| Saturday, 23rd December 2023, 2:30 pm

'പ്രിയങ്ക ഗാന്ധിക്ക് പകരം എന്തുകൊണ്ട് മമത പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നില്ല?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് അങ്കമിത്ര പോൾ.

‘എന്തുകൊണ്ട് മമത ബാനർജി വാരണാസിയിൽ നിന്ന് മത്സരിക്കുന്നില്ല? കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനത്ത് മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ.

നിങ്ങൾക്ക് പ്രധാനമന്ത്രി ആകണോ? ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മുഖ്യമന്ത്രി മത്സരിക്കുന്നതാണ് ഉചിതം,’ അങ്കമിത്ര പറഞ്ഞു.

വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് മമത കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

2019ലും പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ്‌ അജയ് രാജായിരുന്നു വാരണാസിയിൽ മത്സരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മമത നിർദേശിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി.

ഡിസംബർ 19ന് ദൽഹിയിൽ വെച്ച് നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിൽ വെച്ചായിരുന്നു മമത ഖാർഗെയുടെ പേര് നിർദേശിച്ചത്. യോഗത്തിൽ മുന്നണിയിലെ 28 സഖ്യകക്ഷികൾ എങ്കിലും പങ്കെടുത്തിരുന്നു.

CONTENT HIGHLIGHT: ‘Why don’t you contest against PM Modi?’: BJP leader challenges Mamata Banerjee for 2024 Lok Sabha polls

We use cookies to give you the best possible experience. Learn more