| Wednesday, 4th April 2018, 12:32 am

മോദിയെന്താണ് ഇപ്പോഴും മിണ്ടാത്തത്; ദളിത് പ്രശ്‌നത്തില്‍ മോദി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.സി എസ്.ടി നിയമങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ദളിത് വിഭാഗങ്ങള്‍ പ്രക്ഷേഭത്തിലേര്‍പ്പെടുമ്പോഴും മോദി എന്താണ് ഒന്നും മിണ്ടാത്തതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതുകള്‍ പീഢന വിധേയമാവുമ്പോഴും നിയമങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“രോഹിത് വെമുല കൊല്ലപ്പെട്ടു. ഉനയില്‍ ദളിതുകള്‍ മര്‍ദ്ദനത്തിന് വിധേയമായി. പക്ഷേ പ്രധാനമന്ത്രി ഒരു വാക്കു പോലും പറയുന്നില്ല. ദളിത് പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എസ്.സി എസ്.ടി നിയമത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണ്. പക്ഷേ മോദി ഒരു വാക്ക് പോലും പറയാതിരിക്കുന്നു.” – രാഹുല്‍ പറഞ്ഞു.


Read Also: നിങ്ങളെ സംഘിയാണോ എന്ന സംശയത്തോടെ ആരെങ്കിലും നോക്കിയാല്‍ നമ്മളാരെ കുറ്റം പറയും അനുശ്രീ?


മോദി സര്‍ക്കാര്‍ ദളിത് ക്ഷേമത്തിന് വേണ്ടി ചെലവഴിച്ച തുകയില്‍ പകുതിയോളം ചെലവഴിക്കപ്പെട്ടത് കര്‍ണാടകയില്‍ മാത്രമാണെന്നും രാഹുല്‍ അവകാശപ്പെട്ടു.

സി.ബി.എസ്.സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെയും കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നതിനെയും രാഹുല്‍ പരിഹസിച്ചു. “മോദിക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനായില്ലെന്ന് വരാം. പക്ഷേ അദ്ദേഹം ഇനിയും വിദ്യാര്‍ഥികളോട് പരീക്ഷക്ക് എങ്ങനെ തയ്യാറാവാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുമായിരിക്കും” എന്നാണ് രാഹുല്‍ പരിഹസിച്ചത്. മോദി റേഡിയോയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ “ടിപ്പുകള്‍” നല്‍കിയതിനെ സൂചിപ്പിച്ചായിരുന്നു പരിഹാസം.


Read Also: മോദി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ വാര്‍ത്താ തടയല്‍ നിയമത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങളും


ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയെയും വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. “ബി.ജെ.പി ആദ്യമായി സത്യം പറഞ്ഞിരിക്കുന്നു. യെദ്യൂരപ്പയുടെ സര്‍ക്കാരാണ് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന് അമിത് ഷാ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ജീവിതത്തിലാദ്യമായി സത്യം പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.” – രാഹുല്‍ പറഞ്ഞു. മാര്‍ച്ച് 27ന് പത്രസമ്മേളനത്തില്‍ അബദ്ധത്തില്‍ യെദ്യൂരപ്പയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തെ ഉദ്ദേശിച്ചാണ് രാഹുലിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more