| Sunday, 25th March 2018, 12:06 pm

'എന്തുകൊണ്ട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങള്‍ വോട്ടു ചെയ്യരുത്' ; കോണ്‍ഗ്രസ് മുന്‍ എം.പി മുഹമ്മദ് അദീപ് വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങള്‍ വോട്ടു ചെയ്യരുതെന്ന് കോണ്‍ഗ്രസ് മുന്‍ എം.പി മുഹമ്മദ് അദീപ്. ദ സ്‌ക്രോളിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു വാദം വിശദീകരിക്കുന്നത്.

“2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിച്ചത് മുസ്‌ലീങ്ങളുടെ വോട്ടില്ലാതെയാണ്. അന്നു മുതല്‍ ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളും ഹിന്ദു- മുസ്‌ലിം തെരഞ്ഞെടുപ്പുകളായി മാറ്റാന്‍ ശ്രമിക്കുകയാണ്” എന്ന കാര്യമാണ് മുസ്‌ലീങ്ങള്‍ തെരഞ്ഞെടുപ്പു രംഗത്തു നിന്നും വിട്ടുനില്‍ക്കണം എന്ന വാദത്തിന് കാരണമായി അദ്ദേഹം പറയുന്നത്.


Must Read: ‘ഞങ്ങള്‍ രാമനവമിയ്‌ക്കെതിരല്ല… എന്നാല്‍ അക്രമം കാണിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ല’; ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി മമത


വര്‍ഗീയ ധ്രുവീകരണമെന്നതാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വിജയ തന്ത്രം. കോണ്‍ഗ്രസിന് ഇക്കാര്യം അറിയാം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും തങ്ങള്‍ ഹിന്ദു പാര്‍ട്ടി മാത്രമല്ല, ഹിന്ദു യോഗ്യതകള്‍ ഏറ്റവുമധികമുള്ള പാര്‍ട്ടി കൂടിയാണെന്ന് തെളിയിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മുസ്‌ലീങ്ങള്‍ രാഷ്ട്രീയ രംഗത്തുനിന്നും വിട്ടുനില്‍ക്കണമെന്നു പറയുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട അല്ലെങ്കില്‍ വോട്ടുപോലും ചെയ്യേണ്ട എന്നാണോ അര്‍ത്ഥമാക്കുന്നത് എന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെയാണ് പ്രതികരിക്കുന്നത്- “മതേതര പാര്‍ട്ടികള്‍ ഒരു സഖ്യം ശക്തിപ്പെടുത്തില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങള്‍ മുസ് ലീങ്ങള്‍ രാഷ്ട്രീയ രംഗത്തേക്ക് വന്ന് ഹിന്ദു മുസ്‌ലിം ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് എന്നതാണ് എന്റെ വാദം. എന്തിനാണ് ഞങ്ങള്‍ അവര്‍ക്കു കോട്ടംവരുത്തുന്നത്?”


Also Read: 24 മണിക്കൂറിനുള്ളില്‍ യു.പിയില്‍ നടന്നത് ആറ് ഏറ്റുമുട്ടലുകള്‍, പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു


“മുസ്‌ലീങ്ങളുടെ പിന്തുണയോടെ ജയിക്കാമെന്ന് ചിന്തിക്കുന്നിടത്തോളം കാലം മാത്രമാണ് ഈ പാര്‍ട്ടികള്‍ മതേതരമായി നിലകൊള്ളുന്നത്. മുസ്‌ലീങ്ങളുടെ പിന്തുണയുണ്ടെങ്കിലും ജയിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ അവരും ബി.ജെ.പിയെപ്പോലെയാവും.” എന്നാണ് മുസ്‌ലീങ്ങള്‍ വോട്ടു ചെയ്തില്ലെങ്കിലല്ലേ മതേതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ദോഷമുണ്ടാവുകയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍, ബി.ജെ.പി എം.പി റീത്ത ബഹുഗുണ എന്നിവരെയാണ് തന്റെ വാദത്തിന് ഉദാഹരണമായി അദ്ദേഹം നിരത്തുന്നത്.

മുസ്‌ലിം വിരുദ്ധരായ സ്ഥാനാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ പാര്‍ട്ടികള്‍ക്കു മാത്രമേ ജയിക്കാന്‍ സാധിക്കൂവെന്ന തരത്തിലുള്ള ഒരു അന്തരീക്ഷമാണ് ഇന്നത്തേത്. കഴിഞ്ഞ 70വര്‍ഷം കൊണ്ട് ആര്‍.എസ്.എസിനു നേടാനാവാത്തത് മോദി സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലുവര്‍ഷകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more