വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ യു.എസ് പ്രസിഡന്റിന്റെ രീതിയില്‍ സംവാദത്തിന് തയ്യാറുണ്ടോയെന്നാണ് മമതാ ബാനര്‍ജിയുടെ വെല്ലുവിളി.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇത്തരം വെല്ലുവിളികള്‍ അവഗണിച്ച ബി.ജെ.പി മമതയുടെ വെല്ലുവിളിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
” മോദിജി നിങ്ങള്‍ ഇതുവരെ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. എന്തുകൊണ്ട് പകരം ഒരു സംവാദത്തിനെങ്കിലും നിങ്ങള്‍ മുന്നോട്ടു വരാത്തത്? വിദേശത്തുള്ളവര്‍ക്ക് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഇവിടെ പറ്റില്ല.” ചന്ദ്രബാബു നായിഡുവിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായുള്ള ആന്ധ്രാപ്രദേശിലെ റാലിയില്‍ അവര്‍ പറഞ്ഞു.
പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് താങ്കളുമായി സംവാദത്തിന് താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ” നിങ്ങളോട് പൊരുതാന്‍ ഞാന്‍ തയ്യാറാണ്. രാഷ്ട്രീയമായി ഞാന്‍ ചോദിക്കും. നിങ്ങള്‍ക്ക് മറുപടി പറയാം. നിങ്ങള്‍ക്ക് എന്നോടും ചോദ്യങ്ങള്‍ ചോദിക്കാം. ഞാന്‍ മറുപടി നല്‍കും.” മമത പറഞ്ഞു.
ടെലിപ്രോംപ്ടറുകള്‍ ഉപയോഗിക്കുന്ന മോദിയുടെ ശീലത്തേയും മമത പരിഹസിക്കുന്നുണ്ട്. ” ഞങ്ങള്‍ ഏതെങ്കിലും പേപ്പറുകളോ ടെലിപ്രോംപറുകളോ ഒന്നും എടുത്ത് വരില്ല. അതൊരിക്കലും ഒരു മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമാകില്ല. അത് ജനങ്ങളോട് നേരിട്ടുള്ള സംവാദമായിരിക്കും. നമുക്ക് കാണാം, ആര്‍ക്കാണ് കൂടുതല്‍ ധൈര്യമുള്ളതെന്ന്” മമത പറഞ്ഞു.