രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളില്‍ എന്തുകൊണ്ട് ദേശീയഗാനം നിര്‍ബന്ധമാക്കുന്നില്ലെന്ന് നടന്‍ പവന്‍കല്ല്യാണ്‍
Daily News
രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളില്‍ എന്തുകൊണ്ട് ദേശീയഗാനം നിര്‍ബന്ധമാക്കുന്നില്ലെന്ന് നടന്‍ പവന്‍കല്ല്യാണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th December 2016, 6:08 pm

pawan


എതിരാളികള്‍ക്കെതിരെ രാജ്യദ്രോഹം ആരോപിക്കുന്നതിന് മുമ്പ് അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അല്ലെങ്കില്‍ ജെ.എന്‍.യുവിലെ രാജ്യദ്രോഹക്കേസ് പോലെ തിരിച്ചടിക്കുമെന്നും പവന്‍കല്ല്യാണ്‍ പറഞ്ഞു.


ദേശീയഗാന വിവാദത്തില്‍ ബി.ജെ.പിക്കെതിരെ നടന്‍ പവന്‍കല്ല്യാണ്‍. ഭരണകക്ഷിയുടെ അഭിപ്രായത്തോടും നയങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചാലത് ദേശദ്രോഹമാവുകയില്ലെന്നും പവന്‍കല്ല്യാണ്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എതിരാളികള്‍ക്കെതിരെ രാജ്യദ്രോഹം ആരോപിക്കുന്നതിന് മുമ്പ് അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അല്ലെങ്കില്‍ ജെ.എന്‍.യുവിലെ രാജ്യദ്രോഹക്കേസ് പോലെ തിരിച്ചടിക്കുമെന്നും പവന്‍കല്ല്യാണ്‍ പറഞ്ഞു.

വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ പോകുന്ന തിയേറ്റര്‍ പോലും രാജ്യസ്‌നേഹ പരീക്ഷണ ശാലയാക്കി മാറ്റിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി മീറ്റിങ്ങുകളിലും ഉന്നത സ്ഥാപനങ്ങളിലും ദേശീയഗാനം എന്തുകൊണ്ട് നിര്‍ബന്ധമാക്കുന്നില്ല ?  നിയമം പാലിക്കണമെന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് മാതൃക കാണിക്കുന്നില്ലെന്നും പവന്‍കല്ല്യാണ്‍ ചോദിച്ചു.

ജനസേവ പാര്‍ട്ടി നേതാവ് കൂടിയായ പവന്‍ കല്ല്യാണ്‍ നേരത്തെ നോട്ടുനിരോധനത്തിലും സര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു. നോട്ടുപിന്‍വലിച്ചതിലൂടെ ദുരിതത്തിലായ ജനങ്ങള്‍ക്കൊപ്പം ബി.ജെ.പി എം.പിമാരും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കണമെന്നും നോട്ടുകള്‍ നിരോധിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നുവെന്ന് പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയപാര്‍ട്ടി നേതാവായ പവന്‍കല്ല്യാണ്‍ 2019ലെ ആന്ധ്രാപ്രദേശ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2014ല്‍ തെരഞ്ഞെടുപ്പ് വേളയിലാണ്് പവന്‍ കല്യാണ്‍ ജനസേവ പാര്‍ട്ടി രൂപീകരിച്ചിരുന്നത്.  ബി.ജെ.പി-ടി.ഡി.പി സഖ്യത്തിനൊപ്പമായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാരില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

Read more