ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കൂടുതല്‍പ്പേര്‍ രംഗത്ത്. ബില്ലില്‍ നിന്ന് മുസ്‌ലിങ്ങളും ശ്രീലങ്കന്‍ തമിഴരും ഒഴിവാക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍ പറഞ്ഞു.
‘കൃത്യമായി നടപ്പാക്കപ്പെട്ട കൂട്ടക്കൊലയ്ക്ക് ഇരയായ തമിഴരെയും വിവേചനം നേരിടുന്ന മുസ്‌ലിങ്ങളെയും ബില്ലില്‍ നിന്ന് എന്തിനാണ് ഒഴിവാക്കിയത്?
വോട്ട് നേടാനുള്ള ഒരു പ്രവൃത്തിയല്ല, മറിച്ച് നല്ല കാര്യം ഉദ്ദേശിച്ചിട്ടുള്ളതാണ് ബില്ലെങ്കില്‍ എന്തുകൊണ്ടാണ് ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുന്ന തമിഴരെയും പ്രശ്‌നത്തിലായ മുസ്‌ലിങ്ങളെയും ഉള്‍പ്പെടുത്താത്തത്?’- അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.
പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കു കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കൊപ്പം ഐക്യപ്പെടുന്നുവെന്നും താന്‍ അവരുടെ സേവനത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി 600 ഓളം കലാകാരന്മാരും എഴുത്തുകാരും മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ബില്ല് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ ഭേദഗതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും ഭരണഘടനയുടെ ഫെഡറലിസത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അവര്‍ തുറന്ന് കത്തില്‍ പറയുന്നു.
എഴുത്തുകാരായ നയന്‍താര സാഹല്‍, അശോക് വാജ്‌പേയ്, അരുന്ധതി റോയ്, പോള്‍ സക്കറിയ, അമിതവ് ഘോഷ്, ശശിദേശ് പാണ്ഡെ തുടങ്ങിയവരും കലാകാരന്മാരായ ടി.എം കൃഷ്ണ, അതുല്‍ ദോഡിയ, വിവന്‍ സുന്ദരം, സൂധീര്‍ പട്വര്‍ധന്‍, ഗുലാം മുഹമ്മദ് ഷെയ്ക്, നീലിമ ഷെയ്ക്ക് തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണസെന്‍, നന്ദിതാ ദാസ്, ആനന്ദ് പട്വരധന്‍, തുടങ്ങിടയവരും കൂടാതെ റൊമിലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, ദീത കപൂര്‍, അകീല്‍ ബില്‍ഗ്രാമീ, സോയ ഹസ്സന്‍, ടീസ്റ്റ് സെറ്റല്‍വാഡ്, ഹര്‍ഷ് മന്ദര്‍, അരുണ റോയ്, ബെസ്വാഡ വില്‍സണ്‍ തുടങ്ങിയവരും ജസ്റ്റിസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, ജി .എന്‍. ദേവി, നന്ദിനി സുന്ദര്‍, വജാത്ത് ഹബീബുള്ള തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചു.