| Saturday, 5th December 2020, 7:17 pm

എന്തുകൊണ്ടാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് സമരം ചെയ്യേണ്ടി വരാത്തത്‌?

ഫാറൂഖ്

ഈയൊരു ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെട്ടു മാന്യമായി നല്ല നിലയില്‍ ജീവിക്കണമെങ്കില്‍ കര്‍ഷകരുടെ മുമ്പില്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. പരമാവധി കര്‍ഷകര്‍ കൃഷി ഉപക്ഷിച്ചു വേറെ ജോലി നോക്കുക. മലയാളികള്‍ പണ്ടേ കണ്ടെത്തിയ മാര്‍ഗം. തമാശയാണെന്ന് കരുതേണ്ട, വളരെ ശാസ്ത്രീയമായ മാര്‍ഗമാണ്, ലോകത്തിലെ മുഴുവന്‍ എക്കണോമിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നതാണ്.

നല്ല മനസ്സിന്റെ ഉടമകളായ നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ട് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടണമെന്ന്, നല്ലത്. പക്ഷെ നല്ല വില ആര് കൊടുക്കും.

ഉദാഹരണത്തിന് ഒരു കിലോ അരി നമ്മള്‍ 30 രൂപക്ക് വാങ്ങുന്നു എന്ന് വക്കുക. പല നിലയിലുള്ള ഇടനിലക്കാര്‍ 15 രൂപ എടുക്കുന്നു, ബാക്കി 15 രൂപ കൃഷിക്കാര്‍ക്ക് ലഭിക്കുന്നു. ഇതാണ് ഏകദേശം ഇന്നത്തെ അവസ്ഥ. കൃഷിക്കാരന് അത് പോരാ, ഒരു അമ്പതു രൂപയെങ്കിലും കിട്ടണമെന്ന് നന്മ നിറഞ്ഞ നമ്മള്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ നമ്മള്‍ ഒരു കിലോ അരിക്ക് എത്ര രൂപ കൊടുക്കേണ്ടി വരും – നൂറു രൂപ.

സ്വാഭാവികമായും നിങ്ങള്‍ ചോദിക്കും, ഈ ഇടനിലക്കാരനെ ഒഴിവാക്കിയാല്‍ നമ്മള്‍ കൊടുക്കുന്ന മുഴുവന്‍ പണവും കര്‍ഷകന് കിട്ടില്ലേ എന്ന് – അത് നടക്കണമെങ്കില്‍ ഒന്നുകില്‍ പഞ്ചാബിലെ അരി കര്‍ഷകന്‍ പത്തു കിലോ അരി സഞ്ചിയും തലയില്‍ വച്ച് നിങ്ങളുടെ വീട്ടില്‍ വരണം, അല്ലെങ്കില്‍ നിങ്ങള്‍ പഞ്ചാബില്‍ പോയി പത്തു കിലോ അരി വാങ്ങണം.

ഇത് രണ്ടും നടക്കാത്ത സ്ഥിതിക്ക് ഇടനിലക്കാരനെ ഒഴിവാക്കുന്നതിനെ പറ്റി ആലോചിച്ചു സമയം കളയണ്ട. ഇടനിലക്കാര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഉണ്ടാകും, അതുറപ്പ്. അത് എഫ്.സി.ഐ വേണോ അദാനി വേണോ എന്നത് മുമ്പ് ചര്‍ച്ച ചെയ്തതാണ്.

കേരളത്തിലെ മിക്കവര്‍ക്കും പത്തു കിലോമീറ്ററില്‍ താഴെ സഞ്ചരിച്ചാല്‍ കടപ്പുറത്തെത്താം. ആരെങ്കിലും ദിവസവും കടപ്പുറത്തു പോയി മീന്‍ വാങ്ങാറുണ്ടോ, അല്ലെങ്കില്‍ മീന്‍ പിടിക്കുന്നവര്‍ നമ്മുടെ വീട്ടില്‍ മീന്‍ വില്‍ക്കാന്‍ കൊണ്ട് വരാറുണ്ടോ. എല്ലാ മീന്‍ പിടുത്തക്കാരും ഒരു ഹാര്‍ബറില്‍ മീന്‍ കൊണ്ട് വരും, അവിടെ ലേലം വിളി ഉണ്ടാകും, ഏറ്റവും വലിയ വില തരുന്നവര്‍ക്ക് മീന്‍ പിടുത്തക്കാര്‍ മീന്‍ വില്‍ക്കും. ലേലം വിളിച്ചെടുത്തവന് ട്രാന്‍സ്പോര്‍ട്ട് സൗകര്യം ഉണ്ടാകും, ഫ്രീസറുകള്‍ ഉണ്ടാകും, ചിലപ്പോള്‍ ഐസ് ഫാക്ടറി ഉണ്ടാകും, അല്ലെങ്കില്‍ ഐസ് വാങ്ങും. സ്വാഭാവികമായി ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടാകും, ബാങ്ക് ലോണ്‍ ഉണ്ടാകും.

അയാള്‍ ആ ചിലവ് മുഴുവനും, കൂടെ ലാഭവും എടുത്ത് മറ്റൊരു മൊത്ത വിതരണക്കാരന് കൊടുക്കും, അത് വേറൊരു ചില്ലറ വിതരണക്കാരന്‍ വാങ്ങും. അവരുടെ അടുത്ത് നിന്നാണ് നമ്മുടെ വീട്ടില്‍ മീന്‍ കൊണ്ട് വരുന്ന എം-80 ക്കാരന്‍ മീന്‍ വാങ്ങുന്നത്. അയാളും ഒരു ലാഭം എടുക്കും. എല്ലാവര്‍ക്കും ജീവിക്കണം, എല്ലാവര്ക്കും ഒരു കുടുംബമുണ്ട്.

നമ്മുടെ ചര്‍ച്ചയിലേക് തിരിച്ചു പോവാം, അരി കര്‍ഷകന് ഇപ്പോള്‍ കിട്ടുന്ന 15 രൂപ പോരാ 50 രൂപയെങ്കിലും വേണം എന്ന നന്മ നിറഞ്ഞ നമ്മുടെ ആഗ്രഹം അവിടെ തന്നെ നില്‍ക്കുകയാണ്. എന്ത് ചെയ്യും. വിദേശത്തു നല്ല വിലകിട്ടുമെങ്കില്‍ കയറ്റുമതി ചെയ്യണമെന്ന് പറയാം. ചില സാധനങ്ങള്‍ക്ക് വിദേശത്തു നല്ല വില കിട്ടും, ഉദാഹരണത്തിന് അരിക്ക് ന്യൂയോര്‍ക്കില്‍ 3 ഡോളര്‍ കിട്ടുമെന്ന് വക്കുക. എന്ന് പറഞ്ഞാല്‍ 210 രൂപ. ഇന്ത്യക്കാരുടെ അരി അദാനി ശേഖരിച്ചു ന്യൂയോര്‍ക്കിലേക്ക് കയറ്റുമതി ചെയ്യുന്നു എന്നും വക്കുക. നേരത്തെ പറഞ്ഞ കണക്ക് പ്രകാരം 105 രൂപ അദാനിക്കും 105 രൂപ കര്‍ഷകനും കിട്ടും. രണ്ടാളും ഹാപ്പി. ബാക്കിയുള്ള ഇന്ത്യക്കാരോ?

ബാക്കിയുള്ളവര്‍ക്ക് പിന്നീട് 30 രൂപക്ക് അരി കിട്ടുമോ, ഇല്ല. കയറ്റുമതി ചെയ്താല്‍ 105 രൂപ കിട്ടുമെങ്കില്‍ ആരെങ്കിലും പിന്നെ ഇന്ത്യയില്‍ 30 രൂപക്ക് അരി വില്‍ക്കുമോ. ഇല്ല. 210 രൂപക്ക് അരി വാങ്ങാനുള്ള കഴിവ് ഇന്ത്യക്കാര്‍ക്ക് ഉണ്ടോ – ഇല്ല. സ്വാഭാവികമായും ഇന്ത്യയില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകും.

പട്ടിണി മരണത്തിന്റെ ഉത്തരവാദിത്വം കര്‍ഷകര്‍ ഏറ്റെടുക്കേണ്ടതുണ്ടോ, ഇല്ല. അവര്‍ ഉല്പാദിപ്പിക്കുന്നു, ഏറ്റവും നല്ല വിലക്ക് വില്‍ക്കുന്നു, ആര്‍ക്കെങ്കിലും അത് വാങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ അതവരുടെ പ്രശ്‌നം. ആ വാദത്തില്‍ തെറ്റില്ല, പക്ഷെ ഒരു പ്രശ്‌നമുണ്ട്. കര്‍ഷകര്‍ വെറും കര്‍ഷകര്‍ മാത്രമല്ല, അവര്‍ ഉപഭോക്താക്കളും കൂടിയാണ്.

ഉദാഹരണത്തിന് പഞ്ചാബിലെ അരി കര്‍ഷകര്‍ കഴിക്കുന്നത് ഗോതമ്പാണ്, കേരളത്തിലെ തേങ്ങാ കര്‍ഷകര്‍ കഴിക്കുന്നത് അരിയാണ്, കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് പരിപ്പുകറി ഇല്ലാതെ റൊട്ടി കഴിക്കാന്‍ പറ്റില്ല. എന്ന് പറഞ്ഞാല്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിലകയറ്റത്തില്‍ പട്ടിണിയാകുന്നത് കര്‍ഷകര്‍ തന്നെയായിരിക്കും. ഇറ്റ് ഈസ് കോംപ്ലിക്കേറ്റഡ്.

നമ്മള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടണം, എന്ത് ചെയ്യും. കൂടുതല്‍ നല്ല ടെക്‌നോളജി, ഉപകരണങ്ങള്‍, നല്ലയിനം വിത്തുകള്‍ തുടങ്ങി ശാസ്ത്രീയമായി ഉത്പാദിപ്പിച്ചു കൂടുതല്‍ വിളവുണ്ടാക്കി വരുമാനം വര്‍ധിപ്പിക്കണമെന്ന് പറയാം. പഞ്ചാബിലൊക്കെ പഴയ ടെക്‌നോളജി വെച്ചാണ് കൃഷി ചെയ്യുന്നതെന്ന് നമ്മള്‍ ഊഹിക്കുന്നതാണ്. സത്യത്തില്‍ അങ്ങനെയല്ല, പഞ്ചാബികള്‍ ലോകം കാണുന്നവരാണ്, നിരന്തരം യാത്ര ചെയ്യുന്നവരാണ്, മികച്ച സംരംഭകരാണ്. ഏറ്റവും ശാസ്ത്രീയമായി തന്നെയാണ് അവര്‍ കൃഷി ചെയ്യുന്നത്. എന്നാലും വാദത്തിനു വേണ്ടി കൂടുതല്‍ ശാസ്ത്രീയമാക്കാം എന്ന് സമ്മതിക്കാം.

കൂടുതല്‍ ശാസ്ത്രീയമാക്കി ഇപ്പോഴുള്ളതിന്റെ ഇരട്ടി അരി ഓരോ കര്‍ഷകനും ഉണ്ടാക്കി എന്ന് വക്കുക. അവരുടെ വരുമാനം കൂടുമോ – ഇല്ല. കാരണം ഇപ്പോള്‍ തന്നെ ഇന്ത്യ ആവശ്യത്തിലധികം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അരിയും ഗോതമ്പുമൊക്കെ എഫ്.സി.ഐ ഗോഡൗണുകളില്‍ എലി തിന്നു തീര്‍ക്കുകയാണ്. ഉള്ളിയും തക്കാളിയുമൊക്കെ വിളവെടുപ്പ് സീസണാവുമ്പോള്‍ കൃഷിക്കാര്‍ ട്രാക്ടര്‍ കയറ്റി നശിപ്പിക്കുകയാണ്. ഇപ്പോളുള്ളതിനേക്കാള്‍ ഉത്പാദനം കൂടിയാല്‍ വില വീണ്ടും കുറയും, വരുമാനം കൂടില്ല. നമ്മള്‍ തുടങ്ങിയേടത്തു വീണ്ടും എത്തി.

ഇനിയും പല ഐഡിയകളും നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ ലഭിക്കുന്നുണ്ടാകും. അതൊക്കെ ഉള്ളിയുടെ തോല് പൊളിക്കുന്നത് പോലെയേ ഉള്ളൂ. കൃഷിയുടെ എക്കണോമിക്‌സ് ഇത്ര വലിയ കൊണാന്‍ഡ്രം ആയതു കൊണ്ടാണ് ക്യാപിറ്റലിസത്തിന്റെ തല തൊട്ടപ്പന്മാരായ അമേരിക്കയും യൂറോപ്പും ബ്രിട്ടനുമൊക്കെ ഇപ്പോഴും കര്‍ഷകരെ സബ്‌സിഡി കൊടുത്തു പോറ്റുന്നത്. എക്കണോമിക്‌സിന്റെ അടിസ്ഥാന ഫോര്‍മുലകളൊന്നും കൃഷിയില്‍ ഏല്‍ക്കുന്നില്ല. ഉദാഹരണത്തിന് ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ, അദൃശ്യ കരങ്ങള്‍, മാര്‍ക്കറ്റ് ഇക്വലിബ്രിയം, ലോ ഓഫ് ഡിമിനിഷിങ് റിട്ടേണ്‍സ്, തുടങ്ങിയവയെല്ലാം കൃഷിയിലെത്തുമ്പോള്‍ പൊട്ടും. അമേരിക്ക കഴിഞ്ഞ കൊല്ലം കൃഷിക്കാര്‍ക്ക് സബ്‌സിഡി കൊടുത്തത് 22 ബില്യണ്‍ ഡോളര്‍, യൂറോപ്യന്‍ യൂണിയന്‍ കൊടുത്തത് 60 ബില്യണ്‍ യൂറോ. രണ്ടും ക്യാപിറ്റലിസത്തിന്റെ മെക്കയാണെന്നോര്‍ക്കണം.

ഇന്ത്യയിലായാലും ബ്രസീലിലായാലും അമേരിക്കയിലായാലും ജര്‍മനിയിലായാലും യൂ.കെയിലായാലും സര്‍ക്കാര്‍ കൊടുക്കുന്ന സബ്സിഡി കൊണ്ടാണ് കര്‍ഷകര്‍ കഞ്ഞി കുടിച്ചു പോകുന്നത്. ഇന്ത്യയില്‍ പ്രധാനമായും എം.എസ്.പി അഥവാ താങ്ങുവില എന്ന രൂപത്തിലാണ് കൊടുക്കുന്നത്. താങ്ങു വില കിട്ടുന്ന കര്‍ഷകരാണ് താരതമ്യേന സമ്പന്നര്‍, ഉദാഹരണത്തിന് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍. താങ്ങുവില കിട്ടാത്ത കര്‍ഷകരാണ് പരമ ദാരിദ്ര്യത്തിലും ആത്മഹത്യ കുരുക്കിലും, ഉദാഹരണത്തിന് മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്ര കര്‍ഷകര്‍. എന്ത് കൊണ്ടാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കൂടുതലായി സമരം ചെയ്യുന്നത് എന്നതിന്റെ ഉത്തരം ഇതിലുണ്ട്.

ഈയൊരു ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെട്ടു മാന്യമായി നല്ല നിലയില്‍ ജീവിക്കണമെങ്കില്‍ കര്‍ഷകരുടെ മുമ്പില്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. പരമാവധി കര്‍ഷകര്‍ കൃഷി ഉപക്ഷിച്ചു വേറെ ജോലി നോക്കുക. മലയാളികള്‍ പണ്ടേ കണ്ടെത്തിയ മാര്‍ഗം. തമാശയാണെന്ന് കരുതേണ്ട, വളരെ ശാസ്ത്രീയമായ മാര്‍ഗമാണ്, ലോകത്തിലെ മുഴുവന്‍ എക്കണോമിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നതാണ്.

ഒരുദാഹരണം കൂടി നോക്കാം. ഒരു മലയാളി തേങ്ങാ കര്‍ഷകന്‍. അയാള്‍ക്ക് ഒരേക്കര്‍ ഭൂമിയുണ്ടെന്നും അമ്പതിനായിരം മാസവരുമാനം ഉണ്ടെന്നും വക്കുക. ( എളുപ്പമാക്കാന്‍ ഒരു കണക്ക് പറഞ്ഞതാണ്, തേങ്ങാ കര്‍ഷകര്‍ തെറി വിളിക്കരുത്). അയാള്‍ സുഭിക്ഷമായി ജീവിക്കും. ഇനി അയാളുടെ മൂന്നു മക്കള്‍ വലുതായി, അയാളുള്‍പ്പടെ നാല് കുടുംബമായി. സ്ഥലം കൂടുന്നില്ല, അധ്വാനം കൂടുന്നില്ല, പക്ഷെ ജീവിത ചിലവ് നാലിരട്ടിയായി. ഒരു കുടുംബത്തിന്റെ വരുമാനം 12500, ദരിദ്രമായി, കടമായി, പട്ടിണിയായി. ഇത് പരിഹരിക്കാന്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ, ഒരാള്‍ മാത്രം കൃഷിയില്‍ തുടരുക, ബാക്കി മൂന്നു പേര്‍ വേറെ ജോലി അന്വേഷിക്കുക.

ഈ കണക്ക് വച്ചാണ് ജനസംഖ്യയില്‍ കര്‍ഷകരുടെ അനുപാതം കുറച്ചു കൊണ്ട് വരിക എന്ന് പറയുന്നത്. സമ്പന്ന രാജ്യങ്ങളില്‍ കര്‍ഷകരുടെ ശതമാനം വളരെ കുറവായിരിക്കും, അമേരിക്കയില്‍ ഒരു ശതമാനമാണ് ആകെ കര്‍ഷകര്‍, സ്വീഡനില്‍ 2%, സ്വിട്‌സര്‍ലാന്‍ഡില്‍ 3%, ഓസ്ട്രേലിയയില്‍ 2%, യൂ.കെ യില്‍ 1.5% എന്നിങ്ങനെ. ദരിദ്ര രാഷ്ട്രങ്ങളുടെ കാര്യം എടുത്താലോ, സിംബാബ്വെ 68%, സാംബിയ 53%, ബുറുണ്ടി 91%. ഇന്ത്യയുടെ കാര്യം അറിയാമല്ലോ.

ഈയടുത്തു ബംഗ്ലാദേശിന്റെ പെര്‍ ക്യാപിറ്റ ജി.ഡി.പി ഇന്ത്യയെ കടത്തി വെട്ടി മുമ്പില്‍ കയറി എന്ന വാര്‍ത്ത ശ്രദ്ധിക്കാത്തവര്‍ ഉണ്ടാകില്ല. അതിനുള്ള പ്രധാന കാരണം കൃഷീവലന്മാരുടെ ( കൃഷി കൊണ്ട് വലഞ്ഞവര്‍ ) എണ്ണം കഴിഞ്ഞ പത്തു കൊല്ലമായി അവര്‍ പതിനഞ്ചു ശതമാനം കുറച്ചു എന്നതാണ്. ടെക്സ്റ്റയില്‍സ്, മാനുഫാക്ചട്യൂറിങ് എന്നീ സെക്ടറുകളില്‍ അത്രയും തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാണ് ഇത് സാധിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്, മറ്റു മേഖലകളില്‍ തൊഴിലവസങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. 46 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായിരുന്നു കൊറോണക്ക് മുമ്പ്. ബീഹാറില്‍ മുപ്പത് ശതമാനത്തിന് മുകളിലാണ് തൊഴിലില്ലായ്മ. എന്നിട്ടും അവര്‍ അതെ സര്‍ക്കാരിനെ തന്നെ തെരഞ്ഞെടുത്തു എന്നത് മറ്റൊരു കാര്യം. അതിനെ പറ്റി മുമ്പ് എഴുതിയിട്ടുണ്ട്

ഫാറൂഖിന്റെ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഇന്ത്യയില്‍ കാര്‍ഷിക പ്രതിസന്ധി ഇത്രയും രൂക്ഷമാകാനുള്ള കാരണം കൃഷിയിലെ പ്രതിസന്ധിയല്ല, കൃഷി ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് മറ്റു ജോലി ലഭിക്കാത്തത് കൊണ്ട് അവര്‍ കുടുംബ കൃഷിയിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്, അവരെ അവിടെ ആവശ്യമില്ലെങ്കിലും, അവരില്ലാതെ തന്നെ കൃഷി നടക്കുമെങ്കിലും തങ്ങളും കൃഷിക്കാരാണെന്ന ഭാവത്തില്‍ അവരും കൂടും. മൊത്തം വരുമാനം വീതിച്ചെടുക്കുന്നവരുടെ എണ്ണം കൂടി വരും. അത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യം ആലോചിച്ചു തലപുണ്ണാക്കി ആര്‍ക്കും വേണ്ടാത്ത ബില്ലുകള്‍ പാസാക്കുന്നതിന് പകരം മറ്റു തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം, അതിന് രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടാകണം. പറ്റുമെങ്കില്‍ മോഡി ബംഗ്ലാദേശ് വരെ ഒന്ന് പോയി അവരെന്താണ് ചെയ്യുന്നത് എന്ന് കണ്ടു പഠിക്കണം.

ഇനി ആരെങ്കിലും മലയാളികള്‍ മടിയന്മാരാണ്, കൃഷി ചെയ്യാന്‍ അറിയാത്തവന്മാരാണ്, തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറിയും ആന്ധ്രായില്‍ നിന്ന് വരുന്ന അരിയും കാത്തിരിക്കുന്നവരാണ് എന്നൊക്കെ പരിഹസിക്കുകയാണെങ്കില്‍ ധൈര്യമായി മറുപടി പറഞ്ഞേക്കുക, ഞങ്ങള്‍ ബുദ്ധിമാന്മാരാണ്, കറക്റ്റ് സമയത്തു സ്‌കൂട് ചെയ്യുന്നതിലാണ് കാര്യം, വെറുതെ വേണ്ടാത്ത ചീട്ടും പിടിച്ചു നില്‍ക്കുന്നതിലല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why  farmers in Kerala are not protesting against new agriculture reforms bills
 

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more