ഇ ബുള്‍ജെറ്റിന്റെ സമാന്തരലോകം എന്തുകൊണ്ട് ഒരു സാമൂഹ്യപ്രശ്‌നമാണ്
FB Notification
ഇ ബുള്‍ജെറ്റിന്റെ സമാന്തരലോകം എന്തുകൊണ്ട് ഒരു സാമൂഹ്യപ്രശ്‌നമാണ്
ബഷീര്‍ വള്ളിക്കുന്ന്
Tuesday, 10th August 2021, 4:38 pm
വളര്‍ന്ന് വരുന്ന ഒരു തലമുറയുടെ രാഷ്ട്രീയബോധത്തേയും സോഷ്യല്‍ കമ്മിറ്റ്‌മെന്റിനെയും അപകടകരമാം വിധം അപായപ്പെടുത്തുകയും ദിശ തെറ്റിക്കുകയും ചെയ്യുന്ന ഒരു ഗെയിം.

ഇ ബുള്‍ജെറ്റിന്റെ യൂടൂബ് ചാനലില്‍ ഒന്ന് കയറി നോക്കി. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ഹിറ്റ് ഉണ്ടായിട്ടുള്ളത് കഴിഞ്ഞ ദിവസമാണ്. ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത അവസാന വീഡിയോ വരെ മൂന്ന് മില്യണ്‍ വ്യൂ നേടിക്കഴിഞ്ഞു. ഇനിയങ്ങോട്ട് വരുന്ന വീഡിയോകള്‍ക്കും സമാനമായ സ്ഥിതിയായിരിക്കും.

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുക, വാര്‍ത്ത സൃഷ്ടിക്കുക, ഹിറ്റ് കൂട്ടുക എന്ന ഒരു തന്ത്രത്തിലേക്ക് കൂടുതല്‍ യൂ ടൂബേഴ്‌സ് ഇനി വരും. ബുള്‍ജെറ്റ് അവര്‍ക്കെല്ലാവര്‍ക്കും കോപ്പി ചെയ്യാവുന്ന ഒരു സ്‌പെസിമെന്‍ ആണ്.

സോഷ്യല്‍ മീഡിയയെ ഒരു വരുമാന മാര്‍ഗമായി ഉപയോഗിക്കുന്നതും അവയില്‍ ടൈം ഇന്‍വെസ്റ്റ് ചെയ്യുന്നതും നല്ല കാര്യമാണ്. പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. എന്നാല്‍ ജീവിക്കുന്ന സമൂഹവുമായി ഡിസ്‌കണക്ക്ട് ചെയ്ത്, ആ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നൊക്കെ മുഖം തിരിച്ച്, തികഞ്ഞ അരാഷ്ട്രീയ ജീവികളായി മാറാവുന്ന ഒരു പാരലല്‍ വേള്‍ഡാണ് നമ്മുടെ കുട്ടികള്‍ ഉണ്ടാക്കാന്‍ നോക്കുന്നതെങ്കില്‍ അതൊരു സാമൂഹ്യ പ്രശ്‌നമാണ്. അവധാനതയോടെ അഡ്രസ്സ് ചെയ്യേണ്ട വിഷയമാണ്.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് വണ്ടി പിടിച്ചെടുത്ത് പിഴ ഈടാക്കുക എന്നത് ഒരു പുതുമയുളള കാര്യമല്ല. പക്ഷേ അവരുടെ ‘പാരലല്‍ വേള്‍ഡില്‍’ അതൊരു പുതുമയുള്ള കാര്യമാണ്, സ്‌ഫോടനാത്മകമായ സംഭവമാണ്. കേരളം കത്തിക്കുമെന്നൊക്കെ പറയുന്നത് ആ പാരലല്‍ വേള്‍ഡിലെ ഹാലൂസിനേഷന്റെ പുറത്താണ്. കുറച്ച് ദിവസം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുകയും വക്കീല്‍ ഫീസ് കൊടുത്ത് കോടതി വ്യവഹാരങ്ങളില്‍ ഇടപെടുകയും ചെയ്യുമ്പോള്‍ ആ ഹാലൂസിനേഷന്‍ ഇത്തിരി കുറഞ്ഞു കിട്ടും.

ഇവരുടെ കൂടുതല്‍ വീഡിയോകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കി ടോള്‍ ബൂത്തുകള്‍ കടന്നു പോവുക, കര്‍ഷകരേയും സാധാരണക്കാരേയും പരിഹസിച്ചു കേമന്മാരാവുക, പബ്ലിക്ക് ടോയ്ലറ്റില്‍ നിന്ന് ബക്കറ്റ് മോഷ്ടിക്കുക, മാസ്‌ക് ധരിച്ചു നില്‍ക്കുന്നവരുടെ മാസ്‌ക് വലിച്ചൂരുക തുടങ്ങി പലവിധ കലാപരിപാടികള്‍ നടത്തുന്നുണ്ട് എന്നൊക്കെ വീഡിയോ കണ്ട ചിലര്‍ എഴുതിയത് വായിച്ചു. ഏതായാലും ഇജ്ജാതി ഐറ്റംസുകളെ പ്രോത്സാപ്പിച്ച് കയ്യടിക്കാന്‍ തത്ക്കാലം വയ്യ.

എന്നാല്‍ ഇത്തരം അരാഷ്ട്രീയ പാരലല്‍ വേള്‍ഡ് സ്വപ്ന ജീവികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും നിയമ വ്യവസ്ഥയുടെയും നമ്മുടെ സാമൂഹ്യക്രമത്തിന്റെയും അവശ്യം വേണ്ട ഇടപെടലുകളെ പോലും തെറ്റായി വ്യഖ്യാനിക്കുകയും ചെയ്യുന്ന ചിലരെ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്.

അവരോട് മിനിമം ഭാഷയില്‍ പറയാനുള്ളത് വളരെ അപകടം പിടിച്ച ഒരു ഗെയിമാണ് നിങ്ങള്‍ കളിക്കുന്നത് എന്നാണ്. വളര്‍ന്ന് വരുന്ന ഒരു തലമുറയുടെ രാഷ്ട്രീയബോധത്തേയും സോഷ്യല്‍ കമ്മിറ്റ്‌മെന്റിനെയും അപകടകരമാം വിധം അപായപ്പെടുത്തുകയും ദിശ തെറ്റിക്കുകയും ചെയ്യുന്ന ഒരു ഗെയിം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Why E Bulljet is a social nuisance – Basheer Vallikkunnu writes