അതിക്രൂരമായിരുന്നിട്ടും കിം കി ഡുക് സിനിമകള്‍ക്ക് എങ്ങനെ കാണികളുണ്ടായി| ജി പി രാമചന്ദ്രന്‍
DISCOURSE
അതിക്രൂരമായിരുന്നിട്ടും കിം കി ഡുക് സിനിമകള്‍ക്ക് എങ്ങനെ കാണികളുണ്ടായി| ജി പി രാമചന്ദ്രന്‍
ജി പി രാമചന്ദ്രന്‍
Friday, 11th December 2020, 6:39 pm

കൊറിയന്‍ ചലച്ചിത്രകാരനായ കിം കി ഡുക്കിന്റെ ദ ഐലി (2000/വര്‍ണം/89 മിനുറ്റ്)ലെ നായികയായി അഭിനയിച്ച സു ജങ് പറയുന്നത് കൊറിയന്‍ ജനതയും സമൂഹവും ആന്തരീകരിച്ചിട്ടുള്ള രോഷവും ആധികളും ആണ് ഡുക്കിന്റെ സിനിമകളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നതെന്നാണ്. കാണിയുടെ ആന്തരാവയവങ്ങളെ പുഴക്കിയെറിയുന്ന തരമല്ലാത്ത രീതിയില്‍ സിനിമകളെടുക്കാന്‍ അദ്ദേഹത്തിന് ഭാവിയിലെങ്കിലും സാധ്യമാകട്ടെ എന്നും തുടര്‍ന്നവര്‍ ആശംസിക്കുന്നു.

പാശ്ചാത്യ പ്രേക്ഷകര്‍ സാധാരണ കാണാറുള്ള തരത്തിലുള്ള സിനിമകളല്ല, തികച്ചും വ്യത്യസ്തമായ സാംസ്‌ക്കാരിക-ചരിത്ര-ഭൗമിക പശ്ചാത്തലമുള്ള കൊറിയയില്‍ നിന്ന് കിം കി ഡുക്കിനെപ്പോലുള്ളവര്‍ പുറത്തുകൊണ്ടു വന്നത്. അതുകൊണ്ടു തന്നെ തങ്ങള്‍ പരിചയിച്ചു പോന്ന ആസ്വാദന ശീലങ്ങളെ അസ്വസ്ഥമാക്കുന്ന തരം വിസ്ഫോടനങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്തു.

ഹീ ജിന്‍ എന്ന ഊമയായ ഒരു യുവതിയായിട്ടാണ് സു ജങ് തുരുത്തില്‍ അഭിനയിക്കുന്നത്. കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു തടാകത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് നൗകാ ഗൃഹങ്ങളില്‍ താമസിച്ച് മീന്‍ പിടിക്കുകയും മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുള്ള റിസോര്‍ട്ടിന്റെ നടത്തിപ്പുകാരിയാണവള്‍.

കരയില്‍ നിന്ന് ഓരോ നൗകാഗൃഹങ്ങളിലേക്കും സഞ്ചരിക്കാന്‍ അവളുടെ പക്കലുള്ള ചെറിയ തോണി മാത്രമാണ് ആശ്രയം. താമസക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷണങ്ങളും പാനീയങ്ങളും എത്തിച്ചുകൊടുക്കുന്നതും അവളൊറ്റക്കു തന്നെ. വേശ്യാഗൃഹങ്ങളില്‍ നിന്ന് കൂട്ടിക്കൊടുപ്പുകാരുടെ സഹായത്തോടെ വേശ്യകളെ എത്തിച്ചുകൊടുക്കുന്നതിനു പുറമെ, ചില സമയങ്ങളില്‍ അവളും ശരീര വില്‍പന നടത്തുന്നുണ്ട്.

കൂട്ടുകാരിയെ കൊലപ്പെടുത്തിയതിനാല്‍ കുറ്റവാളിയായി മാറിയ ഹ്യൂന്‍ ഷിക്ക് എന്ന പോലീസുകാരന്‍ നിയമത്തിന്റെ കണ്ണില്‍ പെടാതിരിക്കാനായി നൗകകളിലൊന്നില്‍ താമസിക്കാനെത്തുന്നു. അയാളുമായി ഹീക്ക് സ്നേഹ ബന്ധം ഉടലെടുക്കുന്നു. അയാള്‍ ആദ്യ ഘട്ടത്തില്‍ അത്തരമൊരു പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതേയില്ല. എന്നാലതിനെ തുടര്‍ന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.

ദ ഐല്‍ സിനിമയിലെ ദൃശ്യം

ഒന്ന് ഹീ തന്നെ ഏര്‍പ്പാട് ചെയ്തു കൊടുത്ത ഒരു വേശ്യ അയാളെ സ്നേഹിച്ചു തുടങ്ങിയത് അവള്‍ ശ്രദ്ധിക്കുന്നതാണ്. ഇതു കണ്ടെത്തിയ ഉടനെ ആ വേശ്യയെയും അവളെ അന്വേഷിച്ചെത്തുന്ന കൂട്ടിക്കൊടുപ്പുകാരനെയും ഹീ കൊലപ്പെടുത്തി തടാകത്തില്‍ താഴ്ത്തുന്നു. കടുത്ത വിഷാദരോഗിയായ ഹ്യൂന്‍ ഷിക്ക് ആകട്ടെ ഇതിനിടയില്‍ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ട്. രണ്ടു തവണയും രക്ഷിക്കുന്നത് ഹീ യാണ്.

ഇതിലൊരു ആത്മഹത്യാശ്രമം അത്യന്തം വേദനാജനകമാണ്. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചൂണ്ടക്കൊളുത്ത് നാലഞ്ചെണ്ണം ഒരുമിച്ച് വിഴുങ്ങിയാണ് അയാള്‍ മരിക്കാന്‍ ശ്രമിക്കുന്നത്. അവള്‍ അയാളുടെ വായ സ്ഥിരമായി തുറന്നു വെച്ച് പ്രാകൃതമായ ഉപകരണങ്ങളുപയോഗിച്ച് ആ കൊളുത്തുകളെല്ലാം പുറത്തെടുക്കുന്നു. ഇതിനെ തുടര്‍ന്നും പക്ഷെ അയാളുടെ മനസ്സിളകുന്നില്ലെന്ന് ബോധ്യപ്പെട്ട ഹീ അതേ പോലുള്ള കൊളുത്തുകള്‍ സ്വന്തം ഗുഹ്യാവയവത്തില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ഇത്തവണ അവളെ രക്ഷപ്പെടുത്തുന്നത് അയാളാണ്.

ദ ഐല്‍ സിനിമയിലെ ദൃശ്യം

അവരുടെ ബന്ധം ദൃഢമായിത്തീര്‍ന്നെങ്കിലും സാഹചര്യങ്ങള്‍ അവരുടെ സുഗമ ജീവിതത്തിന് അനുകൂലമായിരുന്നില്ല. മറ്റൊരു നൗകയിലെ വേശ്യ ഇടപാടുകാരന്റെ റോളക്സ് വാച്ച് വെള്ളത്തിലേക്കെറിഞ്ഞത് തിരിച്ചെടുക്കാന്‍ ചൂണ്ട കൊളുത്തിയ അയാള്‍ക്ക് ലഭിച്ചത് രണ്ടു മൃതദേഹങ്ങളും കൊല്ലപ്പെട്ടവളുടെ സ്‌കൂട്ടറുമാണ്. വിഭ്രാമകമായ ഒരന്ത്യമാണ് സിനിമക്കുള്ളത്. ഹ്യൂന്‍ തോണി തുഴഞ്ഞ് തടാകത്തിനുള്ളിലുള്ള ഒരു കുറ്റിക്കാട്ടിലെത്തുന്നു. ആ കുറ്റിക്കാട് തോണിയിലെ നിറഞ്ഞ വെള്ളത്തില്‍ മരിച്ചുകിടക്കുന്ന ഹീയുടെ നഗ്‌നശരീരത്തിലേക്ക് ലയിപ്പിക്കപ്പെട്ടിരിക്കുന്നു.

പാശ്ചാത്യരായ ആസ്വാദകരധികവും ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിയറ്റര്‍ വിട്ടുപോകുകയോ അതു ചെയ്യാത്തവര്‍ ഹാളിനകത്ത് ഛര്‍ദിക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മപീഡനവും പരപീഡനവും ഇതുപോലെ തുറന്ന് ചിത്രീകരിക്കുന്ന സിനിമകള്‍ കുറവാണ്. അത് ആസ്വദിക്കുന്നത് വിഷമകരവുമാണ്.

പിന്നെയും എന്താണ് ഈ ആവിഷ്‌ക്കരണത്തില്‍ സൗന്ദര്യാത്മകമായിട്ടുള്ളത് എന്ന അന്വേഷണം ഫലവത്താകണമെങ്കില്‍ കൊറിയയുടെയും കിഴക്കന്‍ രാജ്യങ്ങളുടെയും ഭൗതിക-ആത്മീയ ചരിത്രങ്ങള്‍ അല്‍പമെങ്കിലും മനസ്സിലാക്കേണ്ടിവരും. ജാപ്പനീസ് കലയിലും സിനിമയിലും വേദനാകരമായ ആത്മഹത്യാരീതികള്‍ പലപ്പോഴായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് തങ്ങള്‍ പ്രതീക്ഷിക്കുതെന്ന് നല്ല തീര്‍ച്ചയുള്ളവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് കാണുന്നവരുണ്ട്. അവര്‍ക്കറിയാവുന്ന വസ്തുതകളും കഥകളും മാത്രമാണ് അത്തരം സിനിമകളില്‍ അവര്‍ കാണുന്നതും. പക്ഷെ എല്ലാവരും അങ്ങിനെയല്ല. തങ്ങളുടെ ചക്രവാളങ്ങള്‍ക്കപ്പുറത്തും ലോകമുണ്ടെന്നും തങ്ങളുടെ ഇഛകള്‍ക്കനുസരിച്ചല്ല മനുഷ്യര്‍ ജീവിക്കുന്നതെന്നും മനസ്സിലാക്കുന്ന ലോകത്തെവിടെയുമുള്ള കാണികളുടെ പ്രാഥമിക ജനാധിപത്യ ബോധത്തെയാണ് ദ ഐല്‍ പോലുള്ള സിനിമകള്‍ ലക്ഷ്യം വെക്കുന്നത്.

വളരെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെ അതിക്രൂരമായ പ്രവൃത്തികളിലേക്ക് നയിക്കുന്നതെന്ന് പ്രഥമ കാഴ്ചയില്‍ നമുക്കു തോന്നാം. എന്നാല്‍, കോളനീകരിക്കപ്പെട്ടതും വിനോദ സഞ്ചാരം പോലുള്ള ഏക ജീവിത മാര്‍ഗത്തിലേക്ക് തള്ളിയിടപ്പെട്ടവരുമായ ജനതയുടെ തിരിച്ചറിയപ്പെടാത്ത ആത്മവിലാപങ്ങളാണ് ഇത്തരം ആവിഷ്‌ക്കരണങ്ങളിലൂടെ വെളിപ്പെടുന്നത് എന്ന് സൂക്ഷ്മ വായനയില്‍ ബോധ്യപ്പെടും.

(ലോക സിനിമ – കാഴ്ചയും സ്ഥലകാലങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why Kim Ki Duk movies were watched by many despite it’s cruel scenes, G P Ramachandran writes

ജി പി രാമചന്ദ്രന്‍
എഴുത്തുകാരന്‍, മലയാള ചലച്ചിത്ര നിരൂപകന്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗം