മുംബൈ: ഭീമ കോറഗാവ് കേസില്‍ അറസറ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍
വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിചിത്ര ചോദ്യവുമായി ബോംബെ ഹൈക്കോടതി.
ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് (യുദ്ധവും സമാധാനവും)എന്ന പുസ്തകവും ചില സി.ഡികളും എന്തിനാണ് നിങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
അത്തരം സി.ഡികളും പുസ്തകങ്ങളും ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്ന് ഗോണ്‍സാല്‍വസിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സാരംഗ് കോട്വാളിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
നെപ്പോളിയന്‍ യുദ്ധകാലത്തെ റഷ്യയെക്കുറിച്ചുള്ള ക്ലാസിക് നോവല്‍ ഒരു ദിവസത്തെ വാദം കേള്‍ക്കുന്നതിനിടെ ഒരു തര്‍ക്കവിഷയമായിരുന്നു. കേസ് അന്വേഷിച്ച പൂനെ പോലീസ് മുംബൈയിലെ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് പുസ്തകം പിടിച്ചെടുത്തത് അങ്ങേയറ്റം കുറ്റകരമായ തെളിവാണെന്ന് അവകാശപ്പെട്ടു.
ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മറ്റ് പുസ്തകങ്ങളുടെയും സി.ഡികളെക്കുറിച്ചും പൊലീസ് വിശദീകരിച്ചു.
അതില്‍ കബീര്‍ കലാ മഞ്ച് പുറത്തിറക്കിയ ‘രാജ്യ ദാമന്‍ വിരോധി’, ‘മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്’, ‘ജയ് ഭീമ സഖാവ്:യുദ്ധവും സമാധാനവും’, ‘അണ്ടര്‍സ്റ്റാന്‍ഡിംഗ് മാവോയിസ്റ്റുകള്‍’, ‘ആര്‍സിപി അവലോകനം’ എന്നീ പുസ്തകങ്ങളും ദേശീയ പഠന സര്‍ക്കിള്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പുകളും അതില്‍ ഉള്‍പ്പെടുന്നു.
2017 ഡിസംബര്‍ 31 നാണ് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളവരുടെ കംപ്യൂട്ടറുകളില്‍ നിന്ന് കണ്ടെത്തിയ ഇ-മെ യിലുകളും കത്തിന്റെ കോപ്പികളും മറ്റും അടിസ്ഥാനമാക്കിയാണ് ഗോണ്‍സാല്‍വസിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇതില്‍ ഒന്ന് പോലും ഗോണ്‍സാല്‍വസ് എഴുതിയത് അല്ലെന്നും അഭിഭാഷകന്‍ മിഹിര്‍ ദേശായ് വാദിച്ചു. എന്നാല്‍ ബുക്കുകളും സി.ഡികളും ഗോണ്‍സാല്‍വസിനെതിരായ തെളിവുകളാണ് എന്ന് പൂനെ പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈയും വാദിച്ചു.
എന്നാല്‍ ഗോണ്‍സാല്‍വസ് കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച ജഡ്ജി, ഇത്തരം പുസ്തകങ്ങളും സി.ഡികളും ലഘുലേഖകളും മറ്റും കൈവശം വച്ചത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം നല്‍കണമെന്ന് പറഞ്ഞു.