ന്യൂദല്‍ഹി: റൈഫിള്‍ എയര്‍ക്രാഫ്റ്റ് വാങ്ങുന്നത് സംബന്ധിച്ചതിലെ ക്രമക്കേടില്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയെ ചോദ്യങ്ങള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ മുതിരുന്നില്ല എന്ന് മാധ്യമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി.
സ്വകാര്യ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യതാല്പര്യത്തെ മറികടന്ന് എയര്‍ക്രാഫ്റ്റ് കരാറില്‍ ക്രമക്കേടു നടത്തിയ പ്രധാനമന്ത്രി രാജ്യത്തെ പൗരന്‍മാരോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
“നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഞാന്‍ മറുപടി നല്‍കാം. റൈഫിള്‍ എയര്‍ക്രാഫ്റ്റ്, അമിത് ഷായുടെ മകന്‍ ജയ് ഷാ എന്നീ വിഷയങ്ങളില്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല” എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മോദി സര്‍ക്കാരിന്റെ എയര്‍ക്രാഫ്റ്റ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ പൊതുമേഖലസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്റെ ടെന്‍ഡര്‍ മറികടന്നാണ് ഫ്രാന്‍സിലെ കമ്പനിക്ക് പ്രവേശനം നല്‍കിയതെന്ന് കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സുര്‍ജേവാല കഴിഞ്ഞദിവസം ആരോപിച്ചിരുന്നു മോദി ഭരണത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്‍ ജയ് ഷാ യുടെ കമ്പനി വന്‍ ലാഭം കുതിച്ചുയര്‍ന്നെന്ന റിപ്പോര്‍ട്ടും കോണ്‍ഗ്രസ് വിവാദവിഷയമാക്കിയിരുന്നു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് ഭരണകാലത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി ആരോപണം ഉന്നയിച്ചാണ് ബി.ജെ.പി പ്രതിരോധിച്ചത്.
ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗൈനൈസ്ഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സിന്റെ രൂപീകരണയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.