എന്തുകൊണ്ട് കേരളീയ ദേശീയത? നിഷ്‌കുകളോട് ഒരു വാക്ക്
News of the day
എന്തുകൊണ്ട് കേരളീയ ദേശീയത? നിഷ്‌കുകളോട് ഒരു വാക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2017, 7:02 pm


എഫ്.ബി നോട്ടിഫിക്കേഷന്‍ : നെല്‍സണ്‍ ജോസഫ്


ദേശസ്‌നേഹം പറഞ്ഞപ്പോള്‍ കലിതുള്ളിയവര്‍ക്ക് ഇപ്പൊ എന്താ കേരളത്തെ വിമര്‍ശിക്കുമ്പൊ ദെണ്ണം? അന്ന് ഇന്ത്യ, ഇന്ന് കേരളം. അത്രയല്ലേ ഉള്ളൂ വ്യത്യാസം?. ഇന്ത്യയെ വിമര്‍ശിക്കുമ്പൊ കുരു പൊട്ടരുത്, കേരളത്തെ വിമര്‍ശിക്കുമ്പൊ പൊട്ടണം എന്നാണോ പറയുന്നത്?
പല വശത്തുനിന്ന് പല രീതിയില്‍ ഉയര്‍ന്ന് വന്ന ചോദ്യങ്ങളാണ്. അത്ര നിഷ്‌കളങ്ക ചോദ്യമൊന്നുമല്ല എന്ന് മനസിലാക്കാവുന്നതേയുള്ളൂ. നിഷ്‌കുകളോട് ഒരു വാക്ക്..

1. ദേശസ്‌നേഹത്തെ എതിര്‍ത്തില്ല ആരും. അത് അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ത്തത്. അതായത് ഞങ്ങള്‍ ദേശീയഗാനം പാടുമ്പൊ എല്ലാവരും എണീറ്റ് നില്‍ക്കണമെന്ന് പറയുന്നതിനെ. ഫിലിം ഫെസ്റ്റിനു നാലും അഞ്ചും സിനിമ കാണുമ്പൊ എല്ലാ തവണയും ദേശീയഗാനം കേള്‍ക്കുമ്പൊ നിന്നാലേ ഒരു വ്യക്തി ദേശസ്‌നേഹിയാകൂ എന്ന് പറഞ്ഞതിനെയാണ് എതിര്‍ത്തത്.
2. ദേശസ്‌നേഹത്തിന്റെ ദുരുപയോഗത്തെയാണ് ചോദ്യം ചെയ്തത്. എന്നുവച്ചാല്‍ പിന്‍വലിച്ച നോട്ടിന്റെ കണക്ക് ചോദിക്കുമ്പൊഴും അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചോദിക്കുമ്പൊഴും ആരോപണങ്ങള്‍ വരുമ്പൊഴും അതിര്‍ത്തിയിലെ ജവാന്മാരെ വലിച്ചിഴച്ച നിങ്ങളുടെ കുടിലതയെയാണ് ചോദ്യം ചെയ്തത്. ദേശസ്‌നേഹം ഒരു ഡിഫന്‍സീവ് ഡൈവേര്‍ഷണറി ടാക്റ്റിക്‌സ് അല്ല. യഥാര്‍ഥ ദേശസ്‌നേഹികള്‍ എന്തേ സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് ത്രിവര്‍ണപതാക ഉയര്‍ത്താത്തൂ..
3. സുഹൃത്തേ, നിങ്ങളുടെ ദേശസ്‌നേഹവും ഞങ്ങളുടെ ദേശസ്‌നേഹവും രണ്ടും രണ്ടാണ്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പൊ പാക്കിസ്ഥാന്റെ കളി ഇഷ്ടപ്പെട്ടാലുടനെ തെറിച്ചുപോകുന്ന മൂക്കല്ല ഞങ്ങളുടെ ദേശസ്‌നേഹം. പതഞ്ജലി ഉല്പന്നങ്ങള്‍ വാങ്ങിക്കുമ്പൊ ഫ്രീയായിട്ട് കിട്ടുന്ന ഉല്പന്നവുമല്ല. നാനാത്വത്തില്‍ ഏകത്വം എന്ന വാചകത്തിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലാകാത്തിടത്തോളം കാലം ആ ദേശസ്‌നേഹവും നിങ്ങള്‍ക്ക് പിടികിട്ടില്ല.


Also Read:  ‘മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം പര്‍ദ്ദ, ഹിന്ദു പെണ്‍കുട്ടിയ്ക്ക് പകരം മുടി’; പെണ്‍കുട്ടികള്‍ക്ക് മുഖമില്ലാതെ ‘വിവേചന രഹിത’ വിദ്യാഭ്യാസ മുദ്രാവാക്യവുമായി എം.എസ്.എഫിന്റെ പോസ്റ്റര്‍


ഇനി കേരളത്തിലേക്ക്…..

കേരളീയര്‍ ഒന്നിച്ചത് എന്തുകൊണ്ടാണ്? ഉത്തരം ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.
1. കേരളത്തില്‍ ഭീകരതയെന്ന് കാണിക്കാന്‍ ഉത്സവത്തിന്റെ ആഘോഷ വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തിയ നേതാക്കളെക്കണ്ട് ഞെട്ടിയ കേരളം.
2. റംസാന്‍ മാസത്തിന്റെ ആദ്യ ദിവസം ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ച വാര്‍ത്തയില്‍ പൊലീസ് പ്രതിയെ ദിവസത്തിനുള്ളില്‍ പിടിച്ചപ്പോള്‍ മൂക്കത്ത് വിരല്‍ വച്ച കേരളം.
3. മെട്രോ റയില്‍ ഉദ്ഘാടനത്തിന് ദേശീയ നേതാവ് കേരളത്തിലേക്കെഴുന്നള്ളിയപ്പൊ ” തണ്ടറി പാക്കിസ്ഥാന്‍ ” എന്ന് വിശേഷിപ്പിച്ച ചാനലിനെ അന്ന് തന്നെ തിരുത്തിയെഴുതിച്ചെങ്കിലും ഉത്തരേന്ത്യയുടെ “പള്‍സ്” എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസിലാക്കിയ കേരളം.
4. ബോംബ് പൊട്ടുന്നതിനു മണിക്കൂറുകള്‍ മുന്‍പേ ഫേസ്ബുക്കില്‍ പോസ്റ്റ് വന്നത് കണ്ട് ത്രികാലജ്ഞാനം ആണെന്ന് മനസിലാകാതെ അന്തം വിട്ട കേരളം….
ലിസ്റ്റ് നിരത്താം ഇനിയും..
ഇവിടെ രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലും കൊലയും നടക്കുന്നുണ്ട്. അതൊരു പരമാര്‍ഥമാണ്. ഇരുവശത്തും ആളുകള്‍ മരിക്കുന്നുണ്ട്. ഒഴിവാക്കേണ്ടതാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്തിയാല്‍ , സമാധാനശ്രമങ്ങള്‍ നടത്തിയാല്‍ തീരും. തീരണം. മുന്‍പ് അങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിക്കണം.
അല്ലാതെ അത് ചെയ്യേണ്ടത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ദേശീയനേതാക്കളെയും ചാനലുകളെയും കൊണ്ടുവന്ന് നാടകം കളിച്ചും രാഷ്ട്രപതിഭരണം ആവശ്യപ്പെട്ടും കേരളത്തെക്കുറിച്ച് ഊതിവീര്‍പ്പിച്ച നുണക്കഥകള്‍ പരത്തിയുമല്ല. അങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാണെന്ന് കേരളത്തിനു മനസിലായി.
അതുകൊണ്ടാണ് കേരളീയര്‍ ഒന്നടങ്കം പ്രതിഷേധിച്ചത്. അതില്‍ കക്ഷിരാഷ്ട്രീയമോ മതമോ കടന്നുവന്നില്ല. റിപ്പബ്ലിക് ടി.വിക്ക് റേറ്റിങ്ങ് ഒരു സ്റ്റാര്‍ നല്‍കിയും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും പ്രതികരിച്ചത്. അതാരും നിര്‍ബന്ധിച്ചിട്ടല്ല.
പ്രൊഫൈല്‍ പിക് മാറ്റാത്തവരോട് തമിഴ് നാട്ടിലേക്ക് പോകാന്‍ ഇവിടെ ഒരു രാഷ്ട്രീയനേതാവും ആഹ്വാനം ചെയ്തില്ല. ഒരു സ്റ്റാര്‍ കൊടുക്കാത്തവരെ കേരളദ്രോഹിയെന്ന് വിളിച്ചിട്ടില്ല. അഴിമതിയുടെ കഥ പറയുമ്പൊ കേരളസ്‌നേഹം ചോദ്യം ചെയ്‌തെന്ന് പറഞ്ഞാല്‍ കേരളത്തിലുള്ളവര്‍ പുച്ഛിച്ച് തള്ളും
റേറ്റിങ്ങിട്ടവരെയും പ്രൊഫൈല്‍ പിക് മാറ്റിയവരെയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളായിക്കണ്ടത് നിങ്ങളുടെ സങ്കുചിതമനോഭാവം..
റിപ്പബ്ലിക് ടി.വിയുടെ റേറ്റിങ്ങ് കുറച്ചപ്പൊ കേരളം അറിയിച്ചത് പ്രതിഷേധമാണ്. റേറ്റിങ്ങ് പിന്വലിച്ച് അത് അറിയേണ്ടവര്‍ അറിഞ്ഞപ്പോള്‍ കേരളം അതിലും വിജയിച്ചു. റിപ്പബ്ലിക്കിന്റെ വാലിലാണ് ദേശസ്‌നേഹം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഇനി അത് കൂലിക്കാരെ വച്ച് ഉയര്‍ത്തിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല.
അതാണ് സുഹൃത്തേ കേരളത്തിന്റെ പ്രതികരണവും നിര്‍ബന്ധിത ദേശസ്‌നേഹവും തമ്മിലുള്ള വ്യത്യാസം. ഫാസിസം കടന്നുവരുന്നു, ജനാധിപത്യം പരാജയപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ ആരും പറയാതെ ഒന്നിച്ചു കേരളം…ഇനിയും ഒന്നിക്കും…കാരണം ഇവിടെയുള്ളവര്‍ ചിന്തിക്കുന്നവരാണ്.
We are not perfect.
But still, we are the first