| Sunday, 21st June 2020, 11:04 pm

താന്‍ എന്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു, ശ്രീജ നെയ്യാറ്റിന്‍കര സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭിമുഖം: ശ്രീജ നെയ്യാറ്റിന്‍കര / ഷഫീഖ് താമരശ്ശേരി

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് താങ്കള്‍ രാജി വെച്ചതായുള്ള ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്ന് വിശദമാക്കാമോ?

കുറച്ചധികം കാലമായി വെല്‍ഫെയര്‍ പാര്‍ട്ടിയോട് ആശയപരമായ വിയോജിപ്പുകള്‍ ഉള്ളിലുണ്ടായിരുന്നു. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും യോജിപ്പുകളും വിയോജിപ്പുകളും സര്‍വസാധാരണമാണെങ്കിലും യോജിപ്പുകളേക്കാളധികം വിയോജിപ്പുകള്‍ രൂപപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇനിയും തുടരാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി താങ്കളെ സസ്‌പെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഈ രാജി എന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്?

കഴിഞ്ഞ ജൂണ്‍ 12 മുതല്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലായിരുന്നു. നിസ്സാരമായ ഒരു സോഷ്യല്‍ മീഡിയ ഇടപെടലിന്റെ പേരില്‍ എനിക്കെതിരെയുണ്ടായ പാര്‍ട്ടിയുടെ അച്ചടക്ക നടപടി തീര്‍ത്തും ഒരു പ്രതികാരമായാണ് എനിക്കനുഭവപ്പെട്ടത്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം എനിക്കെടുക്കേണ്ടി വന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായ താങ്കളോട് എങ്ങിനെയാണ് പാര്‍ട്ടിക്ക് പ്രതികാരമുണ്ടാകുന്നത്?

അത് കുറെയധികം കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. സമീപകാലത്തായി നിരവധി വിഷയങ്ങളില്‍ പാര്‍ട്ടിയും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ സംഭവിച്ച ചില കാര്യങ്ങളാണ് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

പാലത്തായി പീഡന കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി സംസാരിക്കുകയും മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിന് ശേഷം ഒരു കുറിപ്പ് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ പൊലീസ് ബോധപൂര്‍വം പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നു എന്ന എന്റെ ബോധ്യമായിരുന്നു പങ്കുവെച്ചിരുന്നത്. ആ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

ഇതേതുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും വ്യാപകമായ ആക്രമണമാണ് ഞാന്‍ നേരിട്ടത്. പോക്‌സോ കേസ്സില്‍ പ്രതിയായ ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ എന്റെ വീട്ടില്‍ നിന്ന് പിടികൂടി എന്നതടക്കമുള്ള വ്യാജ പ്രചരണങ്ങളടക്കം വളരെ മോശവും ഹീനവുമായ രീതിയിലുള്ള ആക്രമണമായിരുന്നു അത്.

ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ചില കോണുകളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിക്കുകയും എന്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്ന ചോദ്യങ്ങളുയരുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ഞാന്‍ പിന്തുണക്കുന്നുവെന്നും അല്ലെങ്കില്‍ ഞാന്‍ അതിനെല്ലാം കാരണമാകുന്നു എന്നുമായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എനിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്.

ഇത് മാത്രമല്ല, പാര്‍ട്ടിയുടെ വനിതാ വിഭാഗം പാലത്തായി പീഡന വിഷയത്തില്‍ നടത്തിയ ഇടപെടലുകളെ മറച്ചുപിടിച്ചുകൊണ്ട് സ്വതന്ത്രമായി സമാന്തരപ്രവര്‍ത്തനം നടത്തി എന്നാണ് പാര്‍ട്ടി നേതൃത്വം എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ വനിതാ സംഘടന നടത്തിയ ഇടപെടലിനെ പ്രൊമോട്ട് ചെയ്യാതെ ഞാന്‍ സ്വന്തമായ രീതിയില്‍ പാര്‍ട്ടിക്ക് മുകളില്‍ നിന്ന് പ്രവര്‍ത്തിച്ച് പാര്‍ട്ടിയേക്കാള്‍ വളരാന്‍ ശ്രമിച്ചു എന്ന രീതിയിലുള്ള പാരാമര്‍ശങ്ങളും അവര്‍ നടത്തുകയുണ്ടായി.

14 ദിവസത്തിനകം കത്തിന് മറുപടി നല്‍കിയില്ലെങ്കിലോ, വിശദീകരണം തൃപ്തികരമായില്ലെങ്കിലോ പാര്‍ട്ടി നടപടി സ്വീകരിക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഞാന്‍ എന്റെ വിയോജിപ്പുകളും വിമര്‍ശനങ്ങളുമെല്ലാം അറിയിച്ച് പാര്‍ട്ടിക്ക് മറുപടിക്കത്ത് നല്‍കുകയും ചെയ്തു.

പിന്നീട് ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ യുത്ത് ലീഗ് നേതാവായ മുനവ്വറലി തങ്ങള്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയോടൊപ്പം മരം നടുന്ന ചിത്രം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ‘മുനവ്വറലി തങ്ങളോട് അഞ്ച് ചോദ്യങ്ങള്‍’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ബ്രാഹ്മണ്യ രാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്റെ വിയോജിപ്പുകളും നിരീക്ഷണങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. ആ സമയത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായ ഹമീദ് വാണിയമ്പലം എന്നെ വിളിച്ചുകൊണ്ട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു.

യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യ സാധ്യതാ ചര്‍ച്ചകളൊക്കെ നടക്കുകയാണ് ഇത്തരമൊരു സാഹചര്യത്തില്‍ ലീഗ് നേതാവിനെതിരെ നിങ്ങള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടരുതെന്നായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. ഇങ്ങനെ നിരവധി ഘട്ടങ്ങളില്‍ എന്റെ സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയായിരുന്നു പാര്‍ട്ടി ചെയ്തത്. പിന്നീട് ഞാന്‍ പ്രസ്തുത പോസ്റ്റ് ഒണ്‍ലീ മീ ആക്കിവെക്കുകയും ആറേഴ് ദിവസത്തോളം ഫേസ്ബുക്ക് അക്കൗണ്ട് ഡി-ആക്ടിവേറ്റ് ചെയ്തുവെക്കുകയുമായിരുന്നു.

ശേഷം ജൂണ്‍ 12 ന് എനിക്ക് പാര്‍ട്ടിയില്‍ നിന്നും ഒരു കത്ത് ലഭിച്ചു. എന്നെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു എന്നറിയിച്ചുകൊണ്ടായിരുന്നു അത്. കത്തില്‍ അവര്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ ഞാന്‍ പാര്‍ട്ടി നേതാക്കളെ കുറ്റപ്പെടുത്തി, പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ നീതിരഹിതമായി ന്യായീകരിച്ചു, എന്നെല്ലാമായിരുന്നു.

എന്റെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ കൂടിയുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യം ഉള്ള സ്ഥലമാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്നായിരുന്നു അതുവരെ ഞാന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ അത് അങ്ങനെയല്ല എന്ന് ബോധ്യമാകുന്നത് പിന്നീടാണ്. ജനാധിപത്യത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് അവര്‍ പറയുന്നതിന്റെ ന്യായം എനിക്ക് മനസ്സിലാകുന്നില്ല.

ഞാന്‍ സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും എനിക്കുണ്ടായ അനുഭവങ്ങള്‍ മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഈ സസ്‌പെന്‍ഷന്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും അത് എന്റെ നീതിബോധത്തിന് നിരക്കുന്നതല്ല എന്നുമാണ് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചത്. സസ്‌പെന്റ് ചെയ്യപ്പെടാനുള്ള ഒരു കുറ്റകൃത്യവും ഞാന്‍ ചെയ്തിട്ടില്ല എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

എനിക്ക് നേരെ നടപടിയെടുക്കാനുള്ള ഒരവസരത്തിനായി അവര്‍ കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായും രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് ഞാനെത്തിയത്.

മുസ്ലിം-ദളിത്-സ്ത്രീ-ട്രാന്‍സ് പക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ആളെന്ന നിലയില്‍ എന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു സ്‌പേസ് പാര്‍ട്ടിയില്‍ ഉണ്ടാകും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ ഫാസിസ്റ്റ് കാലത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തോട് വഴങ്ങാന്‍ സാധിക്കില്ല എന്നതിനാലാണ് ഞാന്‍ രാജി സമര്‍പ്പിക്കാന്‍ അന്തിമമായി തീരുമാനമെടുത്തത്.

യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി കക്ഷി രാഷ്ട്രീയ ബാന്ധത്തിന് മുതിരുന്നു എന്ന് കരുതി യു.ഡി.എഫ് നടത്തുന്ന ഒരു പ്രവര്‍ത്തനത്തെ ഞാന്‍ വിമര്‍ശിക്കരുത് എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കില്ല.

നരേന്ദ്രമോദിയെക്കുറിച്ചൊക്കെ ഞാന്‍ എഴുതുമ്പോള്‍ നരഭോജി എന്ന വാക്കൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു. അതെല്ലാം തിരുത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് അതെല്ലാം ഞാന്‍ അംഗീകരിക്കുകയും തിരുത്തുകയുമാണ് ചെയ്തിട്ടുള്ളത്. തെരുവില്‍ സമരങ്ങള്‍ ചെയ്തുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നിട്ടുള്ളത്. സ്വാഭാവികമായും കടന്നുവരുന്ന പ്രയോഗങ്ങളെ പാര്‍ട്ടിയുടെ അഭിപ്രായത്തെ മാനിച്ച് തിരുത്താന്‍ ശ്രമിച്ചിരുന്നു.

അതിനേക്കാളൊക്കെയേറെ എനിക്ക് വിഷമം തോന്നിയ കാര്യം ശബരിമല വിഷയവുമായി ബന്ധപ്പെട്ടതാണ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മുന്നോട്ടുവെക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ട സമയത്ത് മതപരമായ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കില്ല എന്നായിരുന്നു നേതൃത്വം എന്നോട് പറഞ്ഞിരുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇരകളുടെ രാഷ്ട്രീയം മുന്നോട്ടുവെക്കാനാഗ്രഹിക്കുന്ന ആളാണ് ഞാന്‍.

സ്ത്രീ എന്ന സ്വത്വം എല്ലാക്കാലത്തും ഇരയാണ്. ഫാസിസത്തിന്റെയും പൊതുബോധത്തിന്റെയും ഇര. സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട ശബരിമല പോലൊരു വിഷയത്തില്‍ ഫേസ്ബുക്കില്‍ ഞാന്‍ നടത്തിയ അനേകം പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ ഇടപെടല്‍ മൂലം എനിക്ക് ഹൈഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. തുടര്‍ച്ചയായി എനിക്ക് പാര്‍ട്ടിയില്‍ നിന്നും താക്കീതുകള്‍ ലഭിക്കുകയും ചെയ്തു. ഞാന്‍ സി.പി.എമ്മിനോട് താത്പര്യം കാണിക്കുന്നു എന്നൊക്കെയായിരുന്നു അന്നവര്‍ പറഞ്ഞിരുന്നത്.

ദളിത്- ആദിവാസി- സ്ത്രീ- മത- ലൈംഗിക ന്യൂനപക്ഷ വിഷയങ്ങളില്‍ സ്വതന്ത്രമായി നിലപാടുകളുള്ള ശ്രീജ നെയ്യാറ്റിന്‍കര എന്ന സാമൂഹ്യപ്രവര്‍ത്തകയെ വെല്‍ഫെയര്‍ പാര്‍ട്ടി അതിന്റെ ചട്ടക്കൂടുകളില്‍ തളച്ചിടാന്‍ ശ്രമിക്കുകയായിരുന്നോ?

തീര്‍ച്ചയായും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ഫെമിനിസ്റ്റ് ആണ് എന്നുപറഞ്ഞുകൊണ്ട് പാര്‍ട്ടിയിലുള്ളവര്‍ പല തവണ എന്നെ പുച്ഛിച്ചിട്ടുണ്ട്. ഞാന്‍ പാര്‍ട്ടിയെയും പാര്‍ട്ടിക്കകത്തെ സ്ത്രീകളെയും ഫെമിനിസത്തിലേക്ക് കൊണ്ടുപോകുന്നു എന്ന രീതിയില്‍ അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ് പാര്‍ട്ടിയുടെ വനിതാവിഭാഗത്തില്‍ നിന്നും ഞാന്‍ ബോധപൂര്‍വം വിട്ടുനിന്നത്.

ശ്രീജയെ പോലൊരു ആക്ടിവിസ്റ്റിനെയൊന്നും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്ന് പലപ്പോഴും അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ശ്രീജ പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടിയേക്കാള്‍ വളരാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ പറഞ്ഞിരുന്നു.

ഞാന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടും അവര്‍ ആ വിവരം ഔദ്യോഗികമായി പുറത്തറിയിക്കുക പോലും ചെയ്തിട്ടില്ല. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ എനിക്ക് നേരെ നടപടിയെടുത്തിട്ടും ആ കാരണങ്ങള്‍ അവര്‍ പുറത്തുപറയാന്‍ തയ്യാറാകാത്തതിനാല്‍ എന്നെക്കുറിച്ച് പലതരം അഭ്യൂഹങ്ങളാണ് ആ സമയത്ത് പ്രചരിച്ചുകൊണ്ടിരുന്നത്.

സ്വാതന്ത്ര്യം എന്നത് മനുഷ്യരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച്. എന്റെ രാഷ്ട്രീയത്തെ, സ്വതന്ത്ര വ്യക്തിത്വത്തെ ഇനിയും ഇങ്ങനെ തളച്ചിടേണ്ടതില്ല എന്ന തീരുമാനം കൊണ്ട് കൂടിയാണ് ഇങ്ങനെ നിലപാടെടുത്തത്.

രാഷ്ട്രീയത്തില്‍ ഇനി എങ്ങിനെ തുടരാനാണ് തീരുമാനം? മറ്റേതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാന്‍ ആലോചിക്കുന്നുണ്ടോ?

അത്തരമൊരാലോചനകളും നിലവിലില്ല. അങ്ങനെയെന്തെങ്കിലും ആലോചിച്ചുകൊണ്ട് എടുത്ത ഒരു തീരുമാനവുമല്ല ഇത്. കേരളത്തിലിപ്പോള്‍ ഏറ്റവും ആവശ്യമുള്ളത് ഒരു ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റ് തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എവിടെയായിരുന്നാലും സ്വാതന്ത്യത്തോടെ നില്‍ക്കാന്‍ കഴിയണം. അടിച്ചമര്‍ത്തപ്പെടുന്നവരുടെ രാഷ്ട്രീയം ശക്തമായി ഉയര്‍ത്താന്‍ കഴിയുന്ന ഒരിടത്ത് നിലകൊള്ളാന്‍ സാധിക്കണം. അതിന് വലിയ പ്ലാറ്റ് ഫോം വേണമെന്ന നിര്‍ബന്ധം ഇല്ല. തെറ്റും ശരിയും തമ്മില്‍ ഒരു ഒത്തുതീര്‍പ്പില്ല എന്ന ഉറച്ച ബോധ്യത്തില്‍ ഇനി എന്തൊക്കെ സംഭവിച്ചാലും ഞാനീ തീരുമാനങ്ങളില്‍ എന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കും.

We use cookies to give you the best possible experience. Learn more