ഹത്രാസ് അപകടത്തിന്റെ കുറ്റം സ്ത്രീകൾക്ക്; 'പാദസേവ ചെയ്ത് വീട്ടിലിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നു'
NATIONALNEWS
ഹത്രാസ് അപകടത്തിന്റെ കുറ്റം സ്ത്രീകൾക്ക്; 'പാദസേവ ചെയ്ത് വീട്ടിലിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2024, 12:21 pm

ലഖ്‌നൗ: 121 പേർ മരണപ്പെട്ട ഹത്രാസ് അപകടത്തിന്റെ കുറ്റം സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച് ഹത്രാസിലെ പുരുഷന്മാർ. ആൾദൈവം ഭോലേ ബാബയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 121 പേരിൽ 112 പേരും സ്ത്രീകളായിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകൾക്കെതിരെ വിമർശനവുമായി ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്.

ഹത്രാസ് അപകടത്തിന് പിന്നിലെ കാരണം ഗ്രാമത്തിലെ സ്ത്രീകൾ പരിപാടിക്ക് പോയതിനാലാണെന്ന വാദം പരക്കെ ഉയരുന്നുവെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. ഭോലേ ബാബയുടെ അനുയായികളും സ്ത്രീകളെ കുറ്റപ്പെടുത്തി മുന്നോട്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഹത്രാസ് പൊലീസ് സ്റ്റേഷൻ പരിസരത്തിയ പുരുഷന്മാരെല്ലാം പറയുന്നത് ഇത്രയധികം സ്ത്രീകൾ പരിപാടിക്ക് പോയതിനാലാണ് അപകടം ഉണ്ടായതെന്നാണ്. ഹത്രാസിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവരെല്ലാവരും. എന്നാൽ എല്ലാവരും കുറ്റപ്പെടുത്തിയത് സ്ത്രീകളെയായിരുന്നു.

സ്ത്രീകൾ മാത്രമാണോ പരിപാടിയിൽ പങ്കെടുത്തത് എന്ന ചോദ്യത്തിന് പുരുഷന്മാർ ജോലിക്ക് പോകുമെന്നും സ്ത്രീകൾ വീട്ടിൽ ഉണ്ടാകുന്നതിനാൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ധാരാളം സമയം കിട്ടുമെന്നും അവർ പറഞ്ഞു.

പുരുഷന്മാരല്ല മറിച്ച് സ്ത്രീകളാണ് ഭോലേ ബാബയുടെ വിശ്വാസികളെന്നും ചിലർ പറഞ്ഞു.

 

‘സ്ത്രീകൾ ഇപ്പോഴും വിശ്വാസത്തിൽ മുഴുകിയിരിക്കുന്നു. അവർ വൈകാരികമായി ദുർബലരും എളുപ്പത്തിൽ സ്വാധീനിക്കാൻ സാധിക്കുന്നവരുമാണ്. അങ്ങനെ അവർ ബാബയുടെ വഞ്ചനയിൽ വീണു,’ സംഘത്തിലെ ഒരാൾ പറഞ്ഞു.

പൊലീസ് സ്റ്റേഷൻ പരിസരത്ത് മാത്രമല്ല സംസ്ഥാനത്ത പലയിടത്തും സ്ത്രീകൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ധാരാളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് എല്ലാവരുടെയും വാദം.

 

‘സ്ത്രീകൾ എന്തിനാണ് വീട് വിട്ട് പുറത്ത് പോകുന്നത് ? പാദപൂജ ചെയ്ത് വീട്ടിൽ ഇരിക്കുകയാണ് വേണ്ടത്. അവർക്ക് ജോലികൾ ഒന്നും ഇല്ലെങ്കിൽ മുതിർന്നവരുടെ പാദസേവ ചെയ്ത വീട്ടിലിരിക്കണം പക്ഷെ അവർ അത് പോലും ചെയ്യുന്നില്ല,’ ഹത്രാസ് അപകടത്തിൽ ചികിത്സയിലുള്ള ഒരാൾ പറഞ്ഞു.

എന്നാൽ ഹത്രാസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പറയാനുള്ളത് അന്ധവിശ്വാസം ആളുകളുടെ ജീവനെടുത്തു എന്നാണ്.

‘എന്നെ അവർ പരിപാടിക്ക് വിളിച്ചിരുന്നു ഞാൻ പോയില്ല. അന്ന് എന്റെ മകളും അമ്മായിയമ്മയും ഭർതൃസഹോദരിയും മരിച്ചു. അന്ധവിശ്വാസം അവരുടെ ജീവൻ എടുത്തു,’ അപകടത്തിൽ തന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്‌ടപ്പെട്ട വർഷ പറഞ്ഞു.

സംഭവത്തിന് ശേഷം ഭോലെ ബാബയോടുള്ള സ്ത്രീകളുടെ സമീപനം മാറിയിട്ടുണ്ടെന്നും ബാബക്കെതിരെ അമർഷം വർധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷ ആംന ബീഗം പറഞ്ഞു.

അതോടൊപ്പം സംഭവത്തിന്റെ കാരണക്കാർ സ്ത്രീകളാണെന്ന വാദം അവർ തള്ളിക്കളഞ്ഞു. ‘ബാബയുടെ ഭക്തർ സ്ത്രീകൾ മാത്രമാണെന്ന വാദം ശരിയല്ല. അയാളുടെ അനുയായികളിൽ ധാരാളം പുരുഷന്മാരുണ്ട്. ബാബെയുടെ സത്സംഗത്തിൽ ധാരാളം പുരുഷന്മാരും പങ്കെടുത്തിട്ടുണ്ട്. അപ്പോൾ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്,’ അവർ പറഞ്ഞു.

 

Content Highlight: Why leave the house? Sit at home and do path puja’ — misogyny rears its head after Hathras tragedy