അന്ന് ആളുകള്‍ വരിയായി കാത്തു നിന്നു ഒരു നേരത്തെ ഭക്ഷണത്തിന്; കൊവിഡിനും ഗ്രേറ്റ് ഡിപ്രഷനുമിടയിലെ ചില സാദൃശ്യങ്ങള്‍
COVID-19
അന്ന് ആളുകള്‍ വരിയായി കാത്തു നിന്നു ഒരു നേരത്തെ ഭക്ഷണത്തിന്; കൊവിഡിനും ഗ്രേറ്റ് ഡിപ്രഷനുമിടയിലെ ചില സാദൃശ്യങ്ങള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍
Friday, 17th April 2020, 4:21 pm

ന്യൂയോര്‍ക്ക്, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവില്‍ മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കുന്നു. വിശന്നു വലഞ്ഞ മുഖവുമായി സ്ത്രീകളും കുട്ടികളുമെല്ലാം ഉണ്ടായിരുന്നു ആ നിരയില്‍. ലക്ഷണക്കണക്കിന് വരുന്ന തൊഴില്‍ രഹിതര്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. ആളുകള്‍ കൊടും പട്ടിണിയില്‍ ഹംഗര്‍ മാര്‍ച്ച് നടത്തുന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മഹാ സാമ്പത്തിക മാന്ദ്യത്തിലെ അഥവാ ഗ്രേറ്റ് ഡിപ്രഷനിലെ ദൈന്യതയേറിയ ചില കാഴ്ച്ചകളായിരുന്നു ഇത്. ഇന്ന് കൊവിഡുയര്‍ത്തിയ ഭീഷണിയില്‍ ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് 1929 ഒക്ടോബര്‍ 29ന് ലോകം കറുത്ത ചൊവ്വാഴ്ച്ചയെന്ന് വിളിച്ച ആ ദിവത്തിലെ സ്റ്റോക്ക് മാര്‍ക്കറ്റ് ക്രാഷില്‍ തുടങ്ങി വര്‍ഷങ്ങളോളം നീണ്ടു നിന്ന സാമ്പത്തിക മാന്ദ്യവും അതിന്റെ ഭീകരതയും. കൊവിഡ് തുടങ്ങിവെച്ച ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കും ഗ്രേറ്റ് ഡിപ്രഷനും തമ്മില്‍ ചില സാദൃശ്യങ്ങള്‍ കൂടി ഉണ്ട്.

1929 ഒക്ടോബറില്‍ തുടങ്ങിയ ഗ്രേറ്റ് ഡിപ്രഷന്‍ 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി ആയിരുന്നു അവസാനിക്കുന്നത്. അമേരിക്കയിലെ വാള്‍ സ്ട്രീറ്റില്‍ ഓഹരി വിപണിയില്‍ തുടങ്ങിയ തകര്‍ച്ചയായിരുന്നു പിന്നീട് ലോകമെമ്പാടും പടര്‍ന്നത്.

1929ന്റെ തുടക്കത്തില്‍ തന്നെ അമേരിക്കയിലെ ഗ്രാമീണ മേഖലകളില്‍ വലിയ തോതിലുള്ള സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. ആളുകളുടെ കൈവശം ആവശ്യത്തിന് പണം ഇല്ലായിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് തകരുന്നതിന് മുന്‍പ് ഈ സത്യം തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു വലിയ പരാജയം.

ഗ്രേറ്റ് ഡിപ്രഷനു മുന്നോടിയായി അമേരിക്കന്‍ ബാങ്കുകള്‍ ഷെയറുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് ലോണ്‍ നല്‍കാന്‍ ആരംഭിച്ചു. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുക എന്നത് അമേരിക്കയില്‍ പലരുടെയും തൊഴില്‍ തന്നെയായി മാറി. സ്റ്റോക്ക് മാര്‍ക്കറ്റ് ക്രാഷായതോടെ പല ബാങ്കുകള്‍ക്കും അടച്ചു പൂട്ടേണ്ടി വന്നു. ബാങ്കിങ്ങ് മേഖല വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ബാങ്കിങ്ങ് മേഖലയിലെ തകര്‍ച്ച എന്നാല്‍ ലോണുകളില്ല എന്നു കൂടിയായിരുന്നു അര്‍ത്ഥം. ഫാക്ടറികളും ഓഫീസുകളും അടച്ചു പൂട്ടാന്‍ തുടങ്ങി. ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി മാറി. 1929കളിലും 30കളിലും അമേരിക്കയില്‍ മാത്രം 40 ലക്ഷത്തോളം ആളുകളാണ് ജോലി അന്വേഷിച്ച് നടന്നത്. പക്ഷേ ഇവര്‍ക്കെല്ലാമുള്ള ജോലി ഉണ്ടായിരുന്നില്ല താനും. 1931 ആയതോടെ തൊഴില്‍ രഹിതരുടെ എണ്ണം 60 ലക്ഷത്തോളമായി. 1932ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോഴേക്കും ഇത് 140 ലക്ഷത്തിലെത്തി.

ചരിത്രം ആവര്‍ത്തിക്കുന്നത് പോലെ കൊവിഡില്‍ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഒരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതോടൊപ്പം തന്നെ അമേരിക്കയില്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷമായി തുടരുകയുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം 50 ലക്ഷത്തിലധികം ആളുകളാണ് അമേരിക്കയില്‍ തൊഴില്‍ ഇല്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. കഴിഞ്ഞ നാലാഴ്ച്ചയിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഇതിനോടകം രണ്ട് കോടിയിലധികം പേര്‍ തൊഴിലില്ലായ്മ വേതനങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.

അമേരിക്കയായിരുന്നു ഗ്രേറ്റ് ഡിപ്രഷന്റെ സമയത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട രാജ്യം. സമാനമായ രീതിയില്‍ കൊവിഡില്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നതും അമേരിക്ക തന്നെ. ഇപ്പോഴത്തെ എന്ന പോലെ ഗ്രെയിറ്റ് ഡിപ്രഷന്റെ സമയത്തും അമേരിക്ക ഭരിച്ചിരുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

ആളുകള്‍ക്ക് ജോലി നല്‍കുക എന്നത് തന്റെ സര്‍ക്കാരിന്റെ പണിയല്ല എന്നാണ് ഹെര്‍ബര്‍ട്ട് ഹൂവര്‍ കരുതിയിരുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹം ബാങ്കുകളെയോ വ്യവസായ സംരംഭങ്ങളെയോ സഹായിച്ചില്ല. ഇത് വലിയ പ്രത്യാഘാതത്തിലേക്ക് അമേരിക്കന്‍ സമൂഹത്തെ നയിച്ചു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇതില്‍ നിന്നും ലോകത്തിന് വലിയ പാഠങ്ങള്‍ തന്നെ പഠിക്കാനുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അന്ന് ഹെര്‍ബര്‍ട്ട് ഹൂവര്‍ സ്വീകരിച്ചതിന് സമാനമായ ഒരു സ്വരം ഇന്ന് ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ദശലക്ഷക്കണക്കിന് വരുന്ന ദരിദ്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നയങ്ങളൊന്നും തന്നെ ഇതുവരെയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. Feed the Poor, അഥവാ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നൊരു ആഹ്വാനം മാത്രമാണ് രാജ്യത്തെ പ്രധാനമന്ത്രി നല്‍കിയത്. അത് എങ്ങിനെ എപ്പോള്‍ ആര്‍ക്കൊക്കെ എന്നതില്‍ ഒരു വ്യക്തതയും ഇപ്പോഴുമില്ല. ലോക്ക് ഡൗണില്‍ വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രേറ്റ് ഡിപ്രഷന്റെ സമയത്തും ലോകത്തെമ്പാടുമുള്ള മൈഗ്രന്റ് തൊഴിലാളികളെയായിരുന്നു പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. സമാനമായ അവസ്ഥയില്‍ കൂടി തന്നെയാണ് ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി തേടി പോയ പ്രവാസികളും അതിഥി തൊഴിലാളികളും കടന്ന് പോകുന്നത്. ഭക്ഷണം ലഭിക്കുന്നതിനായി ഇന്നവരില്‍ പലരും നീണ്ട വരികളില്‍ നില്‍ക്കുകയാണ്. കൊവിഡും ദശലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും തൊഴില്‍ ഇല്ലായ്മ നിരക്ക് കുത്തനെ ഉയര്‍ത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഇതിനോടകം തന്നെ തൊഴില്‍ ഇല്ലായ്മ നിരക്ക് ഗണ്യമായി കൂടിക്കഴിഞ്ഞു. ഗ്രെയിറ്റ് ഡിപ്രഷന്റെ സമയത്ത് അമേരിക്കയിലെ വാള്‍സ്ട്രീറ്റിലെ സ്റ്റോക്ക് മാര്‍ക്കറ്റ് ക്രാഷിന്റെ പരിണിത ഫലങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതിനു സമാനമായി കൊവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

ഗ്രേറ്റ് ഡിപ്രഷന്റെ സമയത്തും ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിക്കെതിരെ ശക്തമായി വിമര്‍ശനങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നു വന്നിരുന്നു. മഹാസാമ്പത്തിക മാന്ദ്യത്തിന് കാരണം ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി ആണ് എന്നും അല്ല എന്നും അവകാശപ്പെടുന്ന പഠനങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടെ പുറത്ത് വന്നു. ഇപ്പോള്‍ കൊവിഡ്19 മൂലമുള്ള ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതില്‍ മുതലാളിത്ത രാഷ്ട്രങ്ങളേക്കാള്‍ ഏറെ മികവ് പുലര്‍ത്തുന്നത് സാമൂഹ്യക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന രാഷ്ട്രങ്ങളാണ്. അതിനാല്‍ ഈയൊരു വസ്തുത കൂടി ഉയര്‍ത്തിക്കാട്ടി 1929ന് സമാനമായ രീതിയില്‍ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ വ്യാപകമായ വിമര്‍ശനവും ഉയരുന്നുണ്ട്.

ഗ്രേറ്റ് ഡിപ്രഷനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളാണ് കൊവിഡ്19 മഹാമാരി സൃഷ്ടിക്കുക എന്നാണ് ലോകം മുഴുവന്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. അന്നത്തെ മഹാസാമ്പത്തിക തകര്‍ച്ചയില്‍ നിന്നും വര്‍ഷങ്ങള്‍ എടുത്താണ് ലോകരാഷ്ട്രങ്ങള്‍ കരകയറിയത്. ഇന്ന് ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കൂടി കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതിനാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുക എന്നത് അന്നത്തേക്കാള്‍ ഏറെ ശ്രമകരമായിരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ