ഒരു അനുഭവം പറഞ്ഞുകൊണ്ട് തുടങ്ങാം.
ഞാന്‍ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ എം.ഫില്‍. ചെയ്തത് പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ കീഴിലാണ്. ആ സമയത്ത് അദ്ദേഹം കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ്. 2009-ലാണ് സംഭവം. എം.ഫില്‍. പ്രബന്ധം ഞാന്‍ എഴുതിയതിനു ശേഷം വേണ്ട തിരുത്തലുകള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പക്ഷേ തിരുത്തലുകള്‍ വരുത്തിയ അവസാന ഡ്രാഫ്റ്റ് വായിച്ചുനോക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കാരണം ആസിയാന്‍ കരാറിനെപ്പറ്റിയുള്ള കേരളത്തിന്റെ ആശങ്കകളും എതിര്‍പ്പും അറിയിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടൊപ്പം അദ്ദേഹത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണാന്‍ പോകേണ്ടതായി വന്നു. (ഫൈനല്‍ ഡ്രാഫ്റ്റ് അദ്ദേഹത്തിന് വായിക്കാന്‍ പറ്റാഞ്ഞതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായില്ല കേട്ടോ.)
നേരത്തെയും കേരളസര്‍ക്കാര്‍ ആസിയാന്‍ കരാറിനെപ്പറ്റിയുള്ള എതിര്‍പ്പ് ഉന്നയിച്ചിരുന്നതാണ്. എന്തായാലും മുഖ്യമന്ത്രിയും സംഘവും മന്മോഹന്‍ സിംഗിനെ കണ്ടു, കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷേ ആസിയാന്‍ കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കോണ്‍ഗ്രസ് നയിച്ച രണ്ടാം യു.പി.എ. സര്‍ക്കാരിനെ പിന്തിരിപ്പിക്കാനായില്ല. ആഴ്ചകള്‍ക്കകം, 2009 ഓഗസ്റ്റ് 13-ന് ബാങ്കോക്കില്‍ വച്ച് കരാര്‍ ഒപ്പിട്ടു.
1. എന്താണ് ആസിയാന്‍ കരാര്‍?
എന്താണ് ആസിയാന്‍ കരാര്‍ എന്ന് വണ്ടറടിക്കുന്നവര്‍ക്കും ഓര്‍മ്മയില്ലാത്തവര്‍ക്കുമായി ഒരു ചെറിയ ആമുഖം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയാണ് Association of South East Asian Nations (ASEAN) അഥവാ ആസിയാന്‍. മലേഷ്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, ബ്രൂണെയ്, ഫിലിപ്പീന്‍സ്, ലാവോസ്, കംബോഡിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ആസിയാനിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കു മേലുള്ള തീരുവ (import tariffs) കുറച്ചുകൊണ്ടുവന്ന് വ്യാപാരം കഴിയുന്നതും ”സ്വതന്ത്രം” ആക്കുക എന്നതാണ് കരാര്‍ കൊണ്ടുദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് ആസിയാന്‍ രാജ്യങ്ങളും ചുമത്തുന്ന തീരുവ കുറയ്ക്കണം. ഇതുകൊണ്ട് ഇന്ത്യയ്ക്ക് ഗുണമുണ്ടാകും എന്നായിരുന്നു കരാറിനെ പിന്തുണച്ച കോണ്‍ഗ്രസുകാരും മറ്റും ഉന്നയിച്ച വാദം. എന്നാല്‍ മിക്കവാറും ആസിയാന്‍ രാജ്യങ്ങളുടെയും കാര്യത്തില്‍ ഇറക്കുമതിത്തീരുവ കരാര്‍ ഒപ്പിടുന്നതിനു മുമ്പു തന്നെ ഇന്ത്യയെക്കാള്‍ വളരെക്കുറവായിരുന്നു. സ്വാഭാവികമായും കരാര്‍ ഇന്ത്യയ്ക്ക് കൂടൂതല്‍ പാരയായി.
2. ഏറ്റവുമധികം ബാധിച്ചത് കര്‍ഷകരെ
1994 ഏപ്രില്‍ 15-ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട ഗാട്ട് കരാറും 2009-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറും ഉള്‍പ്പെടെയുള്ള സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഏറ്റവുമധികം ബാധിച്ച വിഭാഗമാണ് കേരളത്തിലെയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കര്‍ഷകര്‍. കേരളത്തിലെ പ്രധാന നാണ്യവിളകളായ റബ്ബര്‍, കാപ്പി, തേയില, കുരുമുളക്, നാളികേരം എന്നിവയുടെയെല്ലാം വില 1990-കളുടെ രണ്ടാം പകുതിയില്‍ അതായത് ഗാട്ട് കരാര്‍ ഒപ്പുവച്ചതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ഇടിഞ്ഞു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകി. പിന്നീടുള്ള വര്‍ഷങ്ങളിലും മുന്‍പില്ലാതിരുന്ന വിധത്തില്‍ വിലയിലുള്ള ചാഞ്ചാട്ടം തുടര്‍ന്നു.
പെട്രോളിയം എണ്ണയുടെ വിലയും അതുമൂലം കൃത്രിമ റബ്ബറിന്റെ വിലയും ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരളം ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ വില 2001-02 മുതല്‍ വര്‍ദ്ധിച്ചെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ വീണ്ടും ഇടിഞ്ഞു. 2011-12-ല്‍ 208 രൂപ ആയിരുന്ന റബ്ബര്‍ വില ഇപ്പോള്‍ 128 രൂപയില്‍ എത്തിനില്‍ക്കുന്നു. വെട്ടു കൂലി പോലും കൊടുക്കാന്‍ തികയാത്ത സ്ഥിതി. 2016-ല്‍ കണക്കെടുത്തപ്പോള്‍ കണ്ടത് ഓരോ കര്‍ഷകനും പ്രതിവര്‍ഷം ശരാശരി 76,000 രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണ്.
ഗാട്ടും ആസിയാനും പോലെയുള്ള കരാറുകളുടെ പ്രധാന പ്രശ്നം എന്തെന്നു വച്ചാല്‍, അന്താരാഷ്ട്ര വിപണിയില്‍ വിളകളുടെ വിലയിടിയുമ്പോള്‍ ആ വിലയിടിവ് ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കാനുള്ള ഇന്ത്യയുടെ അധികാരത്തെ അവ സാരമായി ബാധിക്കുന്നു എന്നതാണ്. ഇത്തരം കരാറുകള്‍ക്കു മുമ്പ്, ഇറക്കുമതിയുടെ അളവിനെ നിയന്ത്രിച്ചും ഇറക്കുമതി തീരുവ കൂട്ടിയും വിലപിടിച്ചുനിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. ഇപ്പോള്‍ അത്തരം പോംവഴികള്‍ വളരെ പരിമിതമാണ്.
3. ”ഞാന്‍ കര്‍ഷകനല്ലല്ലോ, ഞാനെന്തിന് ഇതിനെപ്പറ്റി ചിന്തിക്കണം?”
ചിലര്‍ വിചാരിക്കും, റബ്ബര്‍ മേഖലയുമായും മറ്റും നേരിട്ട് ബന്ധമില്ലാത്തവര്‍ ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കേണ്ട കാര്യമുണ്ടോ എന്ന്.
ഉണ്ട് എന്നാണുത്തരം. സംസ്ഥാനത്തെ 12 ലക്ഷം റബ്ബര്‍ കര്‍ഷരെയും റബ്ബര്‍ തോട്ടങ്ങളില്‍ പ്രതിദിനം ജോലി ചെയ്യുന്ന 4,45,000 തൊഴിലാളികളെയും മാത്രമല്ല ഈ പ്രതിസന്ധി ബാധിക്കുക.
റബ്ബറിന്റെ വിലയും ഉത്പാദനവും ഉയര്‍ന്നു നിന്നിരുന്ന വര്‍ഷങ്ങളില്‍, കേരളത്തിന്റെ കാര്‍ഷികവരുമാനത്തില്‍ പകുതിയോളം റബ്ബറില്‍ നിന്നായിരുന്നു. കേരളത്തിന്റെ തോട്ടവിള മേഖലയിലെ വരുമാനം ഉയര്‍ന്നു നിന്നിരുന്ന അക്കാലത്ത് , കേരളസമ്പദ്വ്യവസ്ഥയില്‍ വലിയ ഉണര്‍വ് ദൃശ്യമായി. ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വാഹനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഒക്കെ വില്പനയില്‍ കേരളത്തിലെ റബ്ബര്‍-ഏലം പ്രദേശങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ കാര്‍ഷികവരുമാനം ഇടിഞ്ഞ കാലങ്ങളില്‍ അത് വ്യവസായ-സേവന മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് കര്‍ഷകരുടെ വരുമാനം ഇടിയുന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും ബാധിക്കുന്ന വിഷയം തന്നെയാണ്.
4. ആസിയാന്‍ കരാര്‍ കൊണ്ട് രാജ്യത്തിന് ഗുണമുണ്ടായോ?
ആസിയാന്‍ കരാര്‍ കൊണ്ട് കേരളത്തിന് നഷ്ടമുണ്ടെങ്കിലും ഇന്ത്യയ്ക്ക് മൊത്തമായി ഗുണമുണ്ടാകുമെന്ന് ചിലര്‍ കരുതി. എന്നാല്‍ സംഭവിച്ചതോ? നേരത്തെ പറഞ്ഞതുപോലെ, ഇറക്കുമതി തീരുവ ആസിയാന്‍ രാജ്യങ്ങളില്‍ നേരത്തെ തന്നെ കുറവായിരുന്നു. ഇന്ത്യയ്ക്കാണ് തീരുവ കൂടുതലായി കുറയ്ക്കേണ്ടിവന്നത്. ഫലമോ? ഇന്ത്യയ്ക്ക് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി 2009-10-ല്‍ 770 കോടി ഡോളര്‍ ആയിരുന്നത് 2017-18-ല്‍ 1300 കോടി ഡോളര്‍ (90,000 കോടി രൂപ) ആയി വര്‍ദ്ധിച്ചു. അതായത് ഇന്ത്യ ഈ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനെക്കള്‍ 90,000 കോടി രൂപയ്ക്കുള്ള സാധനങ്ങള്‍ അധികം ഇറക്കുമതി ചെയ്യുകയാണ്.
വ്യാപാരക്കമ്മി വര്‍ദ്ധിക്കുന്നതിനനുസരിച്ച് രൂപയുടെ വില ഇടിയാനുള്ള സാധ്യതയും കൂടുന്നു. രൂപയുടെ വിലയിടിയുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിക്കുന്നു, ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നു.
അതായത്, വരുമാനത്തില്‍ ഇടിവും ചെലവില്‍ വര്‍ദ്ധനവും. അതാണ് ആസിയാനും ഗാട്ടുമൊക്കെ നമുക്ക് സമ്മാനിച്ചിരിക്കുന്നത്.
5. ഇതൊക്കെ പഴയ കഥകളല്ലേ! ഇനിയും ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കണോ?
ഗാട്ട്-ആസിയാന്‍ കരാറുകളുടെ തിക്തഫലം ഇന്നും കേരളീയര്‍ അനുഭവിക്കുകയാണ്. മാത്രമല്ല, 2019 എന്ന വര്‍ഷത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആസിയാന്‍ കരാര്‍ പ്രകാരം ഇന്ത്യ ഇറക്കുമതിത്തീരുവകള്‍ കുറച്ചുകൊണ്ടുവന്ന് ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കേണ്ട വര്‍ഷമാണ് 2019.
6. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ എങ്കിലോ?
ഇനി ഒന്നാലോചിക്കുക. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാരുകളാണ് 1994-ലും 2009-ലും കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് എങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ? ഇനിയും ഇങ്ങനത്തെ കരാറുകള്‍ വരുമ്പോള്‍ അവയെ അനുകൂലിക്കുന്നവരെ ജയിപ്പിക്കണോ, അതോ ശക്തമായി എതിര്‍ക്കുന്നവരെ ജയിപ്പിക്കണോ?
ഓര്‍ക്കുക, ആസിയന്‍ കരാര്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ ശക്തമായി പിന്തുണയ്ക്കുകയാണുണ്ടായത്. കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസും മുസ്‌ലീം ലീഗും ആദ്യം ആശങ്ക പ്രകടിപ്പിച്ചു എങ്കിലും വൈകാതെ എതിര്‍പ്പു പിന്‍വലിച്ച് കോണ്‍ഗ്രസ് വരച്ച വരയില്‍ നിന്നു.
ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ യു.ഡി.എഫ്. പുച്ഛിച്ചു. എന്തു നല്ലകാര്യത്തെയും എതിര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ പണിയാണെന്നായിരുന്നു പരിഹാസം. ഒടുവില്‍ രാജ്യത്തിനും സംസ്ഥാനത്തിനും വന്‍ നഷ്ടം ഉണ്ടാകുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. ഇപ്പോഴും ചെയ്തത് തെറ്റാണ് എന്നവര്‍ സമ്മതിക്കുകയുമില്ല.
7. ഇതുകൊണ്ടൊക്കെ തീര്‍ന്നു എന്നു വിചാരിക്കേണ്ട. ഇനിയും വരുന്നുണ്ട് ഇതുപോലത്തെ മാരണങ്ങള്‍.
ഗാട്ടും ആസിയാനും കൊണ്ട് മതിയാകാഞ്ഞിട്ട് കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ അടുത്ത കരാറും കൊണ്ടിറങ്ങിയിട്ടുണ്ട് Regional Comprehensive Economic Partnership (RCEP – ആര്‍-സെപ് എന്നു വായിക്കും). ആസിയാന്‍ രാജ്യങ്ങളും, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയുമാണ് ഈ കരാറില്‍ ഒപ്പുവയ്ക്കാനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.
2012-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടര്‍ന്നു.
നിലവില്‍ ഗാട്ട്-ആസിയാന്‍ കരാറുകള്‍ മൂലം വലഞ്ഞിരിക്കുന്ന കര്‍ഷകരെക്കൂടാതെ, ക്ഷീരകര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും നാനാവിധ വ്യവസായങ്ങളെയും ബാധിക്കാന്‍ പോകുന്ന വിധത്തിലാണ് ഈ കരാറിന്റെ പോക്ക്. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പാലും മറ്റും കയറ്റി അയയ്ക്കാനുള്ള വിപണിയായിട്ടാണ് ഇന്ത്യയെ കാണുന്നത്. ചൈനയില്‍ നിന്നും മറ്റും വ്യവസായ ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രളയം ഉണ്ടായാല്‍ ഇവിടുത്തെ വ്യവസായങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നു പറയേണ്ടതില്ലല്ലോ.
8. ബദലുകള്‍
അതിനിടെ ഇടതുപക്ഷം സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കകത്തും ബദലുകള്‍ പടുത്തുയര്‍ത്തുകയാണ്. സഹകരണസംഘങ്ങള്‍ വഴിയും കോഫി പാര്‍ക്ക് തുടങ്ങിയും വയനാടന്‍ കാപ്പിക്ക് ഭൌമസൂചികാ പദവി (Geographical Indicator) നേടിയെടുത്തും, മൊത്തം മൂല്യത്തിന്റെ കൂടുതല്‍ ശതമാനം കര്‍ഷകര്‍ക്ക് കിട്ടാന്‍ ഉതകുന്ന നടപടികളാണ് ഇടതുസര്‍ക്കാരും പ്രസ്ഥാനങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. റബ്ബര്‍ മേഖലയിലും ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നു. സിയാല്‍ മാതൃകയില്‍ കമ്പനി 2019-20-ല്‍ രൂപീകരിക്കുമെന്ന് ഇക്കഴിഞ്ഞ കേരള ബജറ്റില്‍ പ്രഖ്യാപിച്ചു. കെ.എസ്.ഐ.ഡി.സി. (Kerala State Industrial Development Corporation) ഇതിനായുള്ള വിശദമായ രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഭൂമി വാങ്ങലും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം തുടങ്ങും. 26 ശതമാനം ഓഹരി സര്‍ക്കാരിനും ബാക്കി സ്വകാര്യ സംരംഭകര്‍ക്കും. കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ട ചുമതല കിന്‍ഫ്രയെ ഏല്‍പ്പിച്ചു. ചെറുകിടയും വന്‍കിടയുമായിട്ടുള്ള വ്യവസായങ്ങള്‍ക്ക് സൌകര്യമൊരുക്കുകയാണ് ഇവിടെ ചെയ്യാനുദ്ദേശിക്കുന്നത്.
എന്നാല്‍ ഇറക്കുമതി പ്രളയത്തെ നേരിടാന്‍ ഇതൊന്നും മതിയായെന്നുവരില്ല. ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര കരാറുകളിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കാനും ഇനിയും ഇത്തരം കരാറുകളില്‍ ഒപ്പിടാതിരിക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഇടതുപക്ഷ എം.പി.മാര്‍ പാര്‍ലമെന്റില്‍ എത്തേണ്ടതുണ്ട്.
അപ്പോള്‍ ഏപ്രില്‍ 23-ന് വോട്ടു ചെയ്യും മുമ്പ് നല്ലതുപോലെ ആലോചിക്കാം.
ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും, ഇന്ത്യയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും മറ്റ് എല്ലാ വിഭാഗം സാധാരണക്കാരുടെയും താത്പര്യങ്ങളും തീറെഴുതി അടിയവറവു വയ്ക്കാന്‍ അനുവദിക്കണോ? അതോ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നവര്‍ക്ക് സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരാനായി വോട്ടു ചെയ്യണോ?
(Tricontinental Institute for Social Research-ന്റെ ന്യൂ ദല്‍ഹി ഓഫിസില്‍ ഗവേഷകനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം.)