| Sunday, 18th July 2021, 6:59 pm

മാലിക് എന്തുകൊണ്ട് ഇസ്‌ലാമോഫോബിക് അല്ല | ഫിറോസ് ഹസന്‍

ഫിറോസ് ഹസ്സന്‍

മാലിക് സിനിമ പറയപ്പെടുന്നത് പോലെ ഒരു ഇസ്‌ലാമോഫോബിക് സിനിമയായി ഒരിക്കലും തോന്നിയില്ല. രണ്ട് കാര്യങ്ങളാണ് ആ സിനിമ ഇസ്‌ലാമോഫോബിക് ആണോ അല്ലയോ എന്നതിനുള്ള അളവുകോലായി എനിക്ക് പറയാനാവുക.

ഒന്ന്, പതിവുപോലെ സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എനിക്കനുഭവപെടാറുള്ള അപകര്‍ഷത, അന്യതാ ബോധം, സെല്‍ഫ് ഹേറ്റിങ്ങ് എന്നിവ മാലിക്ക് കണ്ട് കഴിയുമ്പോള്‍ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. രണ്ട്, മാലിക് എന്ന സിനിമ ഇതര സമൂഹങ്ങള്‍ക്കിടയില്‍ മുസ്‌ലിങ്ങളോടുള്ള വെറുപ്പ് വിദ്വേഷം തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന സിനിമയായും എനിക്ക് തോന്നിയില്ല.

അതേസമയം ‘മാലിക്ക് ബീമാപള്ളി വെടിവെപ്പിനോട് ചരിത്രപരമായി നീതി പുലര്‍ത്തിയോ?’ ‘അച്ചുതാനന്ദന്റെ ഇടതുപക്ഷ സര്‍ക്കാരിനെ വെള്ളപൂശിയില്ലേ’ തുടങ്ങിയ ചോദ്യങ്ങളോട് ഇതൊരു ഡോക്യുമെന്ററി സിനിമയല്ല എന്ന് മാത്രമേ പറയാനുള്ളൂ.

മാത്രമല്ല ‘മലിക്’ ബീമാപ്പള്ളി വെടിവെപ്പുമായി മാത്രം ബന്ധപെടുത്തി വായിക്കാവുന്ന സിനിമയായല്ല, തൊണ്ണൂറുകള്‍ മുതല്‍ അതായത് ബാബരി മസ്ജിദിന് ശേഷം കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ വന്നിട്ടുള്ള രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയേയും മാറ്റങ്ങളേയും ഉണര്‍വുകളേയും മുന്‍നിര്‍ത്തി ചരിത്രപരമായ സഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഫിക്ഷനായി വേണം കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

അങ്ങിനെയുള്ള വായനയില്‍ സിനിമ പൂര്‍ണമായി വിജയിച്ചോ ഇല്ലയോ എന്നതൊക്കെ തീര്‍ച്ചയായും മറ്റൊരു ചര്‍ച്ചയാണ്. പൂന്തുറ, വലിയതുറ കലാപം, ബീമാപ്പള്ളി പൊലീസ് വെടിവെപ്പ് എന്നിവ മാത്രമല്ല സമാന സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള മാറാട് കടപ്പുറത്തെ ഒന്നും രണ്ടും കലാപങ്ങളും കഥയുടെ പശ്ചാത്തലമാവുന്നതായാണ് മാലിക് കണ്ടപ്പോള്‍ തോന്നിയത്.

സിനിമയില്‍ കളക്ടര്‍, മന്ത്രി, ഡോക്ടര്‍ എന്നിങ്ങനെ നെഗറ്റീവ് റോളുകളുള്ള മുസ്‌ലിം കഥാപാത്രങ്ങള്‍, ഇപ്പേഴും മലയാള സിനിമ അനുഭവിക്കുന്ന ഹിന്ദുത്വ സെക്കുലര്‍ ദാര്‍ശനിക ദാരിദ്ര്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത് എന്നിരുന്നാലും മാറാട് കലാപ സമയത്ത് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന ‘സൂരജ്’ എന്ന സെക്കുലര്‍ നാമധാരിയായ സിറാജ്, പൂന്തുറ കടപ്പുറത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ തോക്കേന്തിയ കമാന്‍ഡോകളെ അയച്ചതിനെ ന്യായീകരിക്കുന്ന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടറായിരുന്ന ഡോക്ടര്‍ അഷീല്‍, ഭീകരവാദ മുദ്ര കുത്തി മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന ഹിന്ദുത്വ സ്റ്റേറ്റ് പദ്ധതികള്‍ക്ക് കയ്യും മെയ്യും മറന്ന് സഹായിക്കാനിറങ്ങുന്ന മുസ്ലിം സമുദായിക രാഷ്ട്രീയ പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കള്‍ എന്നിവരെയും വല്ലപ്പോഴുമൊക്കെ സ്മരിക്കുന്നതില്‍ വലിയ തെറ്റില്ല എന്നാണ് തോന്നുന്നത്.

തികച്ചും അന്യായമായ പൊലീസ് വെടിവെപ്പിനോട് സ്വന്തം നിലക്ക് തിരിച്ചടിച്ചുകൊണ്ട് മുസ്‌ലിങ്ങള്‍ പ്രതികരിക്കുന്ന സിനിമാറ്റിക്ക് ഭാവന സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നന്നായി ബോധിച്ചു. ഇത്തരം രംഗങ്ങള്‍ ഇസ്‌ലാമോഫോബിക്ക് ആണെന്ന വാദമൊക്കെ വെറും കോമഡിയാണ്. കേരളത്തിലെ മുസ്‌ലിങ്ങള്‍ വിശേഷിച്ച് യാതൊരു രാഷ്ട്രീയ സാമൂഹിക സാമ്പത്തിക താല്‍പ്പര്യങ്ങളുമില്ലാത്ത സഹതാപാര്‍ഹരായ വെറും പൊങ്ങുതടികളാണ് എന്ന നിഷ്‌കളങ്ക ആഖ്യാനത്തോട് എനിക്ക് ഒരുവിധ യോജിപ്പുമില്ല. മാത്രമല്ല അത് വസ്തുതാ വിരുദ്ധവുമാണ്.

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഭരണഘടന മാത്രം ഉയര്‍ത്തിപിടിച്ച് സമാധാന റാലികള്‍ സംഘടിപ്പിക്കുന്ന അഹിംസാവാദികളായിരിക്കണം എന്ന കാവ്യ ഭാവന മലയാള സിനിമ പോലെ തന്നെ മറ്റൊരു സ്റ്റേറ്റിസ്റ്റ് പ്രൊപ്പഗണ്ടയാണ്. സിനിമ ആത്യന്തികമായി വില്ലനായി കാണിച്ചിരിക്കുന്നത് സ്റ്റേറ്റിനേയും പൊലീസിനേയും തന്നെയാണ് എന്ന് പറയാനാണ് ‘മാലിക്’ ചരിത്രത്തോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം.

കേരളീയ പൊതുസമൂഹവും പ്രബുദ്ധ സാംസ്‌കാരിക ലോകവും എന്തിന് മുസ്‌ലിം സമുദായം വരെ മറവിയിലേക്ക് തള്ളിയ ഒരു അനീതിയെ ഒരു സിനിമ ഇതാ ഓര്‍മയിലേക്ക് കൊണ്ടു വന്നിരിക്കുന്നു എന്ന് പറയാനാണിഷ്ടം. നിങ്ങളുടെ കവിതയിലും കഥയിലും എന്തിന് വര്‍ത്തമാന പത്രത്തിന്റെ സുപ്രധാന തലക്കെട്ടില്‍ പോലും ഇടം കിട്ടാതെ പോയ എട്ടു നിരപരാധികളുടെ രക്തം ഇതാ വെളിച്ചത്ത് വന്നിരിക്കുന്നു.

ഇതിലെ ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുകയാണ്. പൊലീസിന്റെ കയ്യിലെ തിരകള്‍ തീര്‍ന്നുപോയതുകൊണ്ട് മാത്രമണെത്രെ അന്ന് അവിടെ മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള വെടിവെപ്പ് അവസാനിപ്പിച്ചത്. ‘മാലിക്’ ഒരു കാണാവുന്ന സിനിമയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Why Malik movie is not islamophobic – Firoz Hassan Writes

ഫിറോസ് ഹസ്സന്‍

We use cookies to give you the best possible experience. Learn more