| Friday, 24th July 2020, 5:09 pm

പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ നിന്ന് എന്തുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര മാറി നില്‍ക്കണം?

ആഷിഷ് ഖേതന്‍

നമ്മള്‍ വിചിത്രമായ കാലത്താണ് ജീവിക്കുന്നത്. ഒരു നിയമങ്ങളും പവിത്രമല്ല, ഒരു സത്യപ്രസ്താവനകളും അലംഘനീയവുമല്ല. ആഴ്ച്ചതോറും നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരിയായ സുപ്രീം കോടതി തന്നെ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. ഇപ്പോള്‍ ഒരു പൊതുതാത്പര്യ അഭിഭാഷകന്റെ വിമര്‍ശനങ്ങള്‍ തങ്ങളുടെ ഔന്നത്യത്തില്‍ മങ്ങലേല്‍പ്പിച്ചോയെന്നും നീതി നടപ്പാക്കാനുള്ള കഴിവിനെ ഇടിച്ചു താഴ്ത്തിയോ എന്നും പരിശോധിക്കാനിരിക്കുകയാണ് കോടതി.

പ്രശാന്ത് ഭൂഷണിന്റെ രണ്ട് ട്വീറ്റുകള്‍ക്കുമപ്പുറത്തേക്കാണ് ഈ വിഷയം ചെന്നു നില്‍ക്കുന്നത്.

ജനാധിപത്യത്തിന്റെ മുഖമുദ്ര ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യമാണ്. എക്‌സിക്യൂട്ടിവില്‍ നിന്ന് മാറി വ്യത്യസ്തമായ ഒരു ബോഡിയായാണ് ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ ജുഡീഷ്യറിയുടെ വാതില്‍ തട്ടുന്നത്. ഒരു കോടതിയുടെ തീരുമാനം അപേക്ഷകന് എതിരാകുമ്പോള്‍ പോലും കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നില്ല.

‘ജുഡീഷ്യറിയുടെ നിയമസാധുത പൗരന്മാര്‍ വിയോജിക്കുന്ന കോടതി തീരുമാനങ്ങള്‍ക്ക് പോലും അംഗീകാരം നല്‍കാനുള്ള അതിന്റെ അധികാരത്തിലാണ്’ എന്ന് മൂന്ന് അമേരിക്കന്‍ അക്കാദമിക് വിദഗ്ധര്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ എഴുതിയിരുന്നു. യു.എസ് സുപ്രീം കോടതി എങ്ങിനെയാണ് തങ്ങള്‍ വിയോജിക്കുന്ന വിധികള്‍ പൗരന്മാരെ കൊണ്ട് സ്വീകരിപ്പിക്കുന്നത് എന്ന് അന്വേഷിക്കുന്നതായിരുന്നു ഇവരുടെ ഗവേഷണ പ്രബന്ധം.

ജുഡീഷ്യല്‍ നിയമസാധുതയുടെ സ്രോതസ്സുകളെ മൂന്ന് വ്യത്യസ്തവും എന്നാല്‍ പരസ്പരബന്ധിതവുമായ സൂഷ്തമതന്തുക്കളായാണ് റിച്ചാര്‍ഡ് ഫാളന്‍ തരംതരിച്ചത്. സാമൂഹിക പരമായത്(sociological), സന്മാര്‍ഗപരമായത് അല്ലെങ്കില്‍ സദാചാരപരമായത് (moral), നിയമപരമായത്(legal) എന്നിവയാണ് ഇവ.

ചില വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നിടത്തോളം കോടതി തീരുമാനത്തോട് തീഷ്ണമായ വിയോജിപ്പുണ്ടെങ്കില്‍പ്പോലും ഒരുവന് നിയമവ്യവസ്ഥതയോടുള്ള ബഹുമാനം നിലനിര്‍ത്താമെന്നാണ് ഫാളന്‍ എഴുതിയത്. ഫാളന്റെ പഠനത്തെ ട്രാംഗ് ന്യൂമെന്‍ വിപുലപ്പെടുത്തിയിരുന്നു. ഇതില്‍ അവര്‍ അതോറിറ്റേറിയന്‍ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന കോടതികളെ സംബന്ധിച്ചിടത്തോളം ജൂഡീഷ്യറിയുടെ നിയമസാധുതയുടെ ഒരു പ്രധാനഘടകം കോടതി റിസോഴ്‌സിനായും തൊഴിലിനായും ആശ്രയിക്കുന്ന പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായുള്ള അതിന്റെ ബന്ധവും കൂടിയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ഇതിനെ പരസ്പരപൂരകമായ നിയമസാധുത എന്നാണ് അവര്‍ വിളിച്ചത്.( inter branch legitimacy).

ഇതാണ് ജനാധിപത്യ രാജ്യങ്ങളിലെ കോടതികളെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും( political institution) തങ്ങള്‍ക്കുമിടയില്‍ ഒരു ഇരുമ്പ് മതില്‍ പണിയുന്നതിലൂടെയാണ് അവരുടെ നിമയസാധുതകള്‍ തേടുന്നത്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, എന്നിട്ടും, ഈയടുത്ത കാലത്ത് തെരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാര്‍ക്ക് വിരമിച്ചതിന്‌ശേഷം വിവിധ നിയമ നിര്‍മ്മാണ ജുഡീഷ്യല്‍ ബോഡികളില്‍ സ്ഥാനങ്ങളും, ഗവര്‍ണര്‍ പദവിയും, രാജ്യസഭ നാമനിര്‍ദേശവും നല്‍കുന്നതടക്കമുള്ള അസ്വസ്ഥതപ്പെടുത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരില്‍ നിന്ന് ഉണ്ടാകുന്നത്. സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരുടെ സ്ഥാന കയറ്റം, ഹൈക്കോടതികളിലേക്കുള്ള സ്ഥലം മാറ്റം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം തുടങ്ങിയ തീരുമാനമടക്കമുള്ള വിഷയങ്ങളില്‍ ഇപ്പോഴത്തെ ഭരണകൂടം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വേണം ജസ്റ്റിസ് അരുണ്‍ മിശ്ര പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നടപടികളെ പരിഗണിക്കാന്‍. ഒരു വശത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിശിതമായ വിമര്‍ശകനാണ് പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും വിവിധ പൊതുതാത്പര്യ ഹരജികള്‍ മുന്നോട്ട് വെച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സഹാറ-ബിര്‍ള ഡയറിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഇവയില്‍ ഏറ്റവും പ്രധാനമായത്. സംസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തിലിരിക്കുന്നവര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ത്തിയതായിരുന്നു കേസ്.

മറുവശത്ത് ജസ്റ്റിസ് അരുണ്‍ മിശ്ര ഈയടുത്തിടെവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചയാളാണ്. ” ലോകോത്തരമായി ചിന്തിക്കുകയും, പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭയായ ശ്രീ നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നു’ എന്നാണ് 2020ലെ ഇന്റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട്

അരുണ്‍ മിശ്ര പറഞ്ഞത്. ജസ്റ്റിസ് മിശ്രയുടെ ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ചില ബാര്‍ അസോസിയേഷനുകള്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. മിശ്രയുടെ പ്രതികരണം തീര്‍ത്തും അനുചിതവും ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുന്നതുമാണ് എന്നാണ് അവര്‍ പറഞ്ഞത്. ഈ വിശാലമായ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് മിശ്ര നടപടികളെ കാണേണ്ടത്.

പൗരാവകാശ നേതാവ് ജോണ്‍ റോബേര്‍ട്ട് ലൂയിസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമായുള്ള ലൂയിസിന്റെ പോരാട്ടങ്ങളെ അനുസ്മരിച്ചത് ‘ വിയോജിക്കാതെ വിയോജിക്കുന്നു” എന്ന് പറഞ്ഞായിരുന്നു.
അനീതിയെ അഭിമുഖീകരിക്കുമ്പോഴും ഒരുവന്‍ അന്തസ്സോടെ പ്രവര്‍ത്തിക്കണം. ഒരാള്‍ പ്രതിനീധികരിക്കുന്ന കാരണത്തേക്കാള്‍ വലുതല്ല മറ്റൊന്നും. ജനാധിപത്യമൂല്യങ്ങളുടെയും തുല്യ അവകാശത്തിന്റെയും ചാമ്പ്യന്മാര്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ പ്രചാരകരാണ് എന്നത് ഒരിക്കലും മറക്കാന്‍ പാടില്ല. അവരുടെ പെരുമാറ്റവും പ്രധാനമാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മാത്രമല്ല സുപ്രീം കോടതിയ്ക്ക് അതിന്റെ നിയമസാധുതയും വിശ്വാസ്യതയും ലഭിക്കുന്നത്(legal source of legitimacy) സമൂഹത്തിന്റെ അവസാന ആശ്രയമായി നില്‍ക്കുന്നത് കോടതിയാണെന്നതും കൊണ്ട് കൂടിയാണ്. പരമോന്നത നീതിപീഠത്തെ ജനങ്ങള്‍ ബഹുമാനിക്കുന്നത് ശിക്ഷയോടുള്ള ഭയം കൊണ്ടല്ല, അവര്‍ അതില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ടാണ്. ന്യായാധിപന്മാര്‍ വിധി പ്രസ്താവം നടത്തുന്നത് കൃത്യമായി കേസ് പഠിച്ചതിന് ശേഷവും നീതിയുക്തമായി വാദം കേട്ടതിനുശേഷവുമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. വിശ്വാസ്യതയിലേറ്റ കുറവിനുമപ്പുറത്തേക്ക് പരമോന്നത നീതിപീഡം ഭയചകിതമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. കശ്മീരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയക്കാരെയും ആക്റ്റിവിസ്റ്റുകളെയും കാണാതാവുമ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നതിന്റെ ഒരെയൊരു കാരണം ഇത് മാത്രമാണ്. വര്‍ഗീയ കലാപങ്ങളില്‍ ഇരയാക്കപ്പെട്ടവര്‍ (ഗുജറാത്ത്-മുസഫര്‍നഗര്‍-ദല്‍ഹി)നീതിയ്ക്കുവേണ്ടിയും നഷ്ടപരിഹാരത്തിനു വേണ്ടിയും പരമോന്നത നീതിപീഠത്തെ സമീപിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ആക്റ്റിവിസ്റ്റുകളായ പ്രശാന്ത് ഭൂഷണപ്പോലെയുള്ളവര്‍ നിരവധി തവണ പരാജയപ്പെട്ടിട്ടും സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യുന്നതും ഇതേ വിശ്വാസത്തിലുറച്ചുകൊണ്ടാണ്.

അതോറിറ്റേറിയന്‍ ഭരണക്രമങ്ങളില്‍ ജുഡീഷ്യറി പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടിവുകളുമായി ഹൈഫണേറ്റ് ചെയ്യപ്പെടുന്നു. എന്നാല്‍ ജനധിപത്യരാജ്യങ്ങളില്‍ ജുഡീഷ്യറി അതിന്റെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നുമുണ്ട് ‘ നീതി ഉറപ്പാക്കിയാല്‍ മാത്രം പോരാ. അത് സാധ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും കൂടിയുണ്ട്’. ജഡ്ജിമാരുടെ നിഷ്പക്ഷതയേയും പുനസ്ഥാപനത്തെയും കുറിച്ചുള്ള പ്രധാന തത്വങ്ങളിലൊന്നാണിത്.

നിര്‍ഭാഗ്യവശാല്‍ ജസ്റ്റിസ് മിശ്രയുടെ സ്വാതന്ത്ര്യം പൊതുമധ്യത്തില്‍ തന്നെ ചില മുതിര്‍ന്ന അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ചോദ്യം ചെയ്തതാണ്. പ്രശാന്ത് ഭൂഷണ്‍ തന്നെ നേരത്തെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് മിശ്രയുടെ മരുമകന്‍ നടത്തിയ ഒരു കുടുംബ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, തുടങ്ങിയ ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ‘ഈ നീലക്കണ്ണുള്ള ജോയിന്റ് സെക്രട്ടറി മുതിര്‍ന്ന ഒരു സുപ്രീം കോടതി ജഡ്ജിയുടെ മരുമകനാണ്. ഇയാളുടെ മകളുടെ തലമൊട്ടയടിക്കല്‍ ചടങ്ങ് ഈ ജഡ്ജിയുടെ വീട്ടില്‍വെച്ചാണ് നടന്നതും’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
ഈ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര സ്വയം മാറി നിന്നാല്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാകും.

കോടതിയലക്ഷ്യമെന്നത് ജഡ്ജിമാരുടെ കണ്ണില്‍ തന്നെ അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള മാര്‍ഗമല്ല. മറിച്ച് കോടതിയെ ആശ്രയിക്കുന്ന പരാതിക്കാരുടെയും, എണ്ണമറ്റ പാവങ്ങളുടെയും, ദുര്‍ബലവിഭാഗങ്ങളുടെയും, നിരാലംബരുടെയും ആശ്രയമാണ്. മിക്ക സ്ഥാപനങ്ങളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പരമോന്നത നീതിപീഠമെന്നത് പ്രതീക്ഷയുടെ അവസാന കിരണമാണെന്നത് ജസ്റ്റിസ് മിശ്ര തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ആഷിഷ് ഖേതന്‍

Former chairperson of the Dialogue and Development Commission of the Delhi government.

Latest Stories

We use cookies to give you the best possible experience. Learn more