'2011ൽ മൻമോഹൻ സിങ്ങിനോട്‌ എം.എസ്.പിക്ക് നിയമ പരിരക്ഷ നൽകണമെന്ന് മോദി ആവശ്യപ്പെട്ടു; ഇന്ന് ഓടിയോളിക്കുന്നു'
Nationl News
'2011ൽ മൻമോഹൻ സിങ്ങിനോട്‌ എം.എസ്.പിക്ക് നിയമ പരിരക്ഷ നൽകണമെന്ന് മോദി ആവശ്യപ്പെട്ടു; ഇന്ന് ഓടിയോളിക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 5:38 pm

ന്യൂദൽഹി: 2011ൽ കർഷകർക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കണമെന്ന് മൻമോഹൻ സിങ് സർക്കാരിനോട് ആവശ്യപ്പെട്ട നരേന്ദ്ര മോദി ഇപ്പോൾ അതിൽ നിന്ന് ഓടി ഒളിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ്‌.

2011ൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി എം.എസ്.പിക്ക് താഴെ കർഷകരും വ്യാപാരികളും തമ്മിൽ ഇടപാട് നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൻമോഹൻ സിങ്ങിന് റിപ്പോർട്ട് നൽകിയിരുന്നു എന്ന് എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ജയറാം രമേശ്‌ ചൂണ്ടിക്കാട്ടി.

‘2011ൽ ഗുജറാത്ത് മുഖ്യമന്ത്രിയും ഒരു തൊഴിലാളി സംഘടനയുടെ ചെയർമാനും ആയിരുന്ന നരേന്ദ്ര മോദി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് എം.എസ്.പിക്ക് താഴെ കർഷകരും വ്യാപാരികളും തമ്മിൽ ഇടപാട് നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് അതിൽ പറഞ്ഞിരുന്നു,’ ജയറാം രമേശ്‌ പറഞ്ഞു.

2014ൽ തെരഞ്ഞെടുപ്പ് റാലികളിലുടനീളം മുഴുവൻ വിളകൾക്കും എം.എസ്.പി ഉറപ്പാക്കുമെന്നും അതിൽ സ്വാമിനാഥൻ കമ്മിറ്റി ഫോർമുല പ്രകാരം മുഴുവൻ ചെലവുകളും 50% മാർജിനും ഉൾപ്പെടുത്തുമെന്നും നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നുവെന്നും രമേശ്‌ പറയുന്നു.

സ്വാമിനാഥൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഗോതമ്പ് ഒരു കിന്റലിന് എം.എസ്.പിയിൽ നൽകേണ്ടത് 2,478 രൂപയാണെന്നും നിലവിൽ അത് 2275 രൂപ മാത്രമാണെന്നും രമേശ് പറഞ്ഞു. നെല്ലിന്റെ എം.എസ്.പി കിന്റലിന് 2,183 രൂപയാണെന്നിരിക്കെ നിലവിലത് 2,866 രൂപ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോദിജി, നിങ്ങളുടെ തന്നെ 2011ലെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് നടപ്പാക്കാത്തത്? തുടർച്ചയായി എം.എസ്.പി വാഗ്ദാനം ചെയ്തുകൊണ്ട് കർഷകരോട് എന്തിന് കള്ളം പറഞ്ഞു?

ഇന്ന് ഇന്ത്യയിലെ കർഷകർക്ക് മോദി സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ കിസാൻ ന്യായ് ഗ്യാരണ്ടിയിലൂടെ മാത്രമേ സ്വാമിനാഥൻ ഫോർമുല പ്രകാരം കർഷകർക്ക് എം.എസ്.പിയിൽ നിയമ പരിരക്ഷ നൽകുവാൻ സാധിക്കൂ,’ രമേശ്‌ പറഞ്ഞു.

എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നവർ കർഷകരെ ഒപ്പം നിർത്തണമെന്നും കർഷകർ കുറ്റവാളികളല്ല മറിച്ച് അന്നദാതാക്കളാണെന്നും ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ പറഞ്ഞിരുന്നു.

Content Highlight: Why is Modi govt running away from giving legal guarantee of MSP: Congress