ഇടതുപക്ഷത്തിലേക്കെത്തിയത് തെരുവുകളിലെ സ്‌നേഹത്തിലൂടെ; ഞാന്‍ എന്തുകൊണ്ട് എ.ബി.വി.പിയില്‍ നിന്ന് രാജിവെച്ചു
Discourse
ഇടതുപക്ഷത്തിലേക്കെത്തിയത് തെരുവുകളിലെ സ്‌നേഹത്തിലൂടെ; ഞാന്‍ എന്തുകൊണ്ട് എ.ബി.വി.പിയില്‍ നിന്ന് രാജിവെച്ചു
ജയ് ഖോലിയ
Monday, 27th July 2020, 2:56 pm
എന്റെ നേതൃത്വത്തില്‍, ഡിസംബര്‍ 19 ന് ഒരു സി.എ.എ അനുകൂല മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പക്ഷേ, എന്റെ ഉള്ളില്‍ എവിടെയോ, കാര്യങ്ങള്‍ ശരിയല്ലെന്ന ഒരു തോന്നലുണ്ടായിരുന്നു. നിങ്ങളുടെ ഉള്ളിലെ ആന്തരിക ശബ്ദം നിങ്ങളുടെ ബാഹ്യത്തെ വെറുക്കാന്‍ തുടങ്ങുന്ന ഒരു സമയമുണ്ട് ജീവിതത്തില്‍.

യുവത്വത്തിന്റെ ആദ്യ നാളുകളില്‍ രാഷ്ട്രീയ പ്രകാശനത്തിന് ചിലപ്പോള്‍ രണ്ട് വശങ്ങളുണ്ടാവാറുണ്ട്. ഒരാള്‍ക്ക് നിങ്ങളെ ഒരു നല്ല പാതയിലേക്ക് നയിക്കാന്‍ കഴിയും. ആ പാതയിലൂടെയുള്ള പോരാട്ടങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും അത്. എന്നാല്‍ വലിയ രീതിയില്‍ വഴിതെറ്റിക്കുന്നതിന് കാരണമാകുന്ന ഒരു പാതയാണ് രണ്ടാമത്തെത്.
നിര്‍ഭാഗ്യവശാല്‍, എനിക്ക് സംഭവിച്ചിരുന്നത് രണ്ടാമത്തേതാണ്. എന്നാല്‍ ഭൗതിക നേട്ടങ്ങള്‍ നോക്കാതെ ഇതിലൂടെ ലഭിക്കുന്ന അധികാരങ്ങള്‍ ഉപേക്ഷിക്കാനും സത്യത്തിന്റെ പാതയിലൂടെ ചുവടു വെക്കാനും എന്റെ മനസ്സാക്ഷി എന്നെ പ്രേരിപ്പിച്ചു.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത് കാവി തരംഗം ആണ്. ഈ പുതിയ ഭരണകൂടത്തിന് ഊര്‍ജ്ജസ്വലരായ നിരവധി യുവാക്കള്‍ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കിയത് നമ്മള്‍ കണ്ടിരുന്നു. പലരും പഴയ സര്‍ക്കാരുകള്‍ നടത്തിയ അഴിമതിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചു. കള്ളപ്പണത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്നങ്ങള്‍ മോദി വാഗ്ദാനം ചെയ്തിരുന്ന പോലെ തന്നെ പരിഹരിക്കപ്പെടുമെന്ന് അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
ഞാനും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മന്ദഗതിയിലുള്ള ബ്യൂറോക്രാറ്റിക്, രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ എന്റെ നിലയില്‍ പരമാവധി ശ്രമിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു.

ആ സമയത്താണ് ഞാന്‍ രാഷ്ട്രീയ സ്വയംസേവക് സംഘവുമായും (ആര്‍.എസ്.എസ്) ഭാരതീയ ജനതാ പാര്‍ട്ടിയുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തുമായി (എ.ബി.വി.പി)  ഞാന്‍ ബന്ധപ്പെട്ടുന്നത്.
സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് 18 വയസ്സായിരുന്നു, ഒരു ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥി. ഞാന്‍ എല്ലാ ദിവസവും പ്രാദേശിക നേതാക്കളെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും കാണുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ പരമാവധി സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് എന്നെ ദക്ഷിണ മുംബൈ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പിന്നീട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും നിയമിച്ചു. അപ്പോഴേക്കും ഞാന്‍ സംഘടനയുമായി ബന്ധപ്പെട്ട പലരുമായും സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് 2019 ലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് വന്നു.
രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുമായി നേര്‍ക്കുനേര്‍ വരുന്നതിനും, കൂടാതെ ഞാനുള്‍പ്പെടുന്ന സംഘടനയുടെ മറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളെ നന്നായി മനസിലാക്കുന്നതിനുമുള്ള എന്റെ ആദ്യത്തെ അനുഭവമായിരുന്നു ഇത്.

ജെ.എന്‍.യു.വില്‍ ഞാന്‍ താമസിച്ചിരുന്നത്, എന്റെ സംഘടനയുടെ പ്രതിനിധിയായിട്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്ന് അനുഭവിച്ചറിയാന്‍ അവിടെ നിന്നെനിക്ക് സാധിച്ചു. ഞാന്‍ ഏകദേശം രണ്ടാഴ്ചയോളം അവിടെ താമസിച്ചിരുന്നു. ഞാന്‍ പിന്നീടെടുത്ത തീരുമാനത്തിലേക്കത്താന്‍ ആ കാലയളവിലെ അനുഭവങ്ങള്‍ എന്നെ സഹായിച്ചു.

അവിടെ നിന്നാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചത്. വര്‍ഷങ്ങളായി എന്റെ സംഘടന ചെയ്തു വരുന്ന തെറ്റുകളെക്കുറിച്ചും ഞാന്‍ ബോധവാനായി. ചില ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പരിചയപ്പെടാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചു. അവരുടെ മീറ്റിങ്ങുകള്‍ കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ജെ.എന്‍.യുവിടേണ്ട കാര്യം ഞാന്‍ അവഗണിച്ചു. മുംബൈയില്‍ തിരിച്ചെത്തിയ ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തിരക്കിലേക്ക് പോയിരുന്നു. പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിനുശേഷം കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല ,എന്നാല്‍ ഈ നിയമം ഇന്ത്യന്‍ മുസ്ലിംകളെ ഒട്ടും ബാധിക്കില്ലെന്നും ”പാകിസ്ഥാന്‍ മെയിന്‍ ഹിന്ദു ഖത്രെ മേ ഹായ്” എന്നും ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

എന്റെ നേതൃത്വത്തില്‍, ഡിസംബര്‍ 19 ന് ഒരു സി.എ.എ അനുകൂല മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പക്ഷേ, എന്റെ ഉള്ളില്‍ എവിടെയോ, കാര്യങ്ങള്‍ ശരിയല്ലെന്ന ഒരു തോന്നലുണ്ടായിരുന്നു.
നിങ്ങളുടെ ഉള്ളിലെ ആന്തരിക ശബ്ദം നിങ്ങളുടെ ബാഹ്യത്തെ വെറുക്കാന്‍ തുടങ്ങുന്ന ഒരു സമയമുണ്ട് ജീവിതത്തില്‍. ആ സമയം എന്റെ ജീവിതത്തില്‍ എത്തിയിരിക്കുന്നു.

നീതിബോധമുള്ള വിദ്യാര്‍ത്ഥി ശബ്ദം സൃഷ്ടിക്കുന്നതില്‍ സംഘടനയുടെ പൂര്‍ണ്ണമായ കഴിവില്ലായ്മയാലും, സംഘ് കുടുംബത്തിന്റെ മറ്റൊരു പ്രചാരണ വിഭാഗമായി പ്രവര്‍ത്തിക്കേണ്ടി വന്നതും, കൂടാതെ എന്റെ മുസ്ലീം സാഹോദര്യത്തിനെതിരായുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെയും സൃഷ്ടിക്കപ്പെട്ട ഒരു ഹൃദയ പരിവര്‍ത്തനം ആണ് എന്നിലുണ്ടാക്കിയത്.

ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ക്കും എന്റെ തീരുമാനത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന ദിവസങ്ങള്‍ക്കുമൊടുവില്‍, ഈ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍, സംഘടനയില്‍ ഒന്നും നിയമാനുരൂപമല്ലാത്തതിനാല്‍ , ഒരു രാജിക്കത്ത് പോലും ഇല്ലാതെ ഞാന്‍ സംഘടന വിട്ടു.
എന്നോട് അവര്‍ പറഞ്ഞതുപോലെ എനിക്ക് വലിയ പദവികളിലേക്ക് ഉയര്‍ന്നുവരാനും ”ശോഭനമായ ഭാവിയുണ്ടാക്കാനും” കഴിയുമായിരുന്നു, പക്ഷേ ഈ നിയമത്തിനെതിരെ (സി.എ.എ ) ശബ്ദമുയര്‍ത്തുന്നതിനിടയില്‍ മുംബൈയിലെ തെരുവുകളില്‍ എന്റെ യഥാര്‍ത്ഥ സന്തോഷം ഞാന്‍ കണ്ടെത്തി.
ഞങ്ങളുടെ മുസ്ലിം സാഹോദര്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ‘ഹം ഡെഖെംഗെ’, ‘ബോള്‍ കി ലാബ് ആസാദ് ഹെയ്ന്‍ തേരേ’ തുടങ്ങിയ കവിതകളും വിപ്ലവ ഗാനങ്ങളും ഞങ്ങള്‍ ഒരുമിച്ച് പാടി മുദ്രാവാക്യം മുഴക്കി.

എന്റെ ഉള്ളില്‍ വിപ്ലവം സൃഷ്ടിക്കപ്പെട്ടു. വലതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തിലേ ക്കുള്ള യാത്ര ചില സാഹിത്യങ്ങള്‍ വായിച്ചതിലൂടെ സംഭവിച്ചതല്ല, മറിച്ച് ഓരോ ഇന്ത്യക്കാരനും ഐക്യദാര്‍ഢ്യത്തോടെ നിറഞ്ഞു നിന്ന തെരുവുകളിലെ സ്‌നേഹത്തിലൂടെയാണ് നിര്‍മ്മിക്കപ്പെട്ടത് . ഒരു വിശാലമായ ലോകത്തേക്ക് പ്രവേശിക്കുന്ന ഒരു പുതുമുഖമായി, പുതുതായി തയ്യാറാക്കിയ ചെറുപ്പക്കാരനായി ഞാന്‍ എ.ബിവിപിയില്‍ ചേര്‍ന്നതും എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ ഇപ്പോള്‍ എന്റെ യാത്ര ആരംഭിച്ചിരിക്കുന്നു.

മൊഴിമാറ്റം: ഷാരിഭ.കെ

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ജയ് ഖോലിയ
മുംബെയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി. എ.ബി.വി.പിയുടെ മുന്‍ ജില്ലാ സെക്രട്ടറി