ന്യൂദല്‍ഹി: രാജ്യത്ത് കര്‍ഷകസമരങ്ങള്‍ തുടരുന്നതിനെ ശക്തമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
‘ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്? കര്‍ഷക നിയമത്തിന്റെ സാധുത കോടതിയ്ക്കല്ലാതെ ആര്‍ക്കും നിര്‍ണയിക്കാനാവില്ല, കോടതിയില്‍ കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തിനാണ് അവര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്,’ കോടതി ചോദിച്ചു.
തെരുവില്‍ സമരം ചെയ്യുന്നതും കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ലെന്നും കിസാന്‍ മഹാപഞ്ചായത്തിന്റെ ഹരജി സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും കോടതി പറഞ്ഞു.
ഇപ്പോഴുള്ള അവസരത്തില്‍, കോടതിയുടെ പരിഗണയിരിക്കുന്ന ഒരു വിഷയത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍, പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാരുടെ സമ്പൂര്‍ണമായ അവകാശമാണോ എന്ന വസ്തുത പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് കോടതി വിലയിരുത്തി. എ. എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ദേശീയ പാത തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ നേരത്തെയും കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ സംഘടിപ്പിക്കുന്നതിന് ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
”നിങ്ങള്‍ മുഴുവന്‍ നഗരത്തെയും ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്ടരാണോ? നിങ്ങള്‍ ഈ ഏര്‍പ്പാട് നിര്‍ത്തണം,’
കര്‍ഷകര്‍ ഹൈവേകള്‍ തടസപ്പെടുത്തുകയാണെന്നും എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ടെന്നും അവരുടെ വസ്തുക്കള്‍ക്ക് കേടുപാടുവരുന്നുണ്ടെന്നും കര്‍ഷകര്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുമാണ് കോടതി പറഞ്ഞത്.