| Wednesday, 9th May 2018, 3:35 pm

'മുന്‍കൂര്‍ ജാമ്യം ഇല്ല; എന്നിട്ടും അര്‍ണബ് സ്വതന്ത്രന്‍'; ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. ആത്മഹത്യാപ്രേരണക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അര്‍ണബിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്.

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ മുന്‍പ് അര്‍ണബ് ഗോസ്വാമിക്കെതിരെ സെക്ഷന്‍ 306 വകുപ്പ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്തുകൊണ്ടാണ് മുംബൈ പൊലീസ് കേസന്വേഷണം വൈകിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇത്ര ദിവസം പിന്നിട്ടും മുന്‍കൂര്‍ജാമ്യം പോലും എടുക്കാതെ അര്‍ണബ് എങ്ങനെയാണ് സ്വതന്ത്രനായി ഇപ്പോഴും നടക്കുന്നത്. എന്തുകൊണ്ടാണ് പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്യാത്തത്?

അര്‍ണബ് ഗോസ്വാമിയെപ്പോലെയും രാജീവ് ചന്ദ്രശേഖരനെപ്പോലെയുമുള്ളവര്‍ അറസ്റ്റിന് അതീതരാണോയെന്നും ്അദ്ദേഹം ചോദിച്ചു. പത്രപ്രവര്‍ത്തകരുടെ മൂല്യങ്ങള്‍ എവിടെപ്പോയെന്ന് രാജ്യത്തിന് അറിയണമെന്നും പവന്‍ ഖേര ചോദിക്കുന്നു.


Dont Miss ചാരക്കേസ്; കേസന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ: കേസിലകപ്പെട്ട ഉദ്യോഗസ്ഥര്‍ വീടുവിറ്റായാലും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി


അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ അലിബാഗ് പൊലീസായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കിന്റെ ആത്മഹത്യയിലായിരുന്നു പൊലീസ് നടപടി. അര്‍ണാബിനെക്കൂടാതെ ഐകാസ്റ്റ് എക്സിലെ ഫിറോസ് ശൈഖിനെതിരെയും സ്മാര്‍ട്ട് വര്‍ക്ക്സിലെ നിതേഷ് സര്‍ദ്ദയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നായിക്കിന്റെ അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

റിപ്പബ്ലിക് ടി.വി പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് നായിക് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു.. അതേസമയം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കരാര്‍ പ്രകാരമുള്ള തുക നായിക്കിന് നല്‍കിയതായും റിപ്പബ്ലിക് ടി.വി അറിയിച്ചു.

അതേസമയം അര്‍ണബടക്കം മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പണം നല്‍കാത്തതുമൂലം നായിക്കിന്റെ ബിസിനസ് നഷ്ടത്തിലായെന്നും അക്കാരണത്താലാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more