തദ്ദേശീയവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ഐതിഹ്യകഥകളുടെ കേന്ദ്രം അയോദ്ധ്യയായി മാറിയതെങ്ങിനെയെന്നും സംഘപരിവാറിന്റെ ഏക രാമായണ നിര്‍മാണ ശ്രമങ്ങളെക്കുറിച്ചും തന്റെ പഠനങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയാണ് എഴുത്തുകാരനായ ഡോ. അസീസ് തരുവണ
It spreads, ceaselessly various,
one and many at once – Kampan
‘ത്രീ ഹണ്‍ഡ്രഡ് രാമായണാസ്: ഫൈവ് എക്‌സാംപിള്‍സ് ആന്‍ഡ് ത്രീ തോട്‌സ് ഓണ്‍ ട്രാന്‍സ്‌ലേഷന്‍സ്’ എന്ന ഉപന്യാസത്തില്‍ എ.കെ. രാമാനുജന്‍ ഒരു നാടോടിക്കഥ ഉദ്ധരിക്കുന്നുണ്ട്. രാമന്റെ നഷ്ടപ്പെട്ട മോതിരം കണ്ടെത്താനായി പാതാളത്തിലെത്തിയ ഹനുമാനെക്കുറിച്ചാണ് കഥ. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേര്‍ന്ന് ഒരു താലത്തില്‍ അനേകം മോതിരങ്ങള്‍ ഹനുമാനു മുമ്പില്‍ വെക്കുന്നു. അവയെല്ലാം രാമന്റേതായിരുന്നു.
ഹനുമാന്‍ ആകെ കുഴങ്ങി. അപ്പോള്‍ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: ‘എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്റെ ഒരവതാരം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ മോതിരം ഊരിപ്പോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു. തന്റെ രാമന്റെ മോതിരം തെരഞ്ഞെടുത്തുകൊള്ളാന്‍ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു. ഒപ്പം, ലവകുശന്മാരെ രാജ്യഭാരമേല്‍പ്പിച്ച് ഹനുമാന്റെ രാമന്‍ സരയൂവില്‍ പ്രവേശിച്ചു കഴിഞ്ഞു എന്നും അറിയിച്ചു.
രാമന്റെ അനേകം മോതിരങ്ങള്‍പോലെ, അനേകം രാമന്മാരുമുണ്ട്. വരമൊഴിയിലെന്ന പോലെ വാമൊഴിയിലും രാമായണങ്ങള്‍ അനവധിയാണ്. രാമായണ സാഹിത്യമെന്ന മഹാനദിയിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളായ ചെറുനദികളാണ് രാമകഥയുടെ വാമൊഴി, വരമൊഴി പാഠങ്ങളെല്ലാം. ബഹുസ്വരമായ രാമായണ പാഠങ്ങളില്‍ ഏതെങ്കിലും ഒരു പാഠം ഉച്ചവും (higher) ബാക്കിയെല്ലാം നീചവു (lower) മെന്ന പരി കല്‍പന ആധുനിക രാമായണ പണ്ഡിതന്മാര്‍ നിസ്സംശയം തള്ളിക്കളയുന്നു. രാമായണത്തിന്റെ ബഹുസ്വരതയെ പരിമിതിയായല്ല, അനന്ത സാധ്യതയായാണ് അവരെല്ലാം പരിഗണിക്കുന്നത്.
എ.കെ. രാമാനുജന്‍
കാഠ്മണ്ടുവില്‍ നടന്ന എഴുത്തുകാരുടെ ഒരു സംഗമത്തില്‍ പ്രമുഖ പാക്കിസ്ഥാനി നോവലിസ്റ്റ് ഇന്‍തിസാര്‍ ഹുസൈന്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യം റൊമിലാ ഥാപ്പര്‍ ഇങ്ങനെ അനുസ്മരിക്കുന്നു:
‘ബാബ്രി മസ്ജിദ് തകര്‍ക്കപ്പെടുന്നതുവരെ എനിക്ക് ഭാവനയില്‍ മാത്രം നിലനിന്നിരുന്ന ഒരു സ്ഥലവും ഒരു ഐതിഹാസിക സാമ്രാജ്യവും അനേകം സ്മരണകളുണര്‍ത്തുന്ന ഒരു ശബ്ദവുമായിരുന്നു അയോദ്ധ്യ. ഇപ്പോള്‍ ഇന്ത്യയുടെ ഭൂപടത്തിലെ ഒരു വെറും യഥാര്‍ത്ഥ സ്ഥലമായി ചുരുങ്ങി. രാമജന്മ സ്ഥാനത്തെ ഉത്തരേന്ത്യയിലെ ഒരു ചെറുപട്ടണമായി കാണാന്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ തനിക്ക് തന്റെ ഭൂമിശാസ്ത്രം വീണ്ടും പഠിക്കേണ്ടി വന്നു’.
ബഹുസ്വരമായ രാമായണത്തിന്റെ പാഠസാദ്ധ്യതകളെ നിരാകരിക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള അമര്‍ശവും താക്കീതുമാണീ വാക്കുകള്‍; ഒപ്പം പാഠഭേദങ്ങളേയും ഭിന്നവ്യാഖ്യാന സാധ്യതകളേയും പറ്റിയുള്ള ആഴമാര്‍ന്ന ചിന്തകള്‍ക്ക് ഇടംനല്‍കുന്നതും.
നിരന്തരം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന വടവൃക്ഷമാണിന്നു രാമായണസാഹിത്യം. അതിന് ആഴമാര്‍ന്ന വേരുകളും ശാഖോപശാഖകളുമുണ്ട്. വേരുകള്‍ ഭാരതീയമാണെങ്കിലും ശാഖകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാകെ പടര്‍ന്നുപന്തലിക്കുകയും അവിടങ്ങളിലെ സംസ്‌കൃതികളെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായകസ്ഥാനം ആര്‍ജിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെയും സമീപസ്ഥമായ പ്രദേശങ്ങളിലെയും വാമൊഴി, വരമൊഴി സാഹിത്യരൂപങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു സാഹിത്യ ഇതിവൃത്തമില്ലെന്ന് നിസ്സംശയം പറയാം.
ഇന്‍തിസാര്‍ ഹുസൈന്‍
ജീവിതത്തിന്റെ ഓരോ ഘട്ടത്തില്‍ വായിക്കുമ്പോഴും പുത്തന്‍ അര്‍ത്ഥങ്ങളും ആസ്വാദ്യതയും അനുഭവവേദ്യമാകുന്ന അനശ്വര കൃതികളാണ് ഇതിഹാസങ്ങള്‍. അവ ആസ്വാദകന്റെ മനസ്സില്‍ നിന്ന് മായാതെ, സവിശേഷമായ സ്വാധീനം ചെലുത്തി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അവ വ്യക്തിയുടെയും സമൂഹത്തിന്റെയും അബോധമനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്ത് മൂര്‍ത്തരൂപത്തില്‍ നിലനില്‍ക്കും. രാമായണവും മഹാഭാരതവും ഇതിന് ദൃഷ്ടാന്തമാണ്.
രാമായണകഥയുടെ ഇതിവൃത്തം എന്നു രൂപപ്പെട്ടുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. എന്നാല്‍, വാല്മീകി മഹര്‍ഷിക്കു മുമ്പു തന്നെ വാമൊഴിയായി രാമായണകഥകള്‍ പ്രചരിച്ചിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ‘വാല്‍മീകി രാമായണത്തിനു മുമ്പു തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. മഹാഭാരതം ദ്രോണ, ശാന്തിപര്‍വങ്ങളിലെ സംക്ഷിപ്ത രാമകഥയില്‍നിന്നും മറ്റും ഇതിനുള്ള തെളിവ് ലഭിക്കുന്നുണ്ട്. ഈ ആഖ്യാനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ടാണ് വാല്‍മീകി രാമായണം രാമകഥയുടെ പ്രാചീനതമമായ വിസ്തൃത ക്യതിയായി ത്തീര്‍ന്നതെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ, തന്റെ ‘രാമകഥ: ഉത്ഭവവും വളര്‍ച്ചയും എന്ന കൃതിയില്‍ പറയുന്നു.
കാമില്‍ ബുല്‍ക്കെ
മധ്യപ്രദേശിലെ രണ്ട് ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന സംഭവമായിരിക്കാം രാമായണത്തിന് അടിസ്ഥാനമായ കഥാബീജമെന്ന് വാല്മീകി രാമായണത്തിലെ സ്ഥലികളെക്കുറിച്ച് ആഴമാര്‍ന്ന പഠനം നടത്തിയ പുരാവസ്തു ഗവേഷകനായ സങ്കാലിയ അഭിപ്രായപ്പെടുന്നു.
ആദിയില്‍ ഒരു ചെറുകഥാരൂപമായിരുന്ന കഥയെ വാമൊഴി നാടോടി ഗായകരും മറ്റും പറഞ്ഞും പാടിയും വികസിപ്പിച്ചതായിരിക്കണം ഇന്നത്തെ വിസ്തൃതമായ രാമകഥാസാഹിത്യം. നാടോടി ഗായകര്‍ അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ പൊലിപ്പിച്ചു പറയുക സാധാരണമാണ്. വാമൊഴി ഗായകസംഘങ്ങള്‍ ഈ കഥകള്‍ പാടിനടന്നിരുന്നു എന്ന സൂചന വാല്മീകി രാമായണത്തില്‍ നിന്നു വായിച്ചെടുക്കാവുന്നതാണ്. കാവ്യോപജീവികളായ പാട്ടുസംഘജാതികള്‍ ഇന്ത്യയില്‍ എക്കാലത്തുമുണ്ടായിരുന്നുവല്ലോ.
രാമായണം വാല്മീകി ശിഷ്യന്‍മാര്‍ക്ക് മനഃപാഠമായിരുന്നുവത്രേ. കുശീലവന്മാര്‍ രാമായണം പാടിപ്പാടി തങ്ങളുടെ ശ്രോതാക്കളുടെ താല്‍പര്യം വര്‍ധിപ്പിച്ചിരിക്കാം. കാവ്യകുശലന്മാരായിരുന്ന ഗായകന്‍മാര്‍ ജനങ്ങള്‍ക്കു താല്‍പര്യമുള്ള ഭാഗങ്ങള്‍ ആവര്‍ത്തിച്ചും അതി ശയോക്തിപരമായും പാടിയിരിക്കണം. ഏതെങ്കിലും ഒരു ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ ഗായകര്‍ അവരുടേതായ സംഭാവനകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു; കൂടുതല്‍ ഉദ്വേഗജനകമാക്കാന്‍ ശ്രമിക്കുന്നു. സ്‌തോഭജനകമായ ഭാഗങ്ങള്‍ കേള്‍വിക്കാരെയും കാഴ്ചക്കാരെയും ഹഠാദാകര്‍ഷിക്കും. ഇത്തരം ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കും.
ഹൈന്ദവ, ബൗദ്ധ, ജൈന, മുസ്ലിം, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏറിയോ കുറഞ്ഞാ രാമകഥാസ്വാധീനം നില നില്‍ക്കുന്നുണ്ട്. ഓരോ ജനതയും രാമകഥയെ പുതുക്കി പണിത് സ്വന്തമാക്കുകയാണുണ്ടായത്. രാമായണത്തിന് വിവിധ വീക്ഷണ കോണുകളില്‍ നിന്നുള്ള പാഠങ്ങളും പാഠാന്തരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സവര്‍ണ്ണപാഠങ്ങളും ദലിത് പാഠങ്ങളും സ്ത്രീപക്ഷ പാഠങ്ങളുമുണ്ടായിട്ടുണ്ട്. വാല്മീകി രാമായണത്തില്‍ സവര്‍ണ – ബ്രാഹ്മണമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി പില്‍ക്കാലത്ത് അനേകം തിരുകിക്കയറ്റലുകള്‍ നടന്നിട്ടുണ്ട്. പ്രക്ഷിപ്തങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത്.
വേദേതിഹാസ പുരാണങ്ങളെ മേല്‍ജാതികളുടെ പൈതൃകമായി കരുതുകയും ശൂദ്രരടക്കമുള്ള സാധാരണ മനുഷ്യര്‍ക്ക് അവ വിലക്ക പ്പെടുകയും ചെയ്തിരുന്നു. അവ പാരായണം ചെയ്യുവാനോ ശ്രവിക്കുവാനോ കീഴാളര്‍ക്കു അനുമതിയുണ്ടായിരുന്നില്ല. ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കപ്പെട്ടിരുന്നു. എന്നിട്ടും വിലക്കുകളുടെ മതില്‍ക്കെട്ടുകളെ മറികടന്ന് കീഴാള ജനതയിലേക്ക് അവ ഒഴുകിയെത്തി.
മേലാള പാഠങ്ങളുടെ തനിപകര്‍പ്പുകളോ വികൃതാനുകരണങ്ങളോ ആയല്ല അവ പ്രചരിച്ചത്; തികച്ചും കീഴാള പാഠങ്ങളായാണ്. തങ്ങളുടെ സ്വത്വ, അസ്ഥിത്വ പ്രതിസന്ധികളെ മറികടക്കുവാനുള്ള അതിജീവന തന്ത്രങ്ങളായി അവ പിന്നീട് മാറി. സവര്‍ണപാഠ മുല്‍പാദിപ്പിച്ച രാമന്റെ വ്യക്തിത്വത്തെ അവര്‍ മാറ്റി പണിതു. തങ്ങളുടെ മലദൈവങ്ങള്‍ക്കൊപ്പം ഒരു ദേവനായി, ചിലപ്പോള്‍ അതിനുമുകളിലായി, ചില സന്ദര്‍ഭങ്ങളില്‍ താഴെയായി രാമനേയും മറ്റും പ്രതിഷ്ഠിച്ചു. ഗോത്ര സങ്കല്‍പ്പത്തിന്റേയും ഗോത്രനീതി വ്യവസ്ഥയുടേയും അകത്തുനിര്‍ത്തി അവര്‍ രാമനെയും മറ്റും വിചാരണ ചെയ്തു, ‘അടിയ രാമായണ’ത്തിന്റെ അവസാനം അത്തരമൊരു ഉജ്ജ്വല മുഹൂര്‍ത്തത്തിന് നാം നായ സാക്ഷ്യം വഹിക്കുന്നു.
എന്റെ വയനാടന്‍ രാമായണം (പ്രസാധനം :ഡിസി ബുക്‌സ്, കോട്ടയം) എന്ന പുസ്തകത്തിലെ ഒന്നാം ഭാഗത്തിലുള്ള പുതിയ രാമായണ കഥയുടെ നാടോടി – വാമൊഴി രൂപങ്ങളിലെല്ലാം വയനാടന്‍ ഭൂമികയില്‍ ആവേദക കൂട്ടായ്മയ്ക്ക് കൈയെത്തും ദൂരത്തുള്ള ഒരു കഥാപാത്രമാണ് എന്നത് എടുത്തുപറയേണ്ടതാണ്.
രാമകഥയുടെ നാടോടി പാഠങ്ങള്‍ വരമൊഴി പാഠങ്ങള്‍ പറയാതെ പോയ പലതും സൂക്ഷ്മമായി ആവിഷ്‌കരിക്കുകയും വരമൊഴി പാഠങ്ങള്‍ മുന്നോട്ടുവെക്കുന്ന യുക്തിബോധത്തെയും വസ്തുനിഷ്ഠതയേയും കശക്കിയെറിയുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ വരമൊഴി പാഠങ്ങള്‍ അവതരിപ്പിക്കുന്ന അലൗകികാംശങ്ങളെ തിരുത്തുകയും ദേവി ദേവന്മാരെ പച്ചമനുഷ്യരായി, തങ്ങളില്‍പ്പെട്ട ഒരാളായി മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നു.
കീഴാളരാമായണങ്ങള്‍പോലെ, സ്ത്രീപക്ഷ രാമായണാവിഷ്‌ക്കാരങ്ങളും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. രാമകഥാപഠനങ്ങളില്‍ അവ ഇടം കിട്ടാതെ പോവുന്നതെന്തുകൊണ്ടാവാം? രാമന്റെ പക്ഷത്തുനിന്നുകൊണ്ടുള്ള ആവിഷ്‌ക്കാരങ്ങള്‍ പോലെ സീതയുടെ പക്ഷത്തുനിന്നുള്ള പാഠങ്ങളും ഉണ്ടായിട്ടുണ്ട്. രാമായണം രാമന്റെ മാത്രം അയനമല്ലെന്നും സീതായനം കൂടിയാണെന്നുമുള്ള വായനകള്‍ സമീപകാലത്തായി നടക്കുന്നുണ്ട്.
സ്ത്രീപക്ഷ രാമായണങ്ങളില്‍ എടുത്തുപറയേണ്ട ക്യതിയാണ് പതിനാറാം നൂറ്റാണ്ടില്‍ കിഴക്കന്‍ ബംഗാളിലെ മൈ മെന്‍സിംഗ് ദേശത്ത് ജീവിച്ച ചന്ദ്രബതി രചിച്ച ‘ചന്ദ്രബതി രാമായണം’, രാമകഥാ സംബന്ധിയായ ‘എന്‍സൈക്ലോപീഡിയ’ എന്ന് വിശേഷിപ്പിക്കാവുന്ന കാമില്‍ ബുല്‍ക്കെയുടെ രാമകഥ ഉദ്ഭവവും വളര്‍ച്ചയും എന്ന് വിശ്രുത കൃതിയില്‍പോലും ഇടംകിട്ടാതെപോയ രാമായണ പാഠമാണ് ചന്ദ്രമതി രാമായണം. ബംഗാളിലെ പണ്ഡിതന്മാര്‍ അവഗണിച്ച ഈ കൃതി വാമൊഴിയിലൂടെയാണ് നാലു നൂറ്റാണ്ടുകള്‍ അതിജീവിച്ചത്.
സ്ത്രീപക്ഷത്തു നിന്ന് രാമകഥയെ അപനിര്‍മ്മിക്കുന്ന ഈ കൃതി ഒട്ടേറെ സവിശേഷതകള്‍ ഉള്‍കൊള്ളുന്നതാണ്. ഇതില്‍ സീത അവ ഗണിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ്. ഇതിലൊരിടത്ത് സീത പറയുന്നു; ‘ദശലക്ഷക്കണക്കിന് സ്ത്രീകളുടെ വിലാപങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഭര്‍ത്താക്കന്മാരും മക്കളും നഷ്ടപ്പെട്ട ദശലക്ഷകണക്കിന് പെണ്ണുങ്ങളുടെ വിലാപങ്ങള്‍…’ എന്ന്.
വാല്മീകിയില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ചന്ദ്രബതി സീതയുടെ പിറവി മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടവും വരച്ചിടുന്നത്. സീതയുടെ ജനനകഥ ഇങ്ങനെയാണ് അവര്‍ ആവിഷ്‌ക്കരിക്കുന്നത്: ഋഷിമാരുടെ രക്തം ഒരു പെട്ടിയിലാക്കി രാവണന്‍ സൂക്ഷിച്ചിരുന്നു. ദൈവങ്ങളുടെ അനശ്വരതയില്ലാതാക്കാനുള്ള പാഷാണമായി ഇതുപയോഗിക്കാമെന്നും അങ്ങനെ ത്രൈലോകാധിപനായി തനിക്ക് വാഴാമെന്നുമായിരുന്നു രാവണന്റെ കണക്കുകൂട്ടല്‍.
സ്വര്‍ഗ്ഗലോകത്തു നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന സ്ത്രീകളുമൊത്തായിരുന്നു എന്നും രാവണന്‍. ഇത് കണ്ടും കേട്ടും മടുത്ത ഭാര്യ മണ്ഡാദരി വിഷം കഴിച്ചു മരിക്കാന്‍ തീരുമാനിച്ചു. രാവണന്‍ സൂക്ഷിച്ച ഋഷിമാരുടെ ചോരയാണവള്‍ വിഷത്തിനു പകരം കഴിച്ചത്. പക്ഷെ മണ്ഡോദരി മരിച്ചില്ല. രക്തപാനം നടന്നതോടെ അവള്‍ ഗര്‍ഭിണിയായി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അവള്‍ ഒരു മുട്ട പ്രസവിച്ചു. ലങ്കയിലെ പ്രവാചകന്മാര്‍ രാക്ഷസ വംശത്തിന്റെ അന്തകവിത്താണ് ഈ മുട്ടയിലുള്ളതെന്ന് പ്രവചിച്ചു. അതുടച്ചുകളയാന്‍ രാവണന്‍ തീരുമാനിച്ചു.
പക്ഷേ, മണ്ഡോദരി സമ്മതിച്ചില്ല. ഒരു സ്വര്‍ണ്ണപേടകത്തിലടച്ച് അതിനെ കടലിലെറിയുകയാണ് അവള്‍ ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകി നടന്ന പെട്ടി മാധബ് ജലിയ എന്ന ദരിദ്രനായ മുക്കുവന്‍ കണ്ടെത്തുന്നു. അയാള്‍ സത്യസന്ധനായിരുന്നു. ഭാര്യയുടെ പേര് സത. അവള്‍ ആ മുട്ടയെ ആരാധനാപൂര്‍വ്വം പൂജിച്ചു. അതില്‍ ഒളിച്ചിരുന്ന ലക്ഷ്മി സതയെ അനുഗ്രഹിച്ചു. അവര്‍ സമ്പന്നരായി തീര്‍ന്നു.
ഒരു നാള്‍ സതയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി. മുട്ട ജനകമഹാരാജാവിന് കാഴ്ച വെക്കണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അതനുസരിച്ച് കൊട്ടാരത്തിലെത്തിയ സതയുടെ ഒരപേക്ഷ, മുട്ടയില്‍ നിന്നുണ്ടാകുന്ന കുഞ്ഞിന് തന്റെ പേരുപോലുള്ള ‘സീത’ എന്ന പേര് നല്‍കണമെന്നായിരുന്നു. ഇങ്ങനെ സീതയെ രാജാവ് സംരക്ഷിക്കുന്നു. സീത മണ്ഡോദരിയുടെ മകളാണെങ്കിലും രാവണപുത്രിയല്ല എന്ന പാഠം ചന്ദ്രബതി രാമായണം മുന്നോട്ടു വെക്കുന്നു.
പുൽപ്പള്ളിക്കടുത്ത ആശ്രമം കൊല്ലിയിലെ വാല്മീകി ആശ്രമം
ഇത്തരത്തിലുള്ള പ്രാദേശികാഖ്യാനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, രാമായണ സംസ്‌കൃതി നിലനില്‍ക്കുന്ന എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. ‘വയനാടന്‍ രാമായണങ്ങളില്‍’ സീതയും പിതൃസംരക്ഷണം ലഭിക്കാതെ വളര്‍ന്ന ലവകുശന്മാരുമാണ് നിറഞ്ഞു നില്‍കുന്നത്. ഈ കഥകളുടെ പെണ്‍പക്ഷ സ്വഭാവം എടുത്തു പറയേണ്ടതാണ്. ഉപേക്ഷിക്കപ്പെട്ട കാലത്തെ സീതയുടേയും ലവകുശന്മാരുടേയും കഥകള്‍ക്കാണ് അവയില്‍ പ്രാമുഖ്യം. ഏക രാമായണ വാദത്തെ പൊളിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ് വയനാടന്‍ രാമായണങ്ങള്‍ അടക്കമുള്ള പ്രാദേശിക വാമൊഴി, വരമൊഴി പാഠങ്ങള്‍.
രാമായണ ബഹുസ്വരതയുടെ ഈ സാധ്യത ആദ്യം തിരിച്ചറിഞ്ഞത് സീത തന്നെയാവണം. എഴുത്തച്ഛന്റെ അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തില്‍ ഒരു രംഗമുണ്ട്. സീത രാമനോടൊത്ത് വനവാസത്തിന് പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്. വനത്തില്‍ ദീര്‍ഘകാലം വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും സീതയെ പിന്തിരിപ്പിക്കുന്നില്ല. ഒടുവില്‍ സീത ഇങ്ങനെ വാദിക്കുന്നു: ‘പല കവികള്‍ രചിച്ച രാമായണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. രാമന്‍ എപ്പോഴെങ്കിലും സീതയെ കൂട്ടാതെ വനവാസത്തിന് പോയിട്ടുണ്ടോ?: ‘രാമായണങ്ങള്‍ പലവും കവി വരരാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍ ജാനകിയോടു കൂടാതെ രഘുവരന്‍ കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?’
കഥ നീങ്ങുന്നത് യഥാര്‍ത്ഥ ദിശയിലേക്കാണെന്ന് ഉറപ്പുവരുത്താന്‍ ഒന്നോ രണ്ടോ പാഠങ്ങള്‍ സീത രാമന് നല്‍കുകയാണ്. കഥയ്ക്കും കഥാ കാരനുമിടയിലെ അസ്തിത്വഭേദങ്ങള്‍ ഇവിടെ മാറ്റിമറിക്കപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച കന്നട കവി കുമാരവ്യാസ ഒരു മഹാഭാരതം രചിക്കാന്‍ തീരുമാനിച്ചു. തന്റെ തീരുമാനത്തിനു കാരണമായി അദ്ദേഹം പറഞ്ഞത്: ‘അനേകം രാമായണങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. രാമായണ കര്‍ത്താക്കളുടെ ഭാരം നിമിത്തം സര്‍പ്പശ്രേഷ്ഠനായ ആദിശേഷന്‍ ശ്വാസം മുട്ടുകയാണ് എന്നാണ്.
ജടയറ്റ കാവ് ക്ഷേത്രം (സീതാദേവി ഭൂമി പിളര്‍ന്ന് അന്തര്‍ദ്ധാനം ചെയ്തത് ഇവിടെയാണെന്നാണ് പുല്‍പ്പള്ളിയിലെ വിശ്വാസം)
എക്കാലത്തും രാമായണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്; വരമൊഴിയായും വാമൊഴിയായും. അതിന്റെ ഭൂമിക ഇന്ത്യമാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങള്‍ മുഴുവനുമാണ്. ഒട്ടേറെ ജനസമൂഹങ്ങള്‍ ഈ സംസ്‌കൃതിയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട്; ഉള്‍ക്കൊള്ളുന്നുമുണ്ട്. രാമായണത്തിന്റെ ഭിന്നപാഠങ്ങള്‍ അനുഭവങ്ങളുടെയും സത്യത്തിന്റെയും തദ്ദേശീയമായ ജീവിതരീതിയുടെയും അംശങ്ങള്‍ നിറഞ്ഞതാണ്.
അവയ്ക്ക് ഓരോ വ്യക്തിയുമായും ചുറ്റുമുള്ള ലോകവുമായും സംവദിക്കുവാന്‍ കഴിവുണ്ട്. പല സന്ദര്‍ഭങ്ങളില്‍ നിന്നുള്ള വിവിധ സ്വരങ്ങളാണവ. അവയ്ക്ക് പല സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയും. ചുരുക്കത്തില്‍, സമ്പന്നമായൊരു മനുഷ്യ സംസ്‌കാരത്തിന്റെ മേച്ചില്‍പ്പുറമാണ് രാമകഥകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. രാമായണം ഒരിക്കലുമത് ചരിത്രമല്ല; മിത്താണ്. മിത്തും ചരിത്രവും രണ്ടാണ്. മിത്തുകള്‍ ചരിത്രസാതസ്സുകളാണ്. അതേസമയം ചരിത്രമല്ല. മിത്തിനെ ചരിത്രമാക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോട് വിട പറയുന്നു എന്ന് ഡോ. കെ. എന്‍. പണിക്കര്‍.
ചെറുകിട സംസ്‌കൃതികളേയും കൂട്ടായ്മകളേയും ബ്രാഹ്മണിക്കല്‍ അധിനിവേശ സംസ്‌കാരത്താല്‍ വിഴുങ്ങപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യ ത്തില്‍ പ്രാദേശിക ചരിത്രത്തിനും അതിന്റെ ഭാഗമായ കൂട്ടായ്മകള്‍ക്കും വളരെയേറെ പ്രാധാന്യമുണ്ട്. നമ്മുടെ നാടോടി സമൂഹ ജീവിത കൂട്ടായ്മയില്‍ പുരാണേതിഹാസങ്ങള്‍ക്ക് എന്ത് സ്ഥാനമാണുള്ളതെന്നും അവ എന്ത് ധര്‍മ്മമാണ് അനുഷ്ഠിക്കുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആഗോളതലത്തില്‍ ചെറുകിട സാംസ്‌കാരിക ഉപദേശീയതകള്‍ വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഗോത്ര സംസ്‌കൃതി അടക്കമുള്ള കൂട്ടായ്മകളെ എങ്ങനെ അതിജീവനത്തിനായി ഉപയോഗപ്പെടുത്താം എന്ന വിചിന്തനത്തിന് പ്രസക്തിയുണ്ട്.
ഡോ. കെ. എന്‍. പണിക്കര്‍
എഴുത്തിന്റെയും അച്ചടിമൂലധനത്തിന്റെയും ആഗോളമാധ്യമ മേല്‍ക്കോയ്മയുടെയും ഘട്ടത്തില്‍ രാമായണത്തിന്റെ പ്രതിഷ്ഠാപനം (Canonisation) നടന്നു എന്നുപറയാം. ഈ പ്രതിഷ്ഠാപനം രാമായണത്തിന്റെ ലഘുപാരമ്പര്യങ്ങള്‍ക്കുമേല്‍ നടന്ന അധിനിവേശമാണ്. ജനതകളെ അദ്യശ്യവത്കരിക്കുവാനും പ്രാന്തവത്കരിക്കുവാനുമുള്ള എളുപ്പവഴി അവരുടെ ആഖ്യാനങ്ങളെ തമസ്‌ക്കരിക്കുക എന്നതാണ്. അങ്ങനെയാണ് പുല്‍പ്പള്ളിയെയും ഏരിയപ്പള്ളിയെയും തള്ളിമാറ്റി ‘അയോദ്ധ്യ’ അതിന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഈ പ്രതിഷ്ഠാപനത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്തുകയാണ് ‘വയനാടന്‍ രാമായണ’മെന്ന ഗ്രന്ഥത്തിന്റെ ലക്ഷ്യമെന്ന് ഈ പുസ്തകത്തെ നിരൂപണം ചെയ്ത് ഡോ. കെ.എം. അനില്‍ നിരീക്ഷിക്കുകയുണ്ടായി.
രാമായണം ഒരൊറ്റ പാഠരൂപമായി ഒരിക്കലും നിലനിന്നിട്ടില്ല. ബഹുസ്വരമായ സാംസ്‌ക്കാരിക പാഠരൂപമായിട്ടാണ് രാമകഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അതിനാല്‍ രാമായണത്തെ ഒരൊറ്റ പാഠരൂപത്തിലേക്ക് ചുരുക്കികെട്ടുവാനുള്ള ഏതു ശ്രമവും രാമായണ സംസ്‌കൃതിക്കുമേലുള്ള കടന്നുകയറ്റമാണ്.