ഡോ.അംബേദ്കര്‍ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു? അഥവാ ബുദ്ധമതം സ്വീകരിച്ചു?
Opinion
ഡോ.അംബേദ്കര്‍ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു? അഥവാ ബുദ്ധമതം സ്വീകരിച്ചു?
ആര്‍. അനിരുദ്ധന്‍
Sunday, 14th October 2018, 3:55 pm

2018 ഒക്ടോബര്‍ 14 – ഡോ. അംബേദ്ക്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചതിന്റെ 62-ാം വാര്‍ഷികമാണ്

പന്ത്രണ്ട് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യയിലെ ബുദ്ധമത വിശ്വാസികള്‍ വര്‍ഷന്തോറും വര്‍ണാഭമായി ആഘോഷിക്കുന്ന ഉത്സവമാണ് ഒക്ടോബറിലെ വിജയദശമി. ബി.സി. 262-ലെ ചരിത്രപ്രസിദ്ധമായ കലിംഗയുദ്ധത്തിന് ശേഷം മഹാനായ അശോക ചക്രവര്‍ത്തി മാനസാന്തരപ്പെട്ട് അഹിംസയുടെ മാര്‍ഗമായ ബുദ്ധമതം ആശ്ലേഷിച്ചതിന്റെ വിജയദിനമായാണ് വിജയദശമി ആഘോഷിക്കുന്നതെങ്കിലും 1956 ന് ശേഷമുളള വിജയദശമി ദിനാഘോഷങ്ങള്‍ക്ക് മറ്റൊരു ചരിത്ര പ്രാധാന്യം കൂടിയുണ്ട്.

ഇതേവര്‍ഷത്തെ (ഒക്ടോബര്‍ 14) വിജയദശമിദിനത്തിലായിരുന്നു ബാബാസാഹേബ് അംബേദ്കര്‍ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ വച്ച് ആറ് ലക്ഷത്തോളം വരുന്ന തന്റെ അനുയായികളോടൊപ്പം ബുദ്ധമതത്തിലേക്ക് പ്രയാണം നടത്തി ആധുനിക ഇന്ത്യയില്‍ കരുണയുടെയും സാര്‍വലൗകിക സ്നേഹത്തിന്റെയും സമത്വത്തിന്റെയും മഹാപ്രവാഹമായ ബുദ്ധമതത്തിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുന്നത്.

ചരിത്രം സൃഷ്ടിച്ച ഡോ.അംബേദ്ക്കറുടെ ധമ്മചകപരിവര്‍ത്തന മഹായാനത്തിന് മുന്‍പു തന്നെ ശ്രീലങ്കന്‍ ബുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മഹാബോധി സൊസൈറ്റിയുടെ ഇടപെടലുകളെത്തുടര്‍ന്ന് ഇന്ത്യയില്‍ ബുദ്ധമത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരുന്നെങ്കിലും, 1956-ല്‍ ഡോ.അംബേദ്ക്കറും അനുയായികളും ജാത്യാധിഷ്ഠിത വിവേചനം ഉദ്ഘോഷിക്കുന്ന ഹിന്ദുമതത്തോട് വിടപറഞ്ഞ് ബുദ്ധമതം ആശ്ലേഷിക്കുന്നതോടുകൂടിയാണ് ഇന്നും സജീവമായി നിലനില്‍ക്കുന്ന ഒരു സാംസ്‌കാരിക വിപ്ലവ മുന്നേറ്റമായി ബുദ്ധമതപരിവര്‍ത്തന പ്രസ്ഥാനം വികസിക്കുന്നതും, ലോകം ഡോ. അംബേദ്ക്കറെ ബുദ്ധമത പുനരുദ്ധാന മുന്നേറ്റത്തിന്റെ പതാക വാഹകന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ ആരംഭിക്കുന്നതും.

വര്‍ണവിവേചനത്തെക്കാള്‍ ഭയാനകമായ ജാതിവിവേചനത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ജനസംഖ്യയില്‍ നാലിലൊന്നു വരുന്ന അടിസ്ഥാന ജനതയെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി വിമോചിപ്പിക്കുകവഴി ജാതിരഹിത പ്രബുദ്ധഭാരതം കെട്ടിപ്പടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ഡോ. അംബേദ്കര്‍ ആരംഭിച്ച ബുദ്ധമത പ്രയാണത്തിന്റെ പ്രസക്തിക്ക് വര്‍ത്തമാന കാലഘട്ടത്തിലും മങ്ങലേറ്റിട്ടില്ല എന്ന് കാലം ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട് ഡോ. അംബേദ്ക്കറും അനുയായികളും ഹിന്ദുമതം ഉപേക്ഷിച്ചു? അഥവാ എന്തെല്ലാം ഘടകങ്ങളാണ് അദ്ദേഹത്തെ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം ആശ്ലേഷിക്കാന്‍ പ്രേരിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്, പ്രത്യേകിച്ചും ജാതിയുടെയും തൊട്ടുകൂടായ്മയുടെയും സ്വത്വബോധത്തിന്റെയും പേരില്‍ മുന്‍പത്തെക്കാള്‍ ഭീകരമായി ജാതി ഹിന്ദുക്കളാല്‍ ദലിതര്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാലഘട്ടത്തില്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചാതുര്‍വര്‍ണ്യ സനാതന സംസ്‌കൃതിയോളം വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതും, ആയിരത്തിലേറെ ജാതികളെയും അതിലേറെ ഉപജാതികളെയും സൃഷ്ടിച്ച് ശ്രേണീകൃത അസമത്വത്തെ പരിപോഷിപ്പിച്ച് കല്പാന്തകാലത്തോളം അടിസ്ഥാന വിഭാഗങ്ങളെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും വഴിയൊരുക്കുന്ന, സമാനതകളില്ലാത്ത സാമൂഹിക വ്യവസ്ഥയാണല്ലോ ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിസമ്പ്രദായം?

 

വര്‍ണവിവേചനത്തെക്കാള്‍ നീചവും നിന്ദ്യവും അസമത്വത്തെ സ്ഥാപനവത്കരിക്കുന്നതുമായ ജാതിവ്യവസ്ഥയുടെ തടവറയില്‍ നിന്നും അതിന്റെ ബലിയാടുകളായ ഇന്ത്യയിലെ അടിസ്ഥാന ജനതയെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണല്ലോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ ഡോ. അംബേദ്കര്‍ തന്റെ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്.?.

വര്‍ണവിവേചനത്തിനെതിരെ 1950-കളിലും 60-കളിലും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നടത്തിയ വിമോചന പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുംവിധം, ജാതിയുടെ കൊടിയ വിവേചനങ്ങള്‍ക്കെതിരെ കുരിശ് യുദ്ധം ആരംഭിച്ച ഡോ. അംബേദ്കര്‍ ജാതികേന്ദ്രീകൃത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ പരിഷ്‌ക്കരിക്കുന്നതിലൂടെ യാഥാസ്ഥിക ഹിന്ദുമതത്തെ തന്നെ പരിഷ്‌ക്കരിക്കുന്നതിനായിരുന്നല്ലോ തന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കിയത്?.

ഹിന്ദു മതത്തിനുള്ളില്‍ അടിസ്ഥാന ജനതക്ക് ആത്മാഭിമാനവും തുല്യാവകാശവും സമത്വവും സ്ഥാപിച്ചെടുക്കാന്‍വേണ്ടി അദ്ദേഹം നടത്തിയ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹിന്ദുമതത്തിന്റെ സാമൂഹിക വ്യവഹാരങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും നീതിബോധത്തെയും പരിഷ്‌കരിക്കാനും അധ:സ്ഥിത വിഭാഗങ്ങളോടുള്ള യാഥാസ്ഥിക ഹിന്ദുക്കളുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്താനും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

 

സവര്‍ണര്‍ കീഴാളരെന്ന് മുദ്രകുത്തിയ അടിസ്ഥാന ജനവിഭാഗങ്ങളെക്കൂടി ഹിന്ദുമതത്തിന്റെ ഭാഗമായി പരിഗണിച്ച് അവരുടെ പൗരാവകാശങ്ങള്‍ അംഗീകരിക്കണമെന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച മറ്റൊരു ആവശ്യം. ഇതിന്റെ ഭാഗമായി ഹിന്ദുമത പരിഷ്‌കര്‍ത്താക്കള്‍ ജാതിനശീകരണ യജ്ഞത്തില്‍ വ്യാപൃതരാകണമെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു കൂടി ആരാധന നടത്താന്‍ തുറന്നുകൊടുക്കണമെന്നും ജാതി പരിഗണിക്കാതെ പൗരന്‍ എന്ന നിലയില്‍ ഹിന്ദുമതത്തിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരെന്നും അപരിഷ്‌കൃതരെന്നും അധ:കൃതരെന്നും സര്‍വോപരി തൊട്ടുകൂടാത്തവരെന്നും മനുസ്മൃതി ഉള്‍പ്പെടെയുള്ള ഹൈന്ദവ നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ മുദ്രകുത്തിയ അടിസ്ഥാന ജനതയെ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനോ അവരുടെ പൗരാവകാശങ്ങള്‍ അംഗീകരിക്കാനോ ജാതിവാദികളായ ഹിന്ദുക്കള്‍ തയ്യാറായില്ലെന്നു മാത്രമല്ല, ജാതി സമ്പ്രദായത്തിന്റെ ദണ്ഡനീതിയും തീട്ടുരങ്ങളും ഉപയോഗിച്ച് ഈ ജനതയെ കൂടുതല്‍ അടിച്ചമര്‍ത്താനും അവരുടെ പൗരാവകാശങ്ങള്‍ ധ്വംസിക്കുവാനും അവരുടെ പൗരാവകാശമുന്നേറ്റങ്ങളെ തമസ്‌കരിക്കുമാനാണ് കിണഞ്ഞ് പരിശ്രമിച്ചത്.

ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ്, അടിസ്ഥാന ജനതയുടെ പൗരാവകാശങ്ങളെ പ്രതിരോധിച്ച ജാതിയെ ഉന്മൂലനം ചെയ്ത്, ഈ ജനതയുടെ ആത്മാഭിമാനവും അന്തസും വീെണ്ടടുത്ത് പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യ സംസ്‌കൃതിയിലേക്ക് നയിക്കുന്നതിനുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങളില്‍ ഡോ. അംബേദ്കര്‍ വ്യാപൃതനാവുന്നത്.

 

ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 1927-ലെ ചരിത്ര പ്രസിദ്ധമായ മഹദ് സമരത്തിന് നേതൃത്വം നല്‍കി മനുസ്മൃതി ചുട്ടെരിച്ചതിന് പിന്നാലെ 1930-ല്‍ ബോംബെയിലെ കലാരാം ക്ഷേത്രപ്രവേശന സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നത്.

ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ആഴത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മുന്‍ചൊന്ന സമര പ്രക്ഷോഭങ്ങള്‍ക്കൊപ്പം തന്നെ സാമൂഹികമായി വേര്‍തിരക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണം എന്ന സാമൂഹിക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, അടിസ്ഥാന ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി.

അടിസ്ഥാന ജനതയുടെ സാമൂഹിക വിമോചനപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലുകളായിമാറിയ ഇത്തരം മുന്നേറ്റങ്ങളുടെ ഭാഗമായാണ് മുപ്പതുകളില്‍ ലണ്ടനില്‍ വച്ച് നടന്ന വട്ടമേശ സമ്മേളനങ്ങളില്‍, അധ:സ്ഥിത ജനതയുടെ പ്രതിനിധിയായി ഡോ. അംബേദ്കര്‍ പങ്കെടുക്കുന്നതും, ഈ ജനതയുടെ രാഷ്ട്രീയാവകശാങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതും. ഇത്തരത്തില്‍ 1930 കളില്‍, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഡോ. അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങളുടെ പരിണിത ഫലമായാണ് 1932-ല്‍ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കുമ്പോള്‍ തൊട്ടുകൂടാത്തവരുടെ വ്യതിരിക്ത സ്വത്വവാദരാഷ്ട്രീയത്തെ അംഗീകരിച്ച ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്ക് പ്രത്യേക വോട്ടവകാശവും സംവരണവും വ്യവസ്ഥ ചെയ്യുന്ന കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

 

ഇതോടുകൂടിയാണ് ജാതി സമ്പ്രദായത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും അയിത്തജാതിക്കാര്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള സാഹചര്യം സംജാതമാകുന്നത്. എന്നാല്‍ കമ്യൂണല്‍ അവാര്‍ഡ് ഹിന്ദു സമൂഹത്തെ അവര്‍ണരെന്നും സവര്‍ണരെന്നും രണ്ടായി വിഭജിക്കാന്‍ വഴിയൊരുക്കുമെന്ന് ഭീഷണി മുഴക്കിയ ഹിന്ദുധര്‍മശാസ്ത്രങ്ങളുടെ ഉപാസകനായിരുന്ന ഗാന്ധി കമ്യൂണല്‍ അവാര്‍ഡിനെതിരെ മരണം വരെ നിരാഹാര സമരത്തിലേര്‍പ്പെട്ടതോടെ സ്ഥിതിഗതികള്‍ അനിശ്ചിതത്വത്തിന് വഴിമാറുകയും, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി ബ്രിട്ടീഷ് ഭരണകൂടം കമ്യൂണല്‍ അവാര്‍ഡ് പിന്‍വലിക്കുകയും തല്‍സ്ഥാനത്ത് പൂനാപാക്റ്റ് നിലവില്‍ വരികയും ചെയ്തതോടെ അടിസ്ഥാന ജനതയുടെ രാഷ്ട്രീയ സ്വയംനിര്‍ണയാവകാശ മുന്നേറ്റം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങി.

സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുടെ തിരയിളക്കത്താല്‍ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പൂനാപാക്ടിന്റെ പശ്ചാത്തലത്തില്‍ പോലും ക്ഷേത്രപ്രവേശനം ഉള്‍പ്പെടെ അയിത്തജാതിക്കാരുടെ അവകാശങ്ങളോട് ജാതി ഹിന്ദുക്കള്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. ഈയൊരു സാഹചര്യത്തിലാണ് ഹിന്ദുമതത്തോടുള്ള തന്റെ സമീപനം വ്യക്തമാക്കാന്‍ ഡോ. അംബേദ്കര്‍ നിര്‍ബന്ധിതനാവുന്നത്.

ഇതിന്റെ ഭാഗമായാണ് 1935 ഒക്ടോബര്‍ 30-ന് ബോംബെയിലെ ഇയോളയില്‍ അധ:സ്ഥിത ജനതയുടെ മഹാസമ്മേളനം അദ്ദേഹം സംഘടിപ്പിക്കുന്നതും, സമ്മേളനത്തില്‍ വച്ച് ഹിന്ദുമതത്തോടുള്ള തന്റെ സമീപനം വ്യക്തമാക്കുന്നതും. ജാതിവ്യവസ്ഥക്കുകീഴില്‍ നൂറ്റാണ്ടുകളായി അധ:സ്ഥിത വിഭാഗങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിവേചനവും അടിച്ചമര്‍ത്തലും തിരസ്‌ക്കരണവും അനുഭവിച്ചുകൊണ്ട് യാതൊരുവിധ പ്രതിഷേധങ്ങളുമില്ലാതെ ഹിന്ദുമതത്തിനുള്ളില്‍തന്നെ തുടരണമോ അതോ വിമോചനാര്‍ഥം ആ മതം എന്നെന്നേക്കുമായി ഉപേക്ഷിച്ച് ആത്മാഭിമാനത്തിനും സമത്വത്തിനും പ്രാമുഖ്യം നല്‍കുന്ന മറ്റേതെങ്കിലും മതം സ്വീകരിക്കണമോ എന്നതായിരുന്നു ഡോ. അംബേദ്കര്‍ക്ക് മുന്നിലെ പ്രസക്തമായ ചോദ്യം.

 

പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളിലെ അധ:സ്ഥിത നവോത്ഥാന ശില്പികള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയാതെ പോയ ഏറ്റവും സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു നിയതാര്‍ഥത്തില്‍ ഇയോള സമ്മേളനത്തിന്റെ ലക്ഷ്യം. അധ:സ്ഥിത നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രഗതിയെ മാറ്റിമറിച്ച ഇയോള സമ്മേളനത്തില്‍ വച്ചാണ് ഹിന്ദുമതം ഉപേഷിക്കുന്നതിലൂടെ മാത്രമെ ദലിതരുടെ വിമോചനം സാക്ഷാത്ക്കരിക്കാന്‍ കഴിയൂ എന്ന് ഡോ.അംബേദ്കര്‍ വ്യക്തമാക്കുന്നത്.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ശ്രേണീകൃത അസമത്വത്തെയും വിവേചനത്തെയും സാധൂകരിക്കുന്ന ഹിന്ദുയിസത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: “ഹിന്ദു മതത്തിലേതുപോലെ ലോകത്ത് മറ്റൊരു മതത്തിലും അസമത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണം കാണാന്‍ കഴിയില്ല. മനുഷ്യ ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും തൊട്ടുകൂടായ്മയെക്കാള്‍ പ്രചണ്ഡമായ അസമത്വം ദര്‍ശിക്കാന്‍ കഴിയില്ല ….. ഹിന്ദുക്കള്‍ നമ്മളോട് പിന്തുടരുന്ന പെരുമാറ്റം മൂലം നമ്മള്‍ ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം കീഴാളരായി തീര്‍ന്നിരിക്കുന്നു. അപമാനകരമായ ഈ ജീവിതാവസ്ഥയെ അതിജീവിക്കണമെങ്കില്‍, ഈ മാലിന്യം കഴുകിക്കളഞ്ഞ് മൂല്യവര്‍ത്തായ ഒരു ജീവിതം നയിക്കണമെങ്കില്‍ നിങ്ങളെ ബന്ധിച്ചിരിക്കുന്ന ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുക മാത്രമെ എക പോംവഴിയുള്ളു””

“ജാതി ഉന്മൂലനം സാധ്യമാക്കാതെ ഹിന്ദു സമൂഹത്തെ നവീകരിക്കാന്‍ കഴിയില്ലെന്നു ഉറച്ചുവിശ്വസിച്ചിരുന്ന സാമൂഹിക വിപ്ളവകാരിയായിരുന്നല്ലോ ഡോ. അംബേദ്കര്‍. ഇക്കാരണത്താല്‍തന്നെ ജാതി നശീകരണത്തിന്റെ സാധ്യതകളെയും അസാധ്യതകളെയും പറ്റിയും അദ്ദേഹം ഗഹനമായി അന്വേഷണം നടത്തിയിരുന്നു. ജാതി നശീകരണത്തെ കേന്ദ്രവിഷയമാക്കി, 1936-ല്‍ ശ്രദ്ധേയമായൊരു ഗ്രന്ഥവും അദ്ദേഹം രചിക്കുകയുണ്ടായി.

 

നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിഷയീഭവിച്ച ഈ ഗ്രന്ഥത്തിലൂടെ ജാതിവ്യവസ്ഥയുടെ വേരുകള്‍ വര്‍ണാശ്രമവുമായി ബന്ധപ്പെട്ട മതത്തിലും വര്‍ണാശ്രമത്തിന്റെ വേരുകള്‍ ബ്രാഹ്മണിക മതത്തിലും അന്തര്‍ലീനമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഹിന്ദു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളില്‍ മാറ്റം വരുത്താതെ ജാതിയെയും ജാതീയമായ വിവേചനങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

1935-ലെ ചരിത്രപ്രസിദ്ധമായ തന്റെ ഇയോള പ്രസംഗത്തില്‍ ജാതി നശീകരണത്തിന്റെ നിരര്‍ഥകതയെപ്പറ്റി അദ്ദേഹം ഇപ്രകാരം മുന്നറിയിപ്പ് നല്‍കി. “”ഒരു പദാര്‍ഥത്തിന്റെ രുചി മാറ്റാന്‍ കഴിഞ്ഞേക്കാം. പക്ഷേ വിഷത്തെ അമൃതാക്കാന്‍ സാധ്യമല്ല. ജാതി നശീകരണത്തെപ്പറ്റി വാചാലമാകുന്നത് വിഷത്തെ അമൃതാക്കി മാറ്റാം എന്നു ഉദ്ഘോഷിക്കുന്നതു പോലെയാണ്. ചുരുക്കത്തില്‍ ഒരുവന്‍ മറ്റൊരുവനോട് കുഷ്ഠരോഗിയോടെന്ന പോലെ പെരുമാറണമെന്ന് അനുശാസിക്കുന്ന ഒരു മതത്തില്‍ തുടരുന്നിടത്തോളം ജാതിയുടെ പേരില്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വിവേചനം നാമാവശേഷമാവുകയില്ല. അയിത്തജാതിക്കാര്‍ക്കിടയിലെ ജാതിയും അയിത്തവും അവസാനിപ്പിക്കാനുള്ള ഏക പ്രതിവിധി മതപരിവര്‍ത്തനം മാത്രമാണ്.””

ജാതിയെ ഉന്മൂലനം ചെയ്യാനോ അങ്ങനെ ഹിന്ദു സാമൂഹിക വ്യവസ്ഥയെ പരിഷ്‌കരിക്കാനോ യാഥാസ്ഥിക ഹിന്ദുക്കള്‍ക്ക് അടിസ്ഥാന ജനതയോടുള്ള സമീപനത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനോ കഴിയില്ലെന്ന് 1927-ലെ മഹദ് സമരത്തിന്റെ കാലഘട്ടത്തില്‍ തന്നെ ഡോ..അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു. ഹിന്ദുമതവും ജാതികേന്ദ്രീകൃതമായ അതിന്റെ സാമൂഹിക വ്യവഹാരങ്ങളുമാണ് അടിസ്ഥാന ജനതയുടെ അധ:പതനത്തിനും ഇന്ത്യയുടെ തകര്‍ച്ചക്കും വഴിയൊരുക്കിയതെന്നു കണ്ടെത്തിയ ഡോ. അംബേദ്കര്‍ ഹിന്ദു സമൂഹത്തെ ജനാധിപത്യവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദലിതരുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയത്.

ഒടുവില്‍ ഹിന്ദുമതം ദലിതരുടെ പൂര്‍വികരുടെ മതമോ സംസ്‌കാരമോ അല്ലെന്നും അതു അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തമാണെന്നും കണ്ടെത്തിയതിന് ശേഷമായിരുന്നു മതം ഉപേഷിക്കാന്‍ അദ്ദേഹം ദലിതരോട് ആഹ്വാനം ചെയ്തത്. ചുരുക്കത്തില്‍ അടിസ്ഥാന ജനതയുടെ ബുദ്ധമതപരിവര്‍ത്തനത്തിലൂടെ ജാതിഭാരതത്തെ ജാതിവിമുക്തമായൊരു പ്രബുദ്ധ ഭാരതത്തിലേക്കും ജനാധിപത്യ സംസ്‌കൃതിയിലേക്കും നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹിന്ദുമതം ഉപേക്ഷിക്കാന്‍ അദ്ദേഹം ദലിതരോട് ആഹ്വാനം ചെയ്തത്.

ഇയോള പ്രഖ്യാപനം കഴിഞ്ഞ് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡോ. അംബേദ്ക്കറും അനുയായികളും 1956 ഒക്ടോബര്‍ 14-ന് നാഗ്പൂരില്‍വച്ച് ബുദ്ധമതം ആശ്ലേഷിക്കുന്നത്.പ്രധാനമായും രണ്ടു കാരണങ്ങളാലാണ് അദ്ദേഹം ബുദ്ധമതത്തിലേക്ക് ആകൃഷ്ടനായെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ബുദ്ധമതത്തിന്റെ ഭാരതീയ പൈതൃകവും യുക്തിക്കും നൈതികതക്കും പ്രാമുഖ്യം നല്‍കുന്ന ഒരു തത്വദര്‍ശനം എന്ന നിലയില്‍ അതിനോടുള്ള ഡോ.അംബേദ്ക്കറുടെ അദമ്യമായ അഭിനിവേശവുമായിരുന്നു ആദ്യത്തെ കാരണം.

ഒരു ജീവിതദര്‍ശനം എന്ന നിലയില്‍ ബുദ്ധിസം വിഭാവനം ചെയ്യുന്ന ജാതിരഹിത, സമത്വാധിഷ്ഠിത സമൂഹത്തിന്റെ രൂപീകരണമായിരുന്നു രണ്ടാമത്തെ കാരണം. ബുദ്ധിസത്തിന്റെ വിശാലതയെപ്പറ്റി ഒരിക്കല്‍ ഡോ.അംബേദ്കര്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി. “”ബുദ്ധിസം മഹാസാഗരം പോലെയാണ്. ബുദ്ധിസത്തില്‍ ഉയര്‍ന്നവനോ താഴ്ന്നവനോ ഇല്ല. ശ്രീബുദ്ധന്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ സ്നേഹത്തിലൂടെയും കരുണയിലൂടെയും കീഴാളരുടെ ഹൃദയം കവരുകയും അവര്‍ക്ക് വിമോചനത്തിന്റെ യഥാര്‍ഥ പാത കാട്ടിക്കൊടുക്കുകയും ചെയ്തു.

സമത്വമാണ് ബുദ്ധിസത്തിന്റെ അടിസ്ഥാന തത്വം; യുക്തിചിന്തയും നൈതികതയും അതിന്റെ അടിത്തറയും ബുദ്ധിസം ശൂദ്രരുടെ മതമാണെന്ന് വിളിക്കപ്പെട്ടിരുന്നു. ഒരേയൊരാള്‍ മാത്രമാണ് വിഭാഗീയതക്കും അടിമത്തത്തിനുമെതിരെ ശബ്ദമുയര്‍ത്തിയത്, അത് ബുദ്ധനായിരുന്നു. എന്തുകൊണ്ട് ബുദ്ധമതം തനിക്ക് സ്വീകാര്യമായി എന്ന വിഷയത്തെപ്പറ്റി, 1956 മേയ് 12-ന് ബി.ബി.സി യിലൂടെ നടത്തിയ പ്രഭാഷണത്തില്‍ ആധുനിക കാലഘട്ടത്തില്‍ ബുദ്ധിസത്തിന്റെ പ്രസക്തിയെപ്പറ്റി അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി.

“” മറ്റു മതങ്ങളെല്ലാം ഈശ്വരന്‍, ആത്മാവ്, മരണാനന്തര ജീവിതം എന്നിവയെപ്പറ്റിയാണ് സംവദിക്കുന്നത്. ബുദ്ധമതത്തില്‍ മാത്രമാണ് മറ്റു മതങ്ങളില്‍ കാണാത്ത മൂന്നു തത്വങ്ങളെ ഒന്നിച്ചു കോര്‍ത്തിണക്കിയിട്ടുള്ളത്. ബുദ്ധമതം പ്രജ്ഞ (അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ബോധം), കരുണ (സ്നേഹം), സമത്വം എന്നിവ പഠിപ്പിക്കുന്നു. മനുഷ്യന് ഭൂമിയില്‍ സന്തോഷത്തോടെ ജീവിക്കാന്‍ ഇവയല്ലാതെ മറ്റെന്താണ് വേണ്ടത്. ആയതിനാല്‍ ഈ മൂന്നു തത്വങ്ങള്‍ പ്രദാനം ചെയ്യുന്ന ബുദ്ധമതം എനിക്ക് സ്വീകാര്യമായി.

“”സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും വിഭാവനം ചെയ്യുന്ന ബുദ്ധിസത്തില്‍ നിന്നാണ് താല്‍ തന്റെ തത്വശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് പ്രഖ്യാപിച്ച ഡോ. അംബേദ്കര്‍ അഹിംസയുടെ ദര്‍ശനമായ ബുദ്ധിസം പിന്തുടരുന്നതിലൂടെ മാത്രമെ ലോകത്ത് ശാശ്വതമായ സമാധാനവും സമത്വവും സാഹോദര്യവും കൈവരിക്കാന്‍ കഴിയൂ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായൊരു പുതിയ ഇന്ത്യയും പുതിയ ലോകവും രൂപകല്പന ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ചുരുക്കത്തില്‍ സാംസ്‌കാരിക വൈരുദ്ധ്യങ്ങളില്‍ നിന്നും ബുദ്ധിസം വിഭാവനം ചെയ്യുന്ന സാമൂഹിക വിപ്ളവത്തിലൂടെ ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യ സംസ്‌കൃതിയിലേക്ക് നയിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടിയാണ് അദ്ദേഹവും അനുയായികളും ബുദ്ധമതം ആശ്ലേഷിച്ചത് എന്നത് വ്യക്തമാണ്.

 

ബുദ്ധമതപരിവര്‍ത്തനത്തിലൂടെ യാഥാര്‍ഥ്യമാവേണ്ട സാമൂഹിക വിപ്ളവത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് ഒരിക്കല്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. “രാഷ്ടീയ വിപ്ളവങ്ങള്‍ക്ക് മുന്‍പേ സാമൂഹിക വിപ്ളവങ്ങള്‍ അരങ്ങേറിയതിന് ചരിത്രത്തില്‍ നിരവധി തെളിവുകളുണ്ട്. ലൂഥര്‍ ആരംഭം കുറിച്ച മത വിപ്ലവമാണ് യൂറോപ്പന്‍ ജനതയുടെ ഉയര്‍ത്തെഴുന്നേല്പിന് മുന്നോടിയായത്. ഇംഗ്ലണ്ടില്‍ പ്യൂരിട്ടനിസമാണ് രാഷ്ട്രീയ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. മുഗള്‍ സാമ്രാജ്യത്തെ സംബന്ധിച്ചും ഇതു ശരിയാണ് .അറബികള്‍ ഒരു രാഷ്ട്രീയശക്തിയായി പരിണമിക്കുന്നതിന് മുന്‍പ് അവര്‍ പ്രവാചകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന മതവിപ്ളവത്തിന് വിധേയരായി. ബുദ്ധന്റെ മത-സാമൂഹിക വിപ്ളവത്തെ പിന്തുടര്‍ന്നാണ് ചന്ദ്രഗുപ്തന്റെ രാഷ്ട്രീയ വിപ്ളവം സംജാതമായത്. ശിവജി നടത്തിയ രാഷ്ടീയ വിപ്ളവത്തിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ സസ്യാസിമാര്‍ നടത്തിയ മത-സാമൂഹിക പരിഷ്‌കരണം അരങ്ങേറിയിരുന്നു. ഗുരുനാനാക്ക് നേതൃത്വം നല്‍കിയ മത-സാമൂഹിക വിപ്ളവത്തിന് ശേഷമാണ് സിക്കുകാരുടെ രാഷ്ട്രീയ വിപ്ളവം യാഥാര്‍ഥ്യമായത്”

ചുരുക്കത്തില്‍ ഇന്ത്യന്‍ മനസ്സിന്റെ നവീകരണവും ജാത്യാധിഷ്ഠിത സാംസ്‌കാരിക വൈരുധ്യങ്ങളെ ഉന്മൂലനം ചെയ്യുന്ന സാമൂഹിക വിപ്ലവവുമായിരുന്നു ഡോ. അംബേദ്കര്‍ നേതൃത്വം നല്‍കിയ ബുദ്ധമതപരിവര്‍ത്തനത്തിന്റെ അന്തസത്ത എന്നത് വ്യക്തമാണ്.

ആര്‍. അനിരുദ്ധന്‍
എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകന്‍