടാണ് ഈഗിള്‍ട്ടണ്‍ വിശദീകരിക്കുന്നത്.
മാര്‍ക്‌സ് ഏറ്റവും തീവ്രമായി ഉത്കണ്ഠപ്പെട്ടതും അന്വേഷിച്ചതും മനുഷ്യനെ കുറിച്ചായിരുന്നു. എന്തുകൊണ്ടാണ് വളരെ കൂടുതല്‍ മനുഷ്യര്‍ സാമൂഹികമായും സാമ്പത്തികമായും പുറംതള്ളപ്പെടുന്നത്? സാമ്പത്തികശാസ്ത്രം വിശദീകരിക്കുമ്പോഴും എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നും വിമോചിതനായ സ്വതന്ത്രമനുഷ്യന്‍ എന്നതായിരുന്നു മാര്‍ക്‌സിന്റെ പരിഗണന.
തത്വചിന്ത അക്കാഡമിക് ലാബിലേക്കുള്ള അസംസ്‌കൃത വ്യായാമമല്ലെന്നും അതൊരു സാമൂഹ്യ ഇടപെടലാണെന്നും മാര്‍ക്‌സ് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. മാര്‍ക്‌സ് മനുഷ്യന്റെ വിമോചനം തത്വചിന്തയുടെ കേന്ദ്ര പരിഗണനയിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടുതന്നെയാണ് മാര്‍ക്‌സ് ഇന്നും നമുക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.
ടെറി ഈഗിള്‍ട്ടണ്‍
മുതലാളിത്തം അതിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും ആന്തരികപ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ഇന്ന് ആഗോളവത്ക്കരിക്കപെട്ട മുതലാളിത്തം മൂലധനത്തിന്റെ ഭീമമായ കേന്ദ്രീകരണത്തോടൊപ്പം വിഭവവും വിപണിയും ബഹുഭൂരിപക്ഷത്തിനും അന്യമാക്കികൊണ്ടിരിക്കുന്നു. അതിനെതിരായ സാമൂഹ്യസംഘര്‍ഷങ്ങളെ വന്‍ ആയുധശേഖരത്തിലൂടെയും യുദ്ധഭീതിയിലൂടെയും മറിക്കടക്കാനാണത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മുതലാളിത്തത്തില്‍ അന്തര്‍ലീനമായ ഈ പ്രതിസന്ധി അതിന്റെ നാശത്തിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂവെന്ന മാര്‍ക്‌സിന്റെ കണ്ടെത്തല്‍ ഇന്ന് കൂടുതല്‍ പ്രസക്തമാകുകയാണ്.
പരിഹാരമായി മനുഷ്യന്റേയും പ്രകൃതിയുടേയും ജൈവികമായ വിമോചനം ലക്ഷ്യമാക്കുന്ന സോഷ്യലിസമല്ലാതെ മറ്റൊന്നും ഇന്ന് നിലനില്‍ക്കുന്നില്ലായെന്ന് ഈഗിള്‍ട്ടണ്‍ വസ്തുതയുടെ പിന്‍ബലത്തില്‍ വിശദീകരിക്കുന്നു. അന്ധമായ മാര്‍ക്‌സ് ആരാധനയല്ല, മാര്‍ക്‌സിസത്തെ സമഗ്രമായി അപഗ്രഥിക്കുന്ന ധിഷണയാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്