ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് വിജയത്തില്‍ എന്തുകൊണ്ട് നരേന്ദ്രമോദിയെ അഭിനന്ദിച്ചില്ല എന്ന ചോദ്യത്തിന് പ്രതികരണവുമായി പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച്.
‘ഇന്ത്യയില്‍ ആര് ഭരിക്കണമെന്നും, അവരുടെ പ്രധാനമന്ത്രി ആരായിരിക്കണമെന്നും തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. അതില്‍ പാക്കിസ്ഥാന് പ്രതേകിച്ച് റോള്‍ ഇല്ല. ഇന്ത്യയിലെ ജനങ്ങളാണ്, അവിടം ആര് ഭരിക്കണമെന്നും, ആര് ഭരിക്കണ്ടേ എന്നും തീരുമാനിക്കുന്നത്,’ വിദേശ കാര്യ വക്താവ് പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളില്‍ പല നേതാക്കളും തങ്ങളുടെ പ്രസംഗങ്ങളില്‍ പാകിസ്ഥാനെതിരെ പരിഹാസമുന്നയിച്ചിട്ടും, രാജ്യം പക്വതയോടെ കാര്യങ്ങള്‍ നോക്കി കണ്ടെന്നും, ഉത്തരവാദിത്തത്തോടെ മാത്രമാണ് പെരുമാറിയതെന്നും മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും അഭിനന്ദന സന്ദേശം ലഭിച്ചിരുന്നില്ല.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇല്ലെന്നും, ഇന്ത്യയില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കുന്നതിനാല്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പറഞ്ഞത്.
Content Highlight: Why hasn’t Pakistan congratulated Narendra Modi? Country’s vague reply