| Friday, 11th September 2020, 4:39 pm

എന്തുകൊണ്ട് ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ ബന്ധമുപേക്ഷിക്കുന്നില്ല? നിങ്ങള്‍ക്കറിയാത്ത ചിലതുണ്ട്; ഞെട്ടിപ്പിക്കുന്ന അനുഭവക്കുറിപ്പ്

ലെസ്‌ലി മോര്‍ഗന്‍ സ്റ്റീനര്‍

എഴുത്തുകാരിയായ ലെസ് ലി മോര്‍ഗന്‍ സ്റ്റീനര്‍ വിദ്യാഭ്യാസവും ജോലിയും എല്ലാമുണ്ടായിട്ടും എന്ത് കൊണ്ട് തനിക്ക് ദീര്‍ഘകാലം ഗാര്‍ഹിക പീഡനത്തിന്റെ ‘ഇര’യായി തുടരേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് ഈ സംഭാഷണത്തില്‍. താന്‍ ഭ്രാന്തമായ സ്‌നേഹത്തിലാണെന്ന് തെറ്റിധരിച്ച ദീര്‍ഘകാലമാണ് നിരന്തരം പീഡനമേറ്റുവാങ്ങി അവര്‍ ആ ബന്ധത്തില്‍ തുടര്‍ന്നത്. ഒരിക്കല്‍ മൗനം വിട്ട് പുറത്ത് വന്നതിനുശേഷം താന്‍ അനുഭവിച്ച പീഡനങ്ങളുടെയും സാമൂഹിക ധാരണകളുടെയും കാരണങ്ങള്‍ ടെഡ് ടോക്ക്‌സിലൂടെ തുറന്ന് പറയുകയാണ് അവര്‍.

മൊഴിമാറ്റം: ഷാദിയ നാസിര്‍

ഏറെ വിഷമമുണ്ടാക്കുന്ന ഒരു ചോദ്യത്തെക്കുറിച്ചും അതിലേറെ വിഷമമുണ്ടാക്കുന്ന അതിന്റെ ഉത്തരത്തെക്കുറിച്ചുമാണ് ഞാനിവിടെ സംസാരിക്കാന്‍ പോകുന്നത്. ഇന്നത്തെ എന്റെ വിഷയം ‘ഗാര്‍ഹിക പീഡനത്തിന്റെ രഹസ്യങ്ങള്‍’ എന്നതാണ്.

അതുപോലെതന്നെ പൊതുവെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യത്തെക്കുറിച്ചും ഇന്നിവിടെ ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. ചോദ്യമിതാണ്, ‘അവളെന്തിന് പീഡനം സഹിച്ച് ഈ ബന്ധത്തില്‍ തുടരുന്നു ?’ എന്തുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്ന ഒരാളുടെ കൂടെ അവള്‍ തുടരുന്നത്?

ഞാനൊരു മനോരോഗ വിദഗ്ധയോ, സാമൂഹിക പ്രവര്‍ത്തകയോ, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയ ആളോ അല്ല. എന്നാല്‍ ഗാര്‍ഹിക പീഡനം എന്താണെന്ന് സ്വന്തം അനുഭവകഥയിലൂടെ വിവരിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയാണ് ഞാന്‍.

എനിക്കന്ന് ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഞാന്‍ ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്ന് എന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സമയം. എന്റെ ആദ്യ ജോലിയുടെ ആവശ്യാര്‍ത്ഥം ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് താമസം മാറി. സെവന്റീന്‍ മാഗസിനില്‍ എഴുത്തുകാരിയും പത്രാധിപയുമായിരുന്നു ഞാന്‍.

എന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റില്‍, പച്ച നിറത്തിലുള്ള ‘അമേരിക്കന്‍ എക്സ്പ്രസ് എന്ന എന്റെ ആദ്യത്തെ കുഞ്ഞു ക്രഡിറ്റ് കാര്‍ഡും ഞാന്‍ സ്വന്തമാക്കി. കൂടാതെ, വളരെ വലിയ ഒരു രഹസ്യവും എന്നോടൊപ്പമുണ്ടായിരുന്നു.

ഹോളോ പോയിന്റ് തിരകള്‍ നിറച്ച ഈ തോക്കായിരുന്നു ആ രഹസ്യം. ഞാന്‍ എനിക്കേറെ വിലപ്പെട്ടവനെന്ന് കരുതിയിരുന്ന ആ മനുഷ്യനാല്‍ എന്റെ തലക്കു നേരെ ഇത് ചൂണ്ടപ്പെട്ടു… പല തവണ… ഞാന്‍ ഈ ഭൂമിയില്‍ മറ്റാരെക്കാളും സ്നേഹിക്കുന്ന അയാള്‍ എനിക്കോര്‍ത്തെടുക്കാന്‍ പോലുമാവാത്ത അത്രയും തവണ, എന്റെ തലക്കു നേരെ തോക്കു ചൂണ്ടുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഞാന്‍ പറഞ്ഞു വരുന്നത്, ഭ്രാന്തമായ ഒരു സ്നേഹത്തിന്റെ കഥയാണ്. സ്നേഹമെന്ന് തെറ്റിദ്ധരിക്കപ്പെട്ട മാനസികമായ ഒരു കെണി. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളും കുറച്ച് പുരുഷന്‍മാര്‍ പോലും ഇതില്‍ വീണു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ ഇത് നിങ്ങളുടെയും കൂടി കഥയാവാം.

എന്നെക്കണ്ടാല്‍ ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച ഒരാളായി തോന്നുകയില്ല. എനിക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും, വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.

എന്റെ തൊഴില്‍ ജീവിതത്തിന്റെ കൂടിയ പങ്കും ഞാന്‍ ചെലവഴിച്ചത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ലിയോ ബര്‍നറ്റ് ,വാഷിങ്ങ്ടണ്‍ പോസ്റ്റ് തുടങ്ങിയ ഫോര്‍ച്യൂണ്‍ 500 കമ്പനികളിലാണ്. ഞാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി എന്റെ രണ്ടാമത്തെ ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു.

ഞങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്റെ നായ കറുത്ത നിറത്തിലുള്ള ഒരു ലാബാണ്. അതു പോലെ തന്നെ, ഞാന്‍ ഹോണ്ട ഒഡീസി മിനി വാന്‍ ഓടിക്കുന്നവളുമാണ്.(ചിരിക്കുന്നു.)

അതുകൊണ്ട് നിങ്ങളോടെനിക്ക് ആദ്യമായി പറയാനുള്ളത് ഗാര്‍ഹിക പീഡനമെന്നത് എല്ലാ തരക്കാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് എന്നതാണ്.  എല്ലാ വംശങ്ങളിലും, മതങ്ങളിലും, വ്യത്യസ്ത വരുമാനക്കാരിലും, വിദ്യാഭ്യാസ പരമായി പല തട്ടിലുള്ളവരിലും ഇതനുഭവിക്കുന്നവരുണ്ട്. അതായത് എല്ലായിടത്തും ഇതുണ്ട്.

രണ്ടാമത്തെ കാര്യം, എല്ലാവരും കരുതുന്നത് ഗാര്‍ഹിക പീഡനമെന്നാല്‍ സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നാണ്. അതുകൊണ്ട് തന്നെ ഇതൊരു സ്ത്രീപ്രശ്നം മാത്രമായിട്ടാണ് കരുതപ്പെടുന്നത്.
എന്നാല്‍ യാഥാര്‍ത്ഥ്യമതല്ല.

പീഡകരില്‍ എണ്‍പത്തഞ്ച് ശതമാനത്തിലധികവും പുരുഷന്മാരാണ്. അതേ സമയം തന്നെ, ഗാര്‍ഹിക പീഡനം നടക്കുന്നത് വളരെയധികം അടുപ്പമുള്ളതും പരസ്പരാശ്രിതത്വമുള്ളതുമായ ദീര്‍ഘകാല ബന്ധങ്ങളിലാണ്. അതായത് കുടുംബങ്ങളിലാണ്.

എന്നു വെച്ചാല്‍ അക്രമത്തിന്റെ കാര്യമെടുക്കുമ്പോള്‍ നാം ഏറ്റവുമവസാനം മാത്രം അതിനെ പ്രതീക്ഷിക്കുന്ന ഇടം. ഗാര്‍ഹിക പീഡനമെന്നത് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമായി മാറാനുള്ള ഒരു കാരണവും അതു തന്നെയാണ്.

ഞാന്‍ നിങ്ങളോട് പറയുമായിരുന്നു, എന്നെ മര്‍ദ്ദിക്കുന്ന ഒരു മനുഷ്യനോടൊപ്പം താമസിക്കാന്‍ കഴിയുന്ന ഈ ഭൂമിയിലെത്തന്നെ ഏറ്റവും ഒടുവിടലത്തെ വ്യക്തിയായിരുന്നു ഞാനെന്ന്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഞാന്‍ വളരെ സാധാരണക്കാരിയായ ഒരു ‘ഇര’ യായിരുന്നു.

അതിന്റെ കാരണം അന്നത്തെ എന്റെ പ്രായമാണ്. എനിക്കന്ന് ഇരുപത്തിരണ്ട് വയസ്സായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സിസില്‍ (യു.എസ്) പതിനാറു മുതല്‍ ഇരുപത്തിനാല് വയസ്സ് വരെയുള്ള സ്ത്രീകള്‍, മറ്റു പ്രായക്കാരായ സ്ത്രീകളെ അപേക്ഷിച്ച് ,ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാവാനുള്ള സാധ്യത മൂന്നിരട്ടിയാണ്.

അതുപോലെത്തന്നെ, ഇവിടെ ഓരോ വര്‍ഷവും ഈ പ്രായക്കാരായ അഞ്ഞൂറില്‍പ്പരം പെണ്‍കുട്ടികളും സ്ത്രീകളും അവരുടെ പീഡകരായ പങ്കാളികളാലോ,കാമുകന്മാരാലോ ഭര്‍ത്താക്കന്‍മാരാലോ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു .

ഞാന്‍ വളരെ സാധാരണക്കാരിയായ ഒരു ഇരയാവാനുള്ള മറ്റൊരു കാരണമെന്തെന്നാല്‍ ,എനിക്ക് ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലായിരുന്നു എന്നതാണ്. അതിന്റെ സൂചനകളെക്കുറിച്ചോ,അടയാളങ്ങളെക്കുറിച്ചോ,രൂപത്തെക്കുറിച്ചോ ഒന്നുംതന്നെ അറിയില്ലായിരുന്നു.

ജനുവരിയിലെ മഴ പെയ്യുന്ന ഒരു തണുത്ത രാത്രിയിലാണ് കോണറെ ഞാന്‍ കണ്ടുമുട്ടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു തുരങ്ക പാതയില്‍ എനിക്കടുത്തായി അവനിരുന്നു. പിന്നെ ഞാനുമായി സംസാരിച്ചു തുടങ്ങി.

രണ്ട് കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും അവനെന്നോട് പറഞ്ഞത്. അതിലൊന്ന് അവനിപ്പോള്‍ ‘ ഐവി ലീഗ് സ്‌കൂളി’ ല്‍ നിന്ന് തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയതേയുള്ളു എന്നും, മറ്റൊന്ന് അവന്‍ ജോലി ചെയ്യുന്നത് വളരെയധികം പ്രശസ്തമായ വാള്‍സ്ട്രീറ്റ് ബാങ്കിലാണ് എന്നതുമാണ്.

പക്ഷേ, ആദ്യത്തെ ആ കണ്ടുമുട്ടലില്‍ എന്നില്‍ ഏറ്റവും വലിയ മതിപ്പുണ്ടാക്കിയത് അവന്‍ മിടുക്കനും രസികനുമായിരുന്നു എന്നതാണ്. അവനൊരു കര്‍ഷക ബാലനെപ്പോലെ തോന്നിപ്പിച്ചു. അവന് തുടുത്ത കവിളുകളുണ്ടായിരുന്നു. അവന്റെ ആ വലിയ ആപ്പിളുപോലുള്ള കവിളുകള്‍, ഗോതമ്പ് നിറത്തിലുള്ള മുടി, ആകപ്പാടെ അവന്‍ വളരെ ഓമനത്തമുള്ളവനായി തോന്നി എനിക്ക്.

ഞാനാണ് ഈ ബന്ധത്തില്‍ ആധിപത്യമുള്ള പങ്കാളി എന്ന ഒരു മിഥ്യാ ധാരണ വളരെ തുടക്കം മുതല്‍ തന്നെ എന്നിലുണ്ടാക്കുകയാണ് കോണര്‍ ചെയ്ത ഏറ്റവും സമര്‍ത്ഥമായ കാര്യങ്ങളിലൊന്ന്.

പ്രത്യേകിച്ച് തുടക്കത്തില്‍ അദ്ദേഹം ഇത് ചെയ്തത് എന്നെ ബിംബവല്‍ക്കരിച്ചു കൊണ്ടാണ്.
ഞങ്ങള്‍ ‘ഡേറ്റിംഗ്’ തുടങ്ങി.. എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവന് ഇഷ്ടപ്പെട്ടു. അതായത് ഞാന്‍ മിടുക്കിയാണ്, ഹാര്‍വാര്‍ഡില്‍ പഠിച്ചവളാണ്, കൗമാരക്കാരായ പെണ്‍കുട്ടികളെ സഹായിക്കാന്‍ ആവേശമുള്ളവളാണ്… കൂടാതെ എന്റെ ജോലിയും അവനില്‍ മതിപ്പുളവാക്കി.

അവന് എന്നെക്കുറിച്ച് എല്ലാം അറിയണമായിരുന്നു…എന്റെ കുടുംബത്തെക്കുറിച്ച്… എന്റെ കുട്ടിക്കാലത്തെക്കുറിച്ച്… എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പറ്റിപ്പോലും…

ഒരു എഴുത്തുകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും കോണര്‍ എന്നില്‍ വളരെയധികം വിശ്വാസമര്‍പ്പിച്ചു. മറ്റാരും ഒരിക്കലും ചെയ്തിതിട്ടില്ലാത്ത വിധം… അവനെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം തുറന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിന്റെ ഒരു മായികാന്തരീക്ഷം കൂടി അവന്‍ സൃഷ്ടിച്ചെടുത്തു.

ആ രഹസ്യമിതാണ്: വളരെ ചെറുപ്പത്തില്‍ത്തന്നെ, അതായത്, നാലാമത്തെ വയസ്സു മുതല്‍ അവന്‍ തന്റെ രണ്ടാനച്ഛനാല്‍ വളരെ ക്രൂരമായി ശാരീരികമായി നിരന്തരം പീഡിപ്പിക്കപ്പെട്ടു.

ആ പീഡനം അവനെ എത്രത്തോളം മോശമായി ബാധിച്ചു എന്ന് വെച്ചാല്‍, വളരെ മിടുക്കനായിരുന്നിട്ടും സ്‌കൂളില്‍ എട്ടാം തരത്തില്‍ അവന് കൊഴിഞ്ഞു പോവേണ്ടി വന്നു. പിന്നീട് ഇരുപത് വര്‍ഷത്തോളമെടുത്താണ് അവന്‍ തന്റെ ജീവിതം തിരിച്ചുപിടിക്കുന്നത്.

അതു കൊണ്ടു തന്നെയാണ് തന്റെ ഐവി ലീഗ് ബിരുദവും വാള്‍സ്ട്രീറ്റ് ജോലിയും പിന്നെ തിളക്കമാര്‍ന്ന, ശോഭനമായ ഭാവിയും അവനെ സംബന്ധിച്ച് എല്ലാമാകുന്നത്.

എന്നെ അത്യന്തം സ്നേഹിക്കുന്ന, ചുറുചുറുക്കുള്ളവനും, സരസനും ലോലഹൃദയനുമായ ഈ മനുഷ്യന്‍, ഒരുനാള്‍, ഞാന്‍ ചമയങ്ങള്‍ ഇടണമോ വേണ്ടയോ എന്നും എന്റെ പാവാട എത്രത്തോളം ചെറുതാവാം എന്നും, ഞാന്‍ എവിടെ ജീവിക്കണമെന്നും, എന്തെല്ലാം ജോലികള്‍ ചെയ്യാമെന്നും, ആരൊക്കെ എന്റെ കൂട്ടുകാര്‍ ആകാമെന്നും, ഞാനെന്റെ ക്രിസ്മസ് എവിടെ വെച്ച് ആഘോഷിക്കണമെന്നും നിര്‍ണ്ണയിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുമെന്ന് നിങ്ങളെന്നോട് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ…, ഞാന്‍ നിങ്ങളെ പരിഹസിക്കുമായിരുന്നു, കാരണം അക്രമത്തിന്റെയോ, നിയന്ത്രണത്തിന്റേയോ,ദേഷ്യത്തിന്റെയോ ഒരു ലാഞ്ചന പോലും തുടക്കത്തില്‍ കോണറില്‍ ഉണ്ടായിരുന്നില്ല.

ഏതൊരു ഗാര്‍ഹിക പീഡന ബന്ധത്തിന്റെയും ആദ്യഘട്ടം ഇരയെ വശീകരിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് എനിക്കറിയില്ലായിരുന്നു താനും.

ഇരയെ ഒറ്റപ്പെടുത്തുക എന്നതാണ് ഇതിന്റെ രണ്ടാം പടി എന്നും എനിക്കറിയില്ലായിരുന്നു.

അതായത്, കോണര്‍ പെട്ടന്ന് ഒരു ദിവസം വീട്ടില്‍ വന്നു! ‘ഏയ്… നിനക്കറിയാമോ… ഈ റോമിയോ ജൂലിയറ്റ് തത്ത്വങ്ങളെല്ലാം വളരെ മഹത്തായതാണ്. പക്ഷേ എനിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കണം…എന്നിട്ട് നിന്നെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും വേണം.” (ചിരി…). ‘

അതു കൊണ്ട് എനിക്ക് അയല്‍വാസികള്‍ നിന്റെ നിലവിളി കേള്‍ക്കുന്ന ഈ അപ്പാര്‍ട്ട്മെന്റില്‍ നിന്നും നിന്നെ പുറത്ത് കൊണ്ട് പോകണം. അതുപോലെ, ഇതിന്റെ പരിക്കുകള്‍ കാണാന്‍ നിനക്ക് കൂട്ടുകാരും കുടുംബക്കാരും സഹപ്രവര്‍ത്തകരുമെല്ലാം ഉള്ള ഈ നഗരത്തില്‍ നിന്നും നിന്നെ പുറത്ത് കടത്തണം’ എന്ന് പ്രഖ്യാപിക്കുകയല്ല ചെയ്തത്.

മറിച്ച്, ഒരു വെള്ളിയാഴ്ച വൈകുന്നേരം കോണര്‍ വീട്ടില്‍ വന്നു, അവനെന്നോട് പറഞ്ഞു, അന്നേ ദിവസം അവന്‍ അവന്റെ ജോലി ഉപേക്ഷിച്ചെന്ന്… അവന്റെ സ്വപ്നജോലി…, അവന്‍ അവന്റെ ജോലി വിടാനുള്ള കാരണം ഞാനാണെന്നും പറഞ്ഞു.

എന്തെന്നാല്‍, താന്‍ വളരെ സുരക്ഷിതനും പ്രണയിക്കപ്പെടുന്നവനുമാണെന്നുമുള്ള ഒരു തോന്നല്‍ ഞാന്‍ അവനിലുണ്ടാക്കി. അതുകൊണ്ട് തന്നെ, ഇനി അവന് ‘വാള്‍സ്ട്രീറ്റില്‍’ തന്റെ കഴിവ് തെളിയിക്കേണ്ടതില്ല.

അവന് എങ്ങനെയെങ്കിലും ഈ നഗരത്തില്‍ നിന്നും പുറത്ത് കടന്ന്, താന്‍ അവഹേളിക്കപ്പെട്ടതും ശിഥിലമായതുമായ തന്റെ കുടുംബത്തില്‍ നിന്നും അകലെ ന്യൂ ഇംഗ്ലണ്ടിലെ വളരെ ചെറിയ ഒരു പട്ടണത്തിലേക്ക് മാറണമെന്നായി. അവിടെ അവന് ഞാാനുമൊത്തുള്ള അവന്റെ ജീവിതം തുടങ്ങാനായി.. ഇതവന്റെ ഭാഗം…

ഇനിഞാന്‍ അവസാനമായി ചെയ്യേണ്ടിവന്നത്, ന്യൂയോര്‍ക്കിനോടൊപ്പം എന്റെ സ്വപ്ന ജോലിയും ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ്. പക്ഷേ, ഇതെല്ലാം തന്റെ പ്രണനാഥന് വേണ്ടി ചെയ്ത ത്യാഗങ്ങളാണെന്ന് ഞാന്‍ കരുതി.

അതു കൊണ്ട് തന്നെ, എല്ലാത്തിനും ഞാന്‍ സമ്മതം മൂളുകയും, എന്റെ ജോലി ഉപേക്ഷിക്കുകയും ചെയ്തു. അങ്ങനെ കോണറും ഞാനും ഒരുമിച്ച് മാന്‍ഹാട്ടണില്‍ നിന്ന് യാത്രയായി.

ഭ്രാന്തമായ ഒരു പ്രേമത്തിലേക്കാണ് ചെന്നു വീഴുന്നതെന്ന സത്യം ഞാന്‍ അറിഞ്ഞതേയില്ല. വളരെ ശ്രദ്ധാപൂര്‍വ്വം വിരിക്കപ്പെട്ട ശാരീരിക, മാനസിക,സാമ്പത്തിക തലങ്ങളുള്ള ഒരു കെണിയിയിലേക്ക് ഞാന്‍ എടുത്ത് ചാടുകയായിരുന്നു.

ഗാര്‍ഹിക പീഡന മാതൃകയില്‍ അടുത്തപടി, അക്രമ ഭീഷണി മുഴക്കുകയും അവള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുകയുമാണ്. ഇവിടെ വെച്ചാണ് ആ തോക്കുകള്‍ രംഗപ്രവേശം ചെയ്യുന്നത്.

ഞങ്ങള്‍ ന്യൂ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ ഉടന്‍ തന്നെ അവന്‍ മൂന്ന് തോക്കുകള്‍ വാങ്ങി. നിങ്ങള്‍ക്കറിയാമോ, കോണറെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതത്ത്വം തോന്നേണ്ടിയിരുന്ന ഒരു സ്ഥലത്ത് വെച്ചാണ് അവന്‍ ഇത്തരത്തില്‍ തോക്കുകള്‍ വാങ്ങിക്കൂട്ടിയത്.

അതിലൊന്ന് അവന്‍ ഞങ്ങളുടെ കാറിന്റെ കൈയ്യുറ വെക്കാനുള്ള അറയില്‍ സൂക്ഷിച്ചു. മറ്റൊന്ന് ഞങ്ങളുടെ കിടക്കയില്‍ തലയണക്കടിയില്‍ വെച്ചു.അതില്‍ മൂന്നാമത്തേത്, അവന്‍ എല്ലായ്പ്പോഴും തന്റെ കീശയില്‍ത്തന്നെ സൂക്ഷിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ബാലനെന്ന നിലയില്‍ തനിക്കേറ്റ ആഘാതം കാരണമാണ് തനിക്ക് ആ തോക്കുകള്‍ ആവശ്യമായി വരുന്നത് എന്ന് അവന്‍ എന്നോട് പറഞ്ഞു.

സുരക്ഷിതനാണെന്ന തോന്നലുണ്ടാക്കാന്‍ അവനത് ആവശ്യമായിരുന്നു എന്നും പറഞ്ഞു. പക്ഷേ ആ തോക്കുകള്‍ എനിക്കുള്ള ഒരു സന്ദേശമായിരുന്നു, അവന്‍ എന്റെ നേര്‍ക്ക് ഒന്നു കൈയ്യുയര്‍ത്തുക പോലും ചെയ്തിട്ടില്ലായിരുന്നെങ്കിലും,എന്റെ ജീവന്‍ അതിഭയാനകമായ ഒരു അപകടത്തിലേക്ക് അകപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അനു ദിനം..അനുനിമിഷം…

കോണര്‍ ആദ്യമായി എന്നെ ശാരീരികമായി ആക്രമിക്കുന്നത് ഞങ്ങളുടെ വിവാഹത്തിന് അഞ്ച് നാള്‍ മുമ്പാണ്. രാവിലെ ഏഴു മണി സമയം.. ഞാനപ്പോഴും എന്റെ നിശാവസ്ത്രത്തില്‍ തന്നെയായിരുന്നു.
എന്റെ കമ്പ്യൂട്ടറില്‍, ഏറ്റെടുത്ത ഒരു എഴുത്തു ജോലി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്ന ഞാന്‍ അങ്ങേയറ്റം ആത്മസംഘര്‍ഷത്തിലായി.

കോണറാകട്ടെ, എന്റെ ഈ ദേഷ്യം ഒരു അവസരമാക്കി മുതലെടുത്തു.

അവന്‍ തന്റെ രണ്ടു കൈകളുമുപയോഗിച്ച് ശക്തിയായി എന്റെ കഴുത്തു ഞെരിച്ചു… ശ്വാസമെടുക്കാനോ,ഒന്നു നിലവിളിക്കാനോ പോലും കഴിയാത്ത വിധം ശ്വാസം മുട്ടിക്കുന്ന തരത്തില്‍ എന്റെ കഴുത്തിന് ചുറ്റും അവന്റെ കൈകള്‍ കൊണ്ട് ചുറ്റിപ്പിടിച്ചുകൊണ്ട് എന്റെ തല ചുമരിലിട്ട് ഇടിച്ചു.. പലവട്ടം…

അഞ്ചു ദിവസങ്ങള്‍ക്കു ശേഷം, എന്റെ കഴുത്തില്‍ പത്തിടങ്ങളിലായി ഉണ്ടായിരുന്ന പാടുകള്‍ മാഞ്ഞു തുടങ്ങി… ഞാനെന്റെ അമ്മയുടെ വിവാഹ വസ്ത്രമണിഞ്ഞു… അങ്ങനെ, ഞങ്ങള്‍ വിവാഹിതരായി

ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും, ഞങ്ങള്‍ വളരെ സന്തോഷത്തോടെത്തന്നെ എക്കാലവും ജീവിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, ഞാനവനെയും അവനെന്നെയും വളരെയധികം സ്നേഹിക്കുന്നു.

കൂടാതെ, അവന്‍ അത്യധികം ഖേദിക്കുന്നു. അതിന്റെ മാനസിക പിരിമുറുക്കത്തില്‍ നിന്നും അവന്‍ ശരിക്കും പുറത്ത് കടന്നത്, വിവാഹം കഴിഞ്ഞ് ഞാനുമൊത്തുള്ള ഒരു കുടുംബ ജീവിതം തുടങ്ങിയതില്‍പ്പിന്നെയാണ്… അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇനിയൊരിക്കലും അവനെന്നെ വേദനിപ്പിക്കാന്‍ പോകുന്നില്ല.

പക്ഷേ,മധുവിധു നാളുകളില്‍ രണ്ടു വട്ടം കൂടി ഇതു സംഭവിച്ചു. ആദ്യവട്ടം ഞാന്‍ ഒരു സ്വകാര്യ ബീച്ച് തേടി വണ്ടിയോടിച്ച് പോകുമ്പോള്‍ വഴി തെറ്റിയപ്പോഴായിരുന്നു. അവനെന്റെ തലയുടെ ഒരു വശത്ത് വളരെ ശക്തിയോടെ ഇടിക്കുകയായിരുന്നു.

അപ്പോള്‍ തലയുടെ മറുവശം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വണ്ടിയുടെ ഡ്രൈവര്‍ സൈഡിലുള്ള വിന്‍ഡോയിലും ഇടിച്ചു.

പിന്നീട്, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഞങ്ങളുടെ മധുവിധു കഴിഞ്ഞ് വീട്ടിലേക്ക് വണ്ടിയോടിച്ച് വരുമ്പോള്‍, ഗതാഗതക്കുരുക്കില്‍ അവന്‍ ക്ഷുഭിതനായി. ആ സമയത്ത് കാറില്‍ വെച്ചിരുന്ന തണുത്ത ഭക്ഷണമെടുത്ത് അവനെന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

ഞങ്ങളുടെ വൈവാഹിക ജീവിതത്തില്‍ അടുത്ത രണ്ടര വര്‍ഷത്തേക്ക്, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ കോണര്‍ എന്നെ അടിക്കുന്നത് പതിവാക്കി…

എന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമാണെന്നും, ഈയൊരവസ്ഥയില്‍ ഞാന്‍ തനിച്ചാണെന്നും, ഞാന്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ ,മൂന്നിലൊന്ന് അമേരിക്കന്‍ വനിതകളും ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവരോ, ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍  അത്തരം അനുഭവങ്ങളാല്‍ വേട്ടയാടപ്പെടുന്നവരോ ആണ്. 

പതിനഞ്ച് ദശലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും പീഡിപ്പിക്കപ്പെടുന്നു എന്ന് സി ഡി സി (CDC) റിപോര്‍ട്ട് ചെയ്യുന്നു. പതിനഞ്ച് ദശലക്ഷം, അതുകൊണ്ട്, എനിക്ക് കൂട്ടായി വളരെ വലിയ ഒരു സംഘം തന്നെയുണ്ട്.

ഇനി എന്റെ ചോദ്യത്തിലേക്ക് തിരിച്ചു വരാം. ഞാനെന്തുകൊണ്ട് ബന്ധത്തില്‍ തുടര്‍ന്നു? ഉത്തരം ലളിതമായിരുന്നു അവന്‍ എന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നതേ ഇല്ല.

അവന്‍ ആ നിറതോക്കുകള്‍ എന്റെ തലക്ക് നേരെ ചൂണ്ടി, ഗോവണിപ്പടിയില്‍ നിന്ന് എന്നെ താഴേക്ക് തള്ളിയിട്ടു, ഞങ്ങളുടെ നായയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഞാന്‍ ഹൈവേയിലൂടെ വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ കാറില്‍ നിന്നും താക്കോല്‍ വലിച്ചൂരി,

ജോലിയാവശ്യാര്‍ത്ഥമുള്ള ഒരു കൂടിക്കാഴ്ച്ചക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുമ്പോള്‍ എന്റെ തലയില്‍ കാപ്പിപ്പൊടി വിതറി ഇങ്ങനെയൊക്കെയാണെങ്കിലും,ഞാന്‍ ഒരിക്കല്‍ പോലും തകര്‍ന്നുപോയ ഒരു ഭാര്യയായി സ്വയം കണക്കാക്കിയില്ല.

പകരം, ഒരുപാട് തകരാറുകളുള്ള ഒരാളുമായി പ്രേമത്തിലായ വളരെയധികം മനോവീര്യമുള്ള ഒരു സ്ത്രീയായിരുന്നു ഞാന്‍. കൂടാതെ, കോണറുടെ ദുര്‍ഭൂതങ്ങളെ നേരിടാന്‍ അവനെ സഹായിക്കാന്‍ കഴിയുന്ന ഈ ഭൂമുഖത്തെ ഏക വ്യക്തി ഞാനായിരുന്നു.

എല്ലാവരും ചോദിക്കുന്ന മറ്റൊരു ചോദ്യം, ‘അവള്‍ എന്തുകൊണ്ട് ബന്ധമുപേക്ഷിച്ച് പോകുന്നില്ല?” എന്നതാണ്. ഞാന്‍ എന്തുകൊണ്ട് ഇറങ്ങിപ്പോയില്ല? എനിക്ക് ഏത് നിമിഷവും ഈ ബന്ധം ഉപേക്ഷിച്ച് പോകാന്‍ കഴിയുമായിരുന്നു.

പക്ഷേ, എന്നെ സംബന്ധിച്ച് ഏറ്റവുമധികം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമായ ഒരു ചോദ്യമാണിത്. കാരണം,നിങ്ങള്‍ക്കറിയാത്ത ചിലത് ഞങ്ങള്‍ ഇരകള്‍ക്കറിയാം: ഒരു പീഡകനെ ഉപേക്ഷിക്കുക എന്നത് അത്യന്തം അപകടകരമാണ്.

എന്തെന്നാല്‍, ഗാര്‍ഹിക പീഡന മാതൃകയിലെ അവസാനപടി അവളെ കൊല്ലുക എന്നതാണ്. ഗാര്‍ഹിക പീഡന കൊലപാതകങ്ങളില്‍ എഴുപതു ശതമാനത്തിലധികവും സംഭവിക്കുന്നത് ഇരകള്‍ ബന്ധമവസാനിപ്പിച്ചതിന് ശേഷമാണ്… അവള്‍ ഇറങ്ങിപ്പോയതിന് ശേഷമാണ്… കാരണം പീഡകന് ഇനിയൊന്നും നഷ്ടപ്പെടാനില്ല.

ഇതിന്റെ മറ്റു അനന്തരഫലങ്ങള്‍ എന്തൊക്കെയെന്നാല്‍, ദീര്‍ഘകാലം പിന്‍തുടരല്‍, അതായത്, പീഡകന്‍ പുനര്‍വിവാഹം ചെയ്തതിന് ശേഷം പോലും.. സാമ്പത്തിക സ്രോതസ്സുകള്‍ നിഷേധിക്കുക ; കുടുംബ കോടതി സംവിധാനത്തെ ദുരുപയോഗം ചെയ്ത്കൊണ്ട്, ഇരയെയും അവളുടെ കുഞ്ഞുങ്ങളെയും പേടിപ്പിക്കുക; അതായത്, കുട്ടികള്‍ കുടുംബകോടതിയിലെ ന്യായാധിപന്മാരാല്‍ പതിവായി, അവരുടെ അമ്മയെ മര്‍ദ്ദിക്കുന്ന ആ മനുഷ്യന്റെ കൂടെ ,ആരുടെയും കണ്‍മുമ്പില്‍പ്പോലുമല്ലാതെ സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
എന്നാലും നമ്മളിപ്പോഴും ചോദിക്കുന്നു: ‘അവളെന്തു കൊണ്ട് ബന്ധമുപേക്ഷിച്ച് പോകുന്നില്ല?’

എന്റെ നിഷേധം കാരണം പൊട്ടിപ്പുറപ്പെട്ട അതിക്രൂരമായതും
അവസാനത്തെതുമായ ഒരടിയോടെ എനിക്ക് ബന്ധമുപേക്ഷിച്ച് പോകാന്‍ കഴിഞ്ഞു. ഞാന്‍ അത്യധികം സ്നേഹിച്ച ആ മനുഷ്യന്‍ എന്നെ കൊല്ലാന്‍ പോകുകയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു…ഞാനവനെ അതിനനുവദിച്ചാല്‍.

അതുകൊണ്ട് ഞാന്‍ മൗനം ഭഞ്ജിച്ചു.ഞാന്‍ എല്ലാവരെയും അറിയിച്ചു: പോലിസിനെ,എന്റെ അയല്‍വാസികളെ, എന്റെ കൂട്ടുകാരെയും കുടുംബക്കാരെയും, പിന്നെ മുഴുവന്‍ അപരിചിതരെയും.ഇന്ന് ഞാനിവിടെ ഉണ്ടാവാനുള്ള കാരണം,നിങ്ങളെല്ലാംഎന്നെ സഹായിച്ചു എന്നതാണ് .

‘ഇര’കളെ ഭീരകമായ തലക്കെട്ടുകളോടെ ഒരു സ്ഥിര സങ്കല്‍പ്പത്തിലേക്ക് വാര്‍ത്തെടുക്കാനുള്ള പ്രവണത നമുക്കുണ്ട്. സ്വയം നശിപ്പിക്കുന്ന സ്ത്രീകള്‍, നശിപ്പിക്കപ്പെട്ട വസ്തുക്കള്‍,എന്നിങ്ങനെ…
‘അവളെന്തിനാണ് ബന്ധത്തില്‍ തുടരുന്നത് ?’ എന്ന ചോദ്യം പോലും ചിലയാളുകളെ സംബന്ധിച്ച് ഒരു ഗൂഢാര്‍ത്ഥ പ്രയോഗമാണ്, അതായത്…’ ബന്ധത്തില്‍ തുടരുന്നത് അവളുടെ തെറ്റാണ് ‘ എന്ന തരത്തില്‍. ഇരകള്‍ മന:പ്പൂര്‍വ്വം തങ്ങളെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളെ തെരെഞ്ഞെടുത്ത് പ്രണയിച്ചത് പോലെ.

പക്ഷേ, എന്റെ ‘Crazy Love ‘(ഭ്രാന്തമായ സ്നേഹം) ന്റെ പ്രസാധനം കഴിഞ്ഞതു മുതല്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരുപാട് ആളുകളില്‍ നിന്ന് നൂറുകണക്കിന് കഥകള്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി.

ഇതിനെ അതിജീവിച്ചവരും, അതില്‍ നിന്നും വിലമതിക്കാനാവാത്ത ജീവിത പാഠമുള്‍ക്കൊണ്ടവരും, കൂടാതെ തങ്ങളുടെ ജീവിതം തിരിച്ച് പിടിച്ചവരുമായവരില്‍ നിന്ന്. ആനന്ദകരവും സന്തോഷപ്രദവുമായ ജീവിതം – ജോലിക്കാരികളായിക്കൊണ്ട്, ഭാര്യമാരായിക്കൊണ്ട്, അമ്മമാരായിക്കൊണ്ട്, അതായത് പൂര്‍ണ്ണമായും അക്രമരഹിതമായ ജീവിതം നയിക്കുന്നവരായിക്കൊണ്ട് ,എന്നെപ്പോലെ…

കാരണം, ഞാന്‍ ഗാര്‍ഹിക പീഡനത്തിന്റെ വളരെ സാധാരണക്കാരിയായ ഒരു ഇരയാണ്.അതുപോലെത്തന്നെ, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച ഒരു സാധാരണക്കാരിയുമാണ്.

മാന്യനും ദയാലുവുമായ ഒരു മനുഷ്യനെ ഞാന്‍ വീണ്ടും വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കുണ്ടായി. എനിക്ക് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു കറുത്ത നായ ഉണ്ട്. കൂടാതെ ആ മിനിവാനും ഉണ്ട്. പക്ഷേ, ഇനിയൊരിക്കലും..,ഒരിക്കല്‍ പോലും.., എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്ന ഒരാളാല്‍, എന്റെ തലയ്ക്ക് നേരെ ചൂണ്ടപ്പെട്ട ഒരു നിറതോക്ക് എന്റെ ജീവിതത്തിലുണ്ടാവില്ല.

നിങ്ങളൊരുപക്ഷേ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവാം,’ ഹോ! ഇത് അത്യധികം മോഹിപ്പിക്കുന്നതാണ്! അല്ലെങ്കില്‍ ‘ ഹോ! അവളെന്തൊരു മണ്ടിയായിരുന്നു! ‘

പക്ഷേ, ഇക്കണ്ട സമയം മുഴുവന്‍, ഞാന്‍ സത്യത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്, നിങ്ങളെപ്പറ്റിത്തന്നെയാണ്. ഇപ്പോള്‍ കുറെയേറെ ആളുകള്‍ എന്നെ കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കു തരുന്നു.

ഇവരെല്ലാം ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്നവരോ, അലെങ്കില്‍ കുട്ടികളായിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടവരോ, അതുമല്ലെങ്കില്‍ അവര്‍ തന്നെ പീഡകരായവരുമാണ്.
ഒരുപക്ഷേ, നിങ്ങളുടെ മകളെയോ, പെങ്ങളെയോ, നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തിനെയോ വരെ ഇപ്പോള്‍ പീഡനം ബാധിക്കുന്നുണ്ടാവാം!

എന്റെ തന്നെ ഭ്രാന്തന്‍ സ്നേഹത്തിന്റെ കഥയവസാനിപ്പിക്കാന്‍ എനിക്കായത് മൗനം വെടിഞ്ഞതുകൊണ്ടാണ് !

ഇന്ന്, ഇപ്പോഴും ഞാന്‍ മൗനം ഭഞ്ജിച്ചു കൊണ്ടിരിക്കുന്നു. മറ്റു ഇരകളെ സഹായിക്കാനുള്ള എന്റെ മാര്‍ഗമിതാണ്. കൂടാതെ എനിക്ക് നിങ്ങളോടുള്ള അവസാനത്തെ അപേക്ഷയും ഇതാണ്. നിങ്ങളിവിടെ കേട്ടതിനെക്കുറിച്ച് സംസാരിക്കുക. പീഡനം വര്‍ദ്ധിക്കുന്നത് നിശബ്ദതയില്‍ മാത്രമാണ്.

ഗാര്‍ഹിക പീഡനം അവസാനിപ്പിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്. വളരെ ലളിതമായി അതിലേക്കൊന്നു വെളിച്ചം വീശിക്കൊണ്ട് ഞങ്ങള്‍ ഇരകള്‍ക്ക് എല്ലാവരെയും ആവശ്യമുണ്ട്. ഗാര്‍ഹിക പീഡനത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങളിലോരോരുത്തരേയും ഞങ്ങള്‍ക്കാവശ്യമുണ്ട്.

പരമാവധി നിങ്ങളുടെ കുട്ടികളോടും, സഹപ്രവര്‍ത്തകരോടും, കൂട്ടുകാരോടും, കുടുംബത്തോടുമെല്ലാം പീഡനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അതിനെ പകല്‍ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ നിന്ന് രക്ഷപ്പെട്ടവരെ, അത്ഭുത പ്രതിഭകളും, സ്നേഹനിധികളും,നല്ല ഭാവിയുള്ളവരുമായി വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കുക.

അക്രമത്തിന്റെ ആദ്യ അടയാളങ്ങളെത്തന്നെ തിരിച്ചറിയുക, സത്യസന്ധതയോടെ ഇടപെടുകയും അതിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുക. കൂടാതെ, ഇരകള്‍ക്ക് സുരക്ഷിതമായി ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള ഒരു വഴി കാണിച്ചു കൊടുക്കുക.
നമുക്കൊരുമിച്ച് നമ്മുടെ കിടക്കകള്‍ വിരിക്കാം, നമ്മുടെ അത്താഴ മേശകളിടാം, അങ്ങനെ നമ്മുടെ കുടുംബങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന തരത്തില്‍ സുരക്ഷിതവും സമാധാന പ്രദവുമായ മരുപ്പച്ചകള്‍ തീര്‍ക്കാം.

നന്ദി.

പരിഭാഷ:  ഷാദിയ നാസിര്‍ 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെസ്‌ലി മോര്‍ഗന്‍ സ്റ്റീനര്‍

എഴുത്തുകാരിയും ഗാര്‍ഹിക പീഡന വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ആളുമാണ് ലെസ്‌ലി മോര്‍ഗന്‍ സ്റ്റീനര്‍

We use cookies to give you the best possible experience. Learn more