ലയണല്‍ മെസി ഗ്രൗണ്ടിലൂടെ കൂടുതല്‍ സമയം നടക്കുന്നതിനെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാണ്. മറ്റുള്ള താരങ്ങള്‍ ഓടിക്കളിക്കുമ്പോള്‍ മെസി അധിക സമയവും നടക്കുന്നത് കാണാം. എന്തിനാണ് മെസി അങ്ങനെ ചെയ്യുന്നതെന്ന് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോള്‍.
കളത്തിലൂടെ നടക്കുമ്പോള്‍ മെസി തല ഇരുവശങ്ങളിലേക്ക് ചലിപ്പിക്കുമെന്നും അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവന് മനസിലാക്കാനാകുമെന്നും പെപ് പറഞ്ഞു. എതിരാളിയുടെ ദൗര്‍ബല്യം തിരിച്ചറിയാനുള്ള കഴിവ് മെസിക്കുണ്ടെന്നും ആദ്യത്തെ പത്ത് മിനിട്ടിനുള്ളില്‍ അവനൊരു മാപ്പ് സ്വയം സൃഷ്ടിക്കുമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
‘മെസി മൈതാനത്ത് നടക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എപ്പോഴും മത്സരത്തില്‍ മുഴുകിയിരിക്കുന്ന മെസി കളിയില്‍ നിന്ന് പുറത്താകില്ല. തന്റെ തല ഇരുവശങ്ങളിലേക്കും മാറി മാറി മെസി ചലിപ്പിക്കും. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവനറിയാം.
മെസിക്ക് എതിരാളികളുടെ ദൗര്‍ബല്യം കണ്ടുപിടിക്കാനുള്ള ശേഷിയുണ്ട്. ആദ്യത്തെ പത്ത് മിനിട്ടിനുള്ളില്‍ അവനൊരു മാപ്പ് സ്വയം സൃഷ്ടിക്കും. എവിടെയാണ് വിടവുള്ളതെന്ന് അവന്‍ തലച്ചോറില്‍ സേവ് ചെയ്ത് വെക്കും. കളത്തില്‍ നടന്നുകൊണ്ടിരുന്നാല്‍ അക്രമിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് മെസിക്കറിയാം. മൈതാനത്ത് അധികം നടക്കാത്ത മെസിയെ കണ്ടാല്‍ അവന് ശാരീരികമായി എന്തോ പ്രശ്നമുണ്ടെന്ന് വേണം കരുതാന്‍,’ പെപ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.
അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
Content Highlights: Why is Messi always walking on the pitch?