| Friday, 18th September 2020, 3:09 pm

കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കിടയില്‍ കര്‍ഷകരെ ഞെരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ല്; ഹര്‍സിമ്രത് കൗര്‍ രാജിയും വിവാദങ്ങളും

ശ്രിന്‍ഷ രാമകൃഷ്ണന്‍

വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരിക്കുകയാണ്. ബില്ലിന് പിന്നാലെ ലോക്‌സഭയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബിലാരംഭിച്ച പ്രതിഷേധം ഹരിയാനയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹര്‍സിമ്രത് കൗറിന്റെ രാജി.

കൂടുതലൊന്നും മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയ രാജ്യത്തെ കര്‍ഷകരുടെ ജീവിക്കാനുള്ള പോരാട്ടം ഇപ്പോള്‍ ചര്‍ച്ചയിലേക്കെത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തിനാണ് രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്നും, കര്‍ഷകരെ ഗുരുതര പ്രതിസന്ധിയാഴ്ത്തുന്നതുമായ കേന്ദ്രത്തിന്റെ മൂന്ന് ഓഡിനന്‍സുകളെയും വിശദമായി പരിശോധിക്കുകയാണ് ഡൂള്‍ എക്‌സപ്ലയിനര്‍

ജൂണ്‍ അഞ്ചിന് കേന്ദ്രം പ്രഖ്യാപിച്ച മൂന്ന് ഓഡിനന്‍സുകള്‍ക്കെതിരെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോട് അനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഹരിയാനയിലെ കര്‍ഷകര്‍ ദേശീയ പാതയടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു.

വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി അറിയിക്കുകയും ചെയ്തിരുന്നു.

ഏതൊക്കെയാണ് ആ മൂന്ന് ഓഡിനന്‍സുകള്‍. ഇവയെന്തൊക്കെ മാറ്റങ്ങളാണ് വരുത്തുക, കര്‍ഷകര്‍ക്കപ്പുറം സാധാരക്കാരന്റെ ജീവിതത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് ആ മൂന്ന് ഓഡിനന്‍സുകള്‍. ഇതില്‍ ഫാം സെക്ടര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഭാരതീയ കിസാന്‍ യൂണിയനും മറ്റ് കാര്‍ഷിക സംഘടനകളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. എന്നിരുന്നാലും ഇതുവരെ പ്രതിഷേധിത്തിന് ഒരു സംഘടിത രൂപമോ ഏകീകരണമോ ഉണ്ടായിട്ടില്ല.

പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. നിലവില്‍ ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് മാത്രമേ കര്‍ഷകരില്‍ നിന്നും വിളകള്‍ സംഭരിക്കാനുള്ള അവകാശമുളളൂ.

ഈ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ വിലനിയന്ത്രണം പൂര്‍ണമായും ഇല്ലാതാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മനസിലാക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച് കൂടി മനസിലാക്കേണ്ടതുണ്ട്

നിരവധി വിതരണ ശൃംഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ കാര്‍ഷിക വ്യവസ്ഥ. നേരത്തെ കര്‍ഷകര്‍ക്ക് സുഖമമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലായിരുന്നു.

ഇവ പ്രധാനമായും മണി ലെന്‍ഡേഴ്‌സിനെ അടിസ്ഥാനമാക്കിയായിരുന്നു നടന്നിരുന്നത്. ഇത് കര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യമുണ്ടാക്കി. ഫലത്തില്‍ കര്‍ഷകര്‍ കടക്കെണിയില്‍ നിന്ന് മോചിതരാകതെ തുടരേണ്ടിയും വന്നു.

ഇതിനെ തുടര്‍ന്നാണ് ഇടനിലക്കാരില്‍ നിന്നുമുള്ള കാര്‍ഷിക ചൂഷണം അവസാനിപ്പിക്കാന്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില നിയന്ത്രണത്തിന് അനിവാര്യമായ ഒരു ഘടനാ സംവിധാനം കൂടിയാണ് എ.പി.എം.സി.

സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷരില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിന് ട്രെയ്‌ഡേഴ്‌സിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയത് എ.പി.എം.സി പ്രകാരമാണ്. പച്ചക്കറി ചന്തയുള്‍പ്പെടെയുള്ളവ വിവിധ ഉത്പാദന കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാരുകളാണ്  നടപ്പിലാക്കി വരുന്നത്.

കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം വില്‍പ്പനക്കാരനും ഗുണകരമായ വ്യവസ്ഥയാണ് എ.പി.എം.സി. ഇന്ത്യയുടെ കാര്‍ഷിക വിപണിയല്‍ ഹരിത വിപ്ലവം വിജയകരമാക്കുന്നതില്‍ പോലും നിര്‍ണായക പങ്കുവഹിച്ചത് ഈ കമ്മിറ്റിയാണ്.

ഇതിനിടയില്‍ എ.പി.എം.സി സിസ്റ്റവുമായി ബന്ധപ്പെട്ടും പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ.പി.എം.സിയില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ക്കറ്റ് കമ്മിറ്റി ലൈസന്‍സ് രാജിന് വഴിവെച്ചു എന്നതെല്ലാമായിരുന്നു ആക്ഷേപങ്ങള്‍.

പക്ഷേ കര്‍ഷകര്‍ തങ്ങളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ സംവിധാനം ഏറെ സഹായിച്ചുവെന്ന് തന്നെയാണ് ഒറ്റശബ്ദത്തില്‍ പറയുന്നത്.

ഇനി കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ ഓഡിനന്‍സിലേക്ക് കടക്കാം

മോദി സര്‍ക്കാര്‍ ജൂണ്‍ അഞ്ചിന് കൊണ്ടു വന്ന ഓഡിനന്‍സ് വിത്തിടുമ്പോള്‍ തന്നെ വിളകള്‍ക്ക് വില എന്ന തരത്തിലായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ഒരു രാജ്യം ഒരു വിപണി എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഈ ഓഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചത്. കര്‍ഷകര്‍ക്ക് പ്രസ്തുത ഓഡിന്‍സ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നായിരുന്നു മറ്റൊരു അവകാശവാദം.

പുതിയ ഓഡിന്‍സ് നടപ്പാകുന്നതോട് കൂടി വില നിയന്ത്രണം, കര്‍ഷകരുടെ സപ്പോര്‍ട്ട് സിസ്റ്റം,പച്ചക്കറി ചന്ത തുടങ്ങിയവ ദുര്‍ബലമാക്കപ്പെടും.

ഫലത്തില്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം കര്‍ഷകരെ നിയന്ത്രിക്കാന്‍ സാധിക്കും. രാജ്യത്തെ 85 ശതമാനം വരുന്ന ചെറുകിട കര്‍ഷകര്‍ക്കും ഇത് വലിയ തിരിച്ചടിയായിരിക്കും.

കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ആര്‍ക്കുവേണമെങ്കിലും വിളകള്‍ വില്‍ക്കാം. ഏത് കമ്പനിയാണോ കൂടുതല്‍ ഉത്പന്നങ്ങല്‍ വാങ്ങുന്നത് ആ കമ്പനിയുമായി വില നിശ്ചയിക്കാം. കര്‍ഷകനും വ്യവസായ സ്ഥാപനവുമായി നേരിട്ടാണ് ബന്ധം.

സര്‍ക്കാര്‍ ഇടപെടലുകളില്ല. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ പ്രകാരം ഒരു പാന്‍ കാര്‍ഡുള്ള എത് ട്രെയിഡര്‍ക്കും കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാം.

ഇതിന്റെ തന്നെ ഭാഗമായാണ് കര്‍ഷകനില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുകയും ശേഖരിച്ചുവെക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉത്പന്നങ്ങളുടെ വില നിയന്ത്രണം ഇതോടെ സ്വാകാര്യ കമ്പനികളുടെ  കൈകളിലാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

ഈ ഓഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോട് കൂടി കാര്‍ഷിക വിപണിയിലെ വിശ്വാസ്യതയാണ് തകരാന്‍ പോകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ബില്‍ നിയമമായില്‍ ഒരു കര്‍ഷകന് ഒരു വ്യാപാരിയെ എങ്ങിനെ വിശ്വസിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

കാര്‍ഷിക പ്രതിഷേധം ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുന്ന പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക ചൂഷണത്തിന് വലിയ രീതിയില്‍ തടയിടാന്‍ സാധിച്ചത് എ.പി.എം.സി സിസ്റ്റം വഴിയാണ്.

മാര്‍ക്കറ്റ് ഫീ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത് എന്തുകൊണ്ട്

പുതിയ നിയമത്തിലെ മാര്‍ക്കറ്റ് ഫീയുമായി ബന്ധപ്പെട്ട വ്യവസ്ഥയ്ക്കും കര്‍ഷകരില്‍ നിന്ന് വലിയ പ്രതിഷേധമാണ് രൂപപ്പെട്ട് വരുന്നത്. ജൂണ്‍ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട ഓഡിനന്‍സ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ആകര്‍ഷണ ഘടകമായി അവതരിപ്പിച്ചതാണ് മാര്‍ക്കറ്റ് ഫീ.

അതായത്, പുതിയ നിയമപ്രകാരം കര്‍ഷകര്‍ക്കും ട്രെയ്‌ഡേഴ്‌സിനു സര്‍ക്കാരിന് ടാക്‌സ് നല്‍കേണ്ടതില്ല. ഈ നികുതി ഇളവിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കും ട്രേയ്‌ഡേഴ്‌സിനും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. പക്ഷേ നികുതി ഇളവ് നല്‍കുന്നുവെന്ന മറവില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ ഗ്രാമ വികസനം, അര്‍ഹതീയ്യ കമ്മീഷന്‍ എന്നീ ഇനത്തല്‍ 8.5ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. കര്‍ഷകരുടെ ഒരുവിധ താത്പര്യങ്ങളും സംരക്ഷിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത നിയമം അവതരിപ്പിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഹര്‍സിമ്രത് കൗറിന്റെ രാജിയും വിവാദങ്ങളും

കര്‍ഷക പ്രതിഷേധം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പഞ്ചാബില്‍ നിന്നുള്ള ബി.ജെ.പിയുടെ സഖ്യകക്ഷിയായ അകാലി ദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍. കേന്ദ്രസര്‍ക്കാര്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങളോട് കൂടിയാലോചന നടത്തിയില്ലെന്നാണ് അകാലിദള്‍ അവകാശപ്പെടുന്നത്.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു. ബല്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്ന അകാലിദള്‍. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടുകൂടിയാണ് നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്. ബില്ലിനെ എതിര്‍ക്കുമ്പോഴും ബി.ജെ.പിക്കുള്ള പിന്തുണ തുടരുമെന്നും അകാലിദള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം രൂക്ഷമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിനു മുന്നില്‍ ബില്‍ കത്തിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് എം.പിമാരായ ജസ്ബീര്‍ സിംഗ് ഗില്‍, രണ്‍വീത് സിംഗ് ബിട്ടു, അമര്‍ സിംഗ് എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്‍ പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്‍ക്കുമെന്നും എം.പിമാര്‍ വ്യക്തമാക്കി. ഇടതുപക്ഷവും കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more