| Tuesday, 10th November 2020, 2:20 pm

ഈ തെരഞ്ഞെടുപ്പില്‍ താരം ഇടതുസഖ്യമാണ്; ബീഹാറില്‍ ഇടത് ഐക്യം രാഷ്ട്രീയ പ്രാധാന്യം നേടുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറുകള്‍ മുതലേ ഇടതുപക്ഷത്തിന് നല്ല മുന്നേറ്റമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം 19 സീറ്റുകളിലാണ് ഇപ്പോള്‍ മുന്നേറുന്നത്.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളിലേക്കാണ് ഇടതുപക്ഷം മത്സരിച്ചത്. സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) 19 സീറ്റുകളിലും സി.പി.ഐ.എം നാല് സീറ്റുകളിലും സി.പി.ഐ ആറ് സീറ്റുകളിലുമാണ് മത്സരിച്ചത്.

നിലവിലെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ സി.പി.ഐ.എം.എല്‍ ലിബറേഷന്‍ 13 സീറ്റുകളിലും സി.പി.ഐ.എമ്മും സി.പി.ഐയും മൂന്ന് സീറ്റുകളിലും വീതമാണ് മുന്നേറുന്നത്.

വെറും 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷത്തിന്റെ 19 സീറ്റുകളിലേക്കുള്ള മുന്നേറ്റം ശക്തമാണെന്ന് വിലയിരുത്തപ്പെടുന്നത് 2015ലെ തെരഞ്ഞെടുപ്പ് ഫലം കൂടി കണക്കാക്കുമ്പോഴാണ്.

2015ല്‍ സി.പി.ഐ 91 സീറ്റുകളിലും സി.പി.ഐ.എം-എല്‍ 98 സീറ്റുകളിലും സി.പി.ഐ.എം 38 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇതില്‍ 91 സീറ്റുകളില്‍ സി.പി.ഐക്ക് ഒരു സീറ്റും കിട്ടിയില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.

സി.പി.ഐ.എം.എല്‍ ലിബറേഷന്‍ മത്സരിച്ച 38 സീറ്റുകളില്‍ മൂന്ന് സീറ്റുകളിലാണ് അവര്‍ക്ക് വിജയിക്കാനായത്. സി.പി.ഐ.എമ്മിനാവട്ടെ ഒരു സീറ്റും ലഭിച്ചില്ല.

ഇവര്‍ക്കൊപ്പം തന്നെ മത്സരിച്ച മറ്റു ഇടതു പാര്‍ട്ടികളായിരുന്ന സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്), ആള്‍ ഇന്ത്യ ഫോര്‍വാര്‍ഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍ക്കും സീറ്റുകളൊന്നും നേടാനായില്ല.

1980കളുടെ അവസാനം മുതല്‍ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐ.എം.എല്‍ ബീഹാര്‍ രാഷ്ട്രീയത്തിലുണ്ട്. ദളിതുകള്‍ക്കിടയില്‍ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സി.പി.ഐ.എം.എല്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

നക്സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറില്‍ ആര്‍.ജെ.ഡി സി.പി.ഐ.എം.എല്ലിനെ സഖ്യത്തിലുള്‍പ്പെടുത്തിയതെന്നും ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു.

ഇത്തവണ മഹാഗദ്ബന്ധന്‍ എന്ന മഹാസഖ്യത്തിനൊപ്പം ഏറെ പ്രതീക്ഷയോടെയാണ് ഇടത് സഖ്യം മത്സരിക്കുന്നത്. അതില്‍ ഇടതുപക്ഷം കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലഭിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why left parties’ lead in 2020 Bihar polls is important?

We use cookies to give you the best possible experience. Learn more