തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. കേരളത്തിലെ കൊലപാതകത്തിന് ശേഷം നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രതികളെ പിടിക്കാനായി പുറപ്പെടുന്ന നാലംഗ സംഘമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി ഡേവിഡ് എന്നിവരാണ് സ്‌ക്വാഡിലെ നാല് അംഗങ്ങളെ അവതരിപ്പിച്ചത്.
************Spoiler Alert************
ട്രെയ്‌ലറില്‍ നിന്ന് തന്നെ പ്രഡിക്ട് ചെയ്യാവുന്ന കഥയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റേത്. ഫസ്റ്റ് ഹാഫില്‍ തന്നെ പ്രതികളെയും മനസിലാക്കാനാവും. എന്നിട്ടും അവസാനം വരെ സീറ്റില്‍ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് തുടര്‍ന്നുണ്ടാവുന്ന കോണ്‍ഫ്‌ളിറ്റുകളും മേക്കിങ്ങുമാണ്. പ്രതികളിലേക്കുള്ള വഴികളില്‍ സ്‌ക്വാഡ് നേരിടുന്ന ചലഞ്ചുകളില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധം ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കാന്‍ തിരക്കഥക്കാവുന്നുണ്ട്. ഒരു ഘട്ടത്തില്‍ പ്രേക്ഷകര്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരാളായി മാറും.
ചിത്രം തുടങ്ങി ഓരോ രംഗം കഴിയുമ്പോഴും പ്രേക്ഷകരുടെയും ആകാംക്ഷ കൂടും. ഒടുവില്‍ പ്രതികളെ എങ്ങനെയെങ്കിലും പിടിച്ചാല്‍ മതിയെന്ന് തോന്നും. മേക്കിങ്ങില്‍ അത്രയും സൂക്ഷ്മത റോബി വര്‍ഗീസ് രാജ് ശ്രദ്ധിച്ചിട്ടുണ്ട്.
ചിത്രം കണ്ടവര്‍ക്ക് മറക്കാനാവാത്ത രംഗമാവും ടിക്രി വില്ലേജ് സീന്‍. ക്ലൈമാക്‌സിനെക്കാളധികം ആകാംക്ഷ തരുന്ന രംഗമാണ് ടിക്രി വില്ലേജിലേത്. ടിക്രി വില്ലേജിലേക്ക് സ്‌ക്വാഡ് പ്രവേശിക്കുന്നത് മുതല്‍ ഇറങ്ങുന്നത് വരെ വല്ലാത്തൊരു ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. നിശബ്ദതയില്‍ തുടങ്ങി വലിയ കോലാഹലത്തിലേക്ക് ഈ രംഗത്തിന്റെ നീക്കം. എല്ലാം ഒടുങ്ങി എന്ന് പോലും ഒരു ഘട്ടത്തില്‍ പ്രേക്ഷകര്‍ വിചാരിക്കും. അപ്രതീക്ഷിതമായി വന്ന രണ്ടാം ഘട്ടം ടിക്രി വില്ലേജ് പോഷനെ കൂടുതല്‍ എലവേറ്റ് ചെയ്തു.
റിയലിസ്റ്റിക്ക് മാത്രമാവാതെ സിനിമാറ്റിക് എലമെന്റ് കൂടി ചേര്‍ത്തത് ഈ രംഗത്തെ കൂടുതല്‍ മനോഹരമാക്കി. ഒപ്പം ഗംഭീരമായി എക്‌സിക്യൂട്ട് ചെയ്ത ഫൈറ്റും സിനിമാറ്റോഗ്രഫിയുമാണ് ടിക്രി വില്ലേജിനെ എടുത്ത് നിര്‍ത്തുന്നത്. 360 ഡിഗ്രി കാര്‍ തിരിയുന്ന ഷോട്ടും എഡ്ജ് ഓഫ് ദി സീറ്റായിരുന്നു.
നിശബ്ദതയില്‍ തുടങ്ങി പവന്‍ ഭയ്യാ എന്ന ഒടുക്കത്തെ നിലവിളി വരെയുള്ള ടിക്രി വില്ലേജ് സീന്‍ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാണ് നല്‍കുന്നത്. അതിന്റെ ബാക്കിയായി വന്ന റെയില്‍വേ സ്‌റ്റേഷന്‍ സീനും സമാനമായ സംതൃപ്തിയാണ് നല്‍കുന്നത്.
കുറച്ച് നേരത്തേക്ക് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും ഈ ടിക്ക്രി വില്ലേജ് പോഷനില്‍ പ്രധാന താരമായ പവന്‍ ഭയ്യയെ അവതരിപ്പിച്ച നടന്‍ ഒരു ഷോ സ്റ്റീലറായിരുന്നു. കാറിനൊപ്പമുള്ള അദ്ദേഹത്തിന്റെ ഓട്ടത്തിന്റെ ടൈമിങ്ങൊക്കെ ആ രംഗത്തെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിറങ്ങുന്നവരുടെ മനസില്‍ ടിക്രി വില്ലേജിനൊപ്പം പവന്‍ ഭയ്യയുമുണ്ടാവും.
Content Highlight: Why is Tikri Village Fight different in Kannur Squad