ന്യൂദല്‍ഹി: ഇസ്രഈലി നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഇന്ത്യ 2017ല്‍ വാങ്ങിയിരുന്നെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ ട്വീറ്റ് പങ്കുവെച്ചു.
”എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെ പോലെ പെരുമാറുന്നതും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതും?
പെഗാസസ് ഉപയോഗിച്ച്, നിയമവിരുദ്ധമായി ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുന്നത് വഞ്ചനയാണ്. ആരും നിയമത്തിന് അതീതരല്ല. ജനങ്ങള്‍ക്ക് നീതി ലഭിക്കും എന്ന് ഞങ്ങള്‍ ഉറപ്പാക്കും,” ഖാര്‍ഖെ ട്വീറ്റില്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ശക്തിസിന്‍ഹ് ഗോഹിലും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ നരേന്ദ്ര മോദി എന്താണ് മിണ്ടാതിരിക്കുന്നതെന്നാണ് ഗോഹില്‍ ചോദിക്കുന്നത്.
”എന്താണ് നരേന്ദ്ര മോദി ഇത്ര നിശബ്ദനായിരിക്കുന്നത്. കാര്യങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയുടെ പ്രധാനമന്ത്രിക്കാണ്.
പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്,” ഗോഹില്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി എന്നിവരും എന്‍.വൈ ടൈംസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തിന്റെ പ്രതികരണത്തിന് വേണ്ടി വാര്‍ത്താ ഏജന്‍സി പി.ടി.ഐ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.
ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി 2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017ല്‍ മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെയാണ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നും എന്‍.വൈ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈലിന്റെ സുഹൃത്ത് രാജ്യങ്ങള്‍ക്ക് പെഗാസസ് വില്‍ക്കാനായിരുന്നു ആദ്യം ഇസ്രഈല്‍ സര്‍ക്കാര്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി.
അമേരിക്ക പക്ഷെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സോഫ്റ്റ്‌വെയര്‍ നല്‍കാനുള്ള ലൈസന്‍സ് എന്‍.എസ്.ഒക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ വിറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനെക്കുറിച്ചും അത് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇസ്രഈല്‍ സര്‍ക്കാരിന്റെ അറിവോട് കൂടിയാണ് എന്‍.എസ്.ഒ നിര്‍മിത സോഫ്റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇസ്രഈല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രഈല്‍ സര്‍ക്കാരും നേരത്തെ പെഗാസസ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിരവധി പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു.
സമിതിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
Content Highlight: Why is Prime Minister is Silent, Congress Targets Centre After NYT Report on Pegasus