| Tuesday, 21st April 2020, 9:24 pm

ആഗോള എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍, എന്നിട്ടും ഇവിടെ ഒരുമാറ്റവുമില്ല; കുറവ് ജനങ്ങള്‍ക്ക് നല്‍കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് എന്തുകൊണ്ടാണ് പെട്രോളിനും ഡീസലിനും വില കുറയ്ക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്. ഇന്ത്യയിലിപ്പോഴും പെട്രോളിനും ഡീസലിനും യഥാക്രമം, 69 രൂപയും 62 രൂപയുമാണ് വില. ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ എപ്പോള്‍ തയ്യാറാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു.

‘ആഗോള വിപണിയില്‍ എണ്ണവില ഇതുവരെ പ്രതീക്ഷിക്കാത്ത തരത്തില്‍ കുറഞ്ഞിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ 69 ഉം 62 ഉം രൂപയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നത്?. ഈ ദുരന്തകാലത്ത് വില കുറഞ്ഞത് നല്ലതാണ്. ഇത് എന്നാണ് സര്‍ക്കാരൊന്ന് മനസിലാക്കാന്‍ തയ്യാറാവുക’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും സമാന അഭിപ്രായം പങ്കുവെച്ചു. എണ്ണവില ഇടിഞ്ഞിട്ടും സര്‍ക്കാര്‍ അതറിയാത്തതുപോലെ മൗനംപാലിക്കുകയാണെന്ന് സുര്‍ജേവാല അഭിപ്രായപ്പെട്ടു.

കൊവിഡ് 19 വ്യാപനത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണ് എണ്ണവില. യു.എസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതോടെയുമാണ് വില താഴേക്ക് പോയത്. -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. വിപണിയില്‍ വില്‍ക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്.
ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയില്‍ അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more