പട എന്ന ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ചെയ്ത ചീഫ് സെക്രട്ടറിയുടെ വേഷം ചെയ്യേണ്ടിയിരുന്നത് നടന്‍ മമ്മൂട്ടിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പടയിലെ റോളിലേക്ക് മമ്മൂട്ടിയെ ആലോചിച്ചതിനെ കുറിച്ചും അത് സംഭവിക്കാതെ പോയതിന് പിന്നിലെ കാരണത്തെ കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കെ.എം കമല്‍. പോപ്പര്‍സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്തതിനെ കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നത്.
‘ മമ്മൂക്കയ്ക്ക് ആ കഥാപാത്രം ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹത്തോട് വളരെ നന്ദിയുണ്ട്. കാരണം എന്താണെന്നാല്‍ ഇങ്ങനെ ഒരു സിനിമ നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക അതിനെ കുറിച്ച് അന്വേഷിക്കുമായിരുന്നു. അക്കാര്യം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ബാദുഷ എന്നോട് പറഞ്ഞിരുന്നു.
അതിന് ശേഷം ഞങ്ങള്‍ ചിത്രത്തിന്റെ പ്രാധാന ഷെഡ്യൂളുകളെല്ലാം പൂര്‍ത്തിയാക്കി. ഒരു ഷെഡ്യൂള്‍ മാത്രമാണ് ബാക്കിയുള്ളത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ അകത്ത് നടക്കുന്ന ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ ആ ദിവസത്തെ മൊത്തം സീനുകളാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. അപ്പോള്‍ ചീഫ് സെക്രട്ടറിയുടെ വേഷം ആര് ചെയ്യുമെന്ന് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു.
ചാക്കോച്ചന്റേയും ദിലീഷിന്റേയും ജോജുവിന്റേയും ഒപ്പം നില്‍ക്കാന്‍ പറ്റുന്ന അവരുടെ ആര്‍ഗ്യുമെന്റ്‌സിന് മുഴുവന്‍ മറുപടി പറയാന്‍ പറ്റുന്ന ഒരു നടന്‍ വേണം. അങ്ങനെ ആലോചിച്ചപ്പോള്‍ ഞങ്ങളുടെ കാസ്റ്റിങ് ഡയരക്ടര്‍ സുധയാണ് മമ്മൂക്ക ആയാലോ എന്ന് ചോദിക്കുന്നത്.
മമ്മൂക്ക ആയാല്‍ അടിപൊളി ആയിരിക്കുമെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മമ്മൂക്കയുടെ അടുത്ത് എത്തി. ഗസ്റ്റ് റോള്‍ ചെയ്യാന്‍ അദ്ദേഹത്തെപ്പോലെ ഒരു മഹാ നടന് മടിയുണ്ടാകും. പക്ഷേ അദ്ദേഹം പറഞ്ഞത് ഞാന്‍ ഈ സിനിമയുടെ തിരക്കഥയും തന്റെ റോളും കേള്‍ക്കട്ടെ എന്നാണ്.
താന്‍ ചെയ്യേണ്ട റോളിനോട് അനുബന്ധിച്ച് നിങ്ങള്‍ ചെയ്ത സിനിമയുടെ ഏതെങ്കിലും ഭാഗം ഉണ്ടെങ്കില്‍ അതൊന്ന് കാണിക്കാനായിട്ട് വരൂ എന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി.
കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിച്ചു എന്ന് മാത്രമല്ല അന്ന് ഞങ്ങള്‍ കാണിച്ച കുറേ സ്വീകന്‍സുകളുള്ള ആ ബേസിക് റഫ് എഡിറ്റ് അദ്ദേഹം അത് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു എന്നതാണ്. അത് കാണുന്നതിനിടെ അദ്ദേഹം ഇടക്കിടെ ഉഗ്രന്‍ ഉഗ്രന്‍ എന്ന് പറഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്കത് ശരിക്കും വിശ്വസിക്കാന്‍ പറ്റിയില്ല.
റഫ് കട്ട് കണ്ടിട്ട് ഇത്രയും പ്രശംസ മഹാനായ ഒരു നടനില്‍ നിന്ന് വരുമ്പോള്‍ അത് നമ്മളെ തികച്ചും ആവേശം കൊള്ളിക്കും. അങ്ങനെ ഇത് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. അപ്പോഴാണ് കൊവിഡ് വരുന്നത്. പിന്നെ അദ്ദേത്തിന്റെ ലുക്ക് തന്നെ മാറി.
പിന്നെ ഈ ചിത്രത്തില്‍ ഐ.എ.എസ് ചീഫ് സെക്രട്ടറിയുടെ ലുക്ക് ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാനും കഴിയില്ല. മാത്രമല്ല അദ്ദേഹം ഭീഷ്മ പോലൊരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തോട് എന്റെ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിക്കുന്നതും ശരിയല്ലെന്ന് തോന്നി.
അതിന് ശേഷം വളരെ യാദൃശ്ചികമായിട്ടാണ് ഞങ്ങള്‍ക്ക് പ്രകാശ് രാജിന്റെ കോണ്‍ടാക്ട് കിട്ടുന്നത്. ആദ്യത്തെ ഫോണ്‍ കോളില്‍ തന്നെ അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിച്ചു. ആ റോളില്‍ മമ്മൂക്കയായിരുന്നെങ്കില്‍ അതൊരു മലയാളി കഥാപാത്രമായേനെ. പിന്നെ ഒരു പാന്‍ ഇന്ത്യന്‍ കഥാപാത്രം വന്നതോടെ സിനിമ കൂറച്ചുകൂടി വലുതായി, കെ.എം കമല്‍ പറഞ്ഞു.
Content Highlight: Why Mammootty Reject the role on Pada Movie