ന്യൂദൽഹി: ഇന്ത്യൻ സർക്കാർ ഇസ്രഈലിന് പൂർണ പിന്തുണ പ്രഖ്യാപിക്കുമ്പോൾ ഫലസ്തീനിൽ ജൂത രാഷ്ട്രം രൂപീകരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച മഹാത്മാഗാന്ധിയുടെ ലേഖനം ചർച്ചയാകുന്നു.
ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് പോലെയും ഫ്രഞ്ചുകാർക്ക് ഫ്രാൻസ് പോലെയും അറബികളുടെ സ്വന്തമാണ് ഫലസ്തീൻ എന്നായിരുന്നു 1938 നവംബർ 26ന് ഹരിജനിൽ മഹാത്മാഗാന്ധി എഴുതിയത്.
‘ജൂതന്മാർ’ എന്ന അദ്ദേഹത്തിന്റെ ലേഖനം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്നതാണ്.
മതത്തിന്റെ പേരിൽ അന്യായമായി പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ജൂതരോട് തനിക്ക് സഹാനിഭൂതിയുണ്ടെന്ന് എപ്പോഴും ഗാന്ധി വ്യക്തമാക്കിയിരുന്നു. ദളിതർക്ക് സവർണ ഹിന്ദുക്കൾ അയിത്തം കല്പിക്കുന്നതിന് സമാനമാണ് ജൂതന്മാരോട് ക്രിസ്ത്യാനികൾ ചെയ്തതെന്ന് അദ്ദേഹം ‘ജൂതന്മാരി’ൽ പറഞ്ഞു.
അതേസമയം, അറബികൾക്ക് മേൽ ജൂതന്മാർ കടന്നുകയറ്റം നടത്തുന്നതിന് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം ലേഖനത്തിൽ എഴുതിയിരുന്നു.
‘അറബികളെ ഇല്ലാതാക്കി ജൂതന്മാർ ഫലസ്തീനെ ഭാഗികമായോ പൂർണമായോ ദേശീയ ഇടമാക്കി മാറ്റുന്നത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റ കൃത്യമാണ്,’ ഗാന്ധി പറഞ്ഞു.
ഫലസ്തീനി അറബികളുടെ നാടാണ് ഫലസ്തീൻ എന്നതും ബ്രിട്ടന്റെ സഹായത്തോടെ ഫലസ്തീനിലെ ജൂതന്മാരുടെ സെറ്റിൽമെന്റ് ആക്രമിച്ചുകൊണ്ടായിരുന്നു എന്നതുമായിരുന്നു ഗാന്ധിയുടെ എതിർപ്പിന്റെ കാരണങ്ങൾ. അറബികളുടെ അനുവാദത്തോടെ മാത്രമേ ജൂതന്മാർക്ക് ഫലസ്തീനിൽ താമസിക്കാൻ സാധിക്കൂ എന്നും ബ്രിട്ടന്റെ ആയുധങ്ങളുടെ സഹായത്തോടെയല്ല എന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.
ഗാന്ധിയുടെ അഭിപ്രായങ്ങൾ ജവഹർ ലാൽ നെഹ്‌റുവിൽ സ്വാധീനം ചെലുത്തിയെന്നും ദശബ്ദങ്ങളോളം രാജ്യത്തിന്റെ വിദേശ നയം രൂപപ്പെടുത്തുന്നതിൽ അത് നിർണായകമായെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അറബികൾക്കും ജൂതന്മാർക്കുമിടയിൽ ഫലസ്തീനെ വിഭജിച്ച യു.എൻ പ്രമേയം 181നെതിരെ ഇന്ത്യ വോട്ട് ചെയ്തിരുന്നു. 1950ൽ ഇസ്രഈലിനെ രാഷ്ട്രമായി അംഗീകരിച്ചെങ്കിലും 1992ൽ മാത്രമാണ് ഇസ്രഈലുമായി ഇന്ത്യ നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
Content Highlight: Why Gandhi opposed a Jewish nation-state in Palestine