കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയോടെ റിലീസായ മമ്മൂട്ടി ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. മമ്മൂട്ടി അധോലോക നായകനായി എത്തിയ ചിത്രം പക്ഷേ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം തുറന്നു പറയുകയാണ് ആഷിഖ് അബു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് ഗ്യാങ്സ്റ്ററിന്റെ പരാജയ കാരണം തുറന്നുപറഞ്ഞത്.
ഒരു മമ്മൂട്ടി ചിത്രമെന്ന നിലയില്‍ ചിത്രത്തിനുമേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നെന്നും ചിത്രത്തിന്റെ സ്റ്റില്ലുകളും ട്രെയ്‌ലറുകളും ഇത്തരം പ്രതീക്ഷകളെ വലിയ രീതിയില്‍ ഉയര്‍ത്തിയിരുന്നെന്നും ആഷിഖ് അബു പറഞ്ഞു.
ചിത്രത്തിലെ ഓപണിംഗ് ടൈറ്റിലുകള്‍ക്കൊപ്പമുള്ള അനിമേഷന്‍ സീക്വന്‍സുകളൊക്കെ മലയാളത്തില്‍ പുതുമയായിരുന്നു. പക്ഷേ ആളുകളുടെ ശ്രദ്ധയെ പിടിക്കുന്ന ഒരു തിരക്കഥ ചിത്രത്തിന് ഇല്ലാതെപോയതാണ് ചിത്രത്തിന്റെ പരാജയകാരണമെന്നും ആഷിഖ് അബു പറഞ്ഞു.
ഏത് സിനിമയെ സംബന്ധിച്ചും പ്രധാനപ്പെട്ടത് തിരക്കഥയാണെന്നും ആഷിക് അബു പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ എന്നീ ചിത്രങ്ങളൊക്കെ ചെയ്തതിനു ശേഷമാണ് ഗ്യാങ്സ്റ്റര്‍ വരുന്നത്. സ്വാഭാവികമായും ഈ ചിത്രത്തോട് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും കൂടിയിരിക്കുമെന്നും ആഷിഖ് പറഞ്ഞു.