ബി.ജെ.പിയുടെ ബിരിയാണി വിരോധത്തിന് പിന്നില്‍...
Opinion
ബി.ജെ.പിയുടെ ബിരിയാണി വിരോധത്തിന് പിന്നില്‍...
ഷുഹൈബ് ദനിയാല്‍
Sunday, 9th February 2020, 6:11 pm

ദം ഇടുന്നതോടെയാണ് ഒരു ബിരിയാണി പൂര്‍ണമാകുന്നത്. പാകത്തിനെടുത്ത അരിയും ഇറച്ചിയും മസാലയോട് ചേര്‍ന്ന് പതിഞ്ഞ തീയില്‍ വെന്ത് വരുന്നുണ്ടാകുമപ്പോള്‍. മസാലയുടേയും അരിയുടേയും ഇറച്ചിയുടേയും കൂടെ ദം  കൂടിച്ചേരുമ്പോഴുണ്ടാകുന്ന നറുമണമാണ് ബിരിയാണിക്ക് രുചിയും ഇഷ്ടവും കൂട്ടുന്നത്.  ബിരിയാണി വെക്കുന്നതുപോലെ അതിമനോഹരമായ ഒരു പാചകകലയെ അംഗീകരിച്ച് ആസ്വദിക്കാൻ മനസ്സ് കൊടുക്കാതിരിക്കുന്നവർ വിചിത്രമായ ജന്മങ്ങൾ തന്നെയായിരിക്കും.

എന്നാല്‍ വൈചിത്രങ്ങളുടെ കാലമാണല്ലോ ഇത്. ഇന്ന് ബിരിയാണി ഒരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ദിവസങ്ങളില്‍ അത് പ്രകടവുമായിരുന്നു. ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ കടന്നാക്രമിക്കുന്നതിനായി വിദ്വേഷത്തിന്റെ അങ്ങേയറ്റത്തേക്കു താഴ്ന്നിരിക്കുകയാണ്‌ ബി.ജെ.പി; ബിരിയാണിയെ വെറുക്കുക, അതിനെ പൈശാചികമായി അവതരിപ്പിക്കുക എന്നതാണ് പുതിയ തന്ത്രം!

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാഹീന്‍ ബാഗില്‍ ആം ആദ്മി പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുന്നെന്നായിരുന്നു ബി.ജെ.പി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. പൗരത്വ നിയമത്തിനെതിരെ ഇവിടെ നടക്കുന്ന സമരം അമ്പത് ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്. ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ആം ആദ്മി ഷാഹീന്‍ ബാഗില്‍ ബിരിയാണി വിളമ്പിയതിന് തെളിവുകളുണ്ടെന്നായിരുന്നു എന്നാണ്.

ഉച്ച ഭക്ഷണമായി പ്രതിഷേധക്കാര്‍ ബിരിയാണി കഴിച്ചാല്‍ അത് തങ്ങൾ കയ്യോടെ പിടിച്ച, ലോകത്തെ അറിയിക്കേണ്ട അതീവ രഹസ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇത്.

ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. 2015-ല്‍ മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ നടക്കവെ, പ്രതി അജ്‌മൽ കസബ് ജയിലില്‍വെച്ച് ബിരിയാണി ആവശ്യപ്പെടുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം കോടതിയെ ധരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഉജ്വല്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥ മാത്രമായിരുന്നു അത്. കസബിന് മേല്‍ ഒരു വൈകാരികമായ അന്തരീക്ഷം ഉണ്ടായിവരുന്നത് കണ്ടിട്ടായിരുന്നു ഉജ്വലിന്റെ ഈ നീക്കം.

ബിരിയാണിയുടെ പേരില്‍ ബി.ജെ.പി കാട്ടിക്കൂട്ടുന്ന പരോക്ഷ വിദ്വേഷ പ്രയോഗങ്ങൾ മനസിലാക്കാന്‍ എളുപ്പമാണ്.

ദക്ഷിണേഷ്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള വിഭവമാണ് ബിരിയാണി. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യയിലെ എല്ലാ മുസ്ലിം വിഭാഗങ്ങള്‍ക്കും അവരവരുടേതായ ബിരിയാണി രുചികള്‍ സ്വന്തമായുണ്ട്. മലബാര്‍ മാപ്പിളമാര്‍ക്കിടയില്‍ തലശ്ശേരി ബിരിയാണിയും ഹൈദരാബാദ് മുസ്ലിങ്ങള്‍ക്ക് ഹൈദരബാദി ബിരിയാണിയും ഗുജറാത്തിലെ മേമന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മേമനി ബിരിയാണിയും ലക്നൗവിലെ അവാധി ബിരിയാണിയും കൊല്‍ക്കത്തിയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ കൊല്‍ക്കത്ത ബിരിയാണിയും ഇത്തരത്തില്‍ പേരുകേട്ടവയാണ്. ഇങ്ങനെ മുസ്‌ലിങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലെ ഏത് സ്ഥലത്തേക്ക് ചെന്നാലും തനതായ പ്രത്യേകതകളുള്ള ബിരിയാണി മണങ്ങള്‍ നിങ്ങളെ ത്രസിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

മുസ്ലിം അടുക്കളകളില്‍നിന്നും സമുദായത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് ഒരു ദേശീയ ഭക്ഷണമായി ബിരിയാണി മാറിയിരിക്കുന്നു എന്നതാണ് വളരെ രസകരവും അതേപോലെ സങ്കീര്‍ണവുമായ കാര്യം. കഴിഞ്ഞ തുടര്‍ച്ചയായ മൂന്നുവര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറിങ് ആപ്പായി വളര്‍ന്ന സ്വിഗ്ഗിയില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടത് ബിരിയാണിയാണ് എന്നത് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. സ്വിഗ്ഗിയിൽ ഓരോ മിനുട്ടിലും ബിരിയാണി ആവശ്യപ്പെട്ട് 95 ഓര്‍ഡറുകള്‍ വരുന്നുണ്ടെന്നാണ് കണക്ക്.

ഇന്ത്യന്‍ ഭക്ഷണത്തേക്കുറിച്ച് വിദേശികള്‍ ആദ്യമാലോചിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്കോടിയെത്തുന്നതും ബിരിയാണി തന്നെ. ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് ലോകത്താകമാനം ഇന്റര്‍നെറ്റില്‍ തെരഞ്ഞതും ബിരിയാണിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അടിസ്ഥാനപരമായി ബിരിയാണി ഒരു ചിക്കൻ-മീറ്റ് വിഭവമായിരിക്കെത്തന്നെ, വെജിറ്റേറിയൻ വകഭേദങ്ങളായും നിരവധി ബിരിയാണി പ്രചുരപ്രചാരം നേടിയിരിക്കുന്നു.

2014-ല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി ഹൈദരാബാദിലെ ഒരു ഹോട്ടൽ റൂമില്‍ ബിരിയാണി കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് അവിടെ നിന്നും പിണങ്ങിയിറങ്ങിയിറങ്ങിയിരുന്നു. ഒരു മഹത്തായ ഇന്ത്യന്‍ വിഭവത്തെ അപമാനിച്ച തീരുമാനത്തിനെതിരെ അതില്‍ക്കുറഞ്ഞെങ്ങനെ പ്രതികരിക്കാന്‍!

ബിരിയാണിക്ക് ഇത്രത്തോളം പ്രചാരവും പ്രിയവുമുള്ള രാജ്യത്താണ് ഒരു പ്രതിഷേധത്തിനിടെ വിളമ്പിയതിനെ ബി.ജെ.പി താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. ഇത്രത്തോളം വിശാലമായ ബിരിയാണി പ്രേമത്തെ എങ്ങനെയാണ് ആരെയെങ്കിലും അപമാനിക്കാനുള്ള കാരണമാക്കാന്‍ കഴിയുന്നത്?

ബി.ജെ.പിക്ക് ബിരിയാണിയോടുള്ള വിരോധം മനസിലാക്കണമെങ്കില്‍, ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തിലേക്കൊന്ന് കണ്ണോടിക്കേണ്ടിവരും. ഹിന്ദു ദേശീയതയിലും ഹിന്ദുത്വ ആശയത്തിലും അടിമുടി കുളിച്ചുനില്‍ക്കുന്നതാണത്.

‘ഹിന്ദു ദേശീയതാ സംസ്‌കാരത്തിന്റെ ആഴം തൊലിപ്പുറത്തുനിന്നുമാത്രം മസിലാക്കാന്‍ കഴിയില്ല. അത് മനസിലാക്കണമെങ്കില്‍ അത് രൂപപ്പെട്ടുവന്ന മാനസിക പശ്ചാത്തലംകൂടി പരിഗണിക്കേണ്ടതുണ്ട്. ഇരവാദത്തിലൂന്നിയ വ്യവഹാരങ്ങളുടെ പ്രഭവകേന്ദ്രമാണത്,’ ഇങ്ങനെയാണ് രാഷ്ട്രീയ ഗവേഷകനായ ക്രിസ്റ്റഫര്‍ ജെഫ്രോള്‍ട്ട് സംഘ്പരിവാറിനെ വിവക്ഷിക്കുന്നത്.

ഹിന്ദുത്വ ഉല്‍ഭവത്തിന്റെ 150 വര്‍ഷം പിന്നോട്ടാണ് ഇദ്ദേഹം വിരല്‍ചൂണ്ടുന്നത്. ‘ആക്രമിക്കപ്പെടുമെന്ന തോന്നലില്‍നിന്ന് 19ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് ഈ ആശയധാര രൂപം കൊണ്ടത്. പ്രഥമദൃഷ്ട്യാ ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും ജാതി തിരിവുകളും ഭേദങ്ങളും കാരണം മുസ്ലിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരുടെ കെട്ടുറപ്പ് കുറവാണ്’.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂനപക്ഷ മനോഭാവമുള്ള ഭൂരിപക്ഷമെന്നാണ് ഹാര്‍വെസ്റ്റ് ആന്ത്രോപോളജിസറ്റായ സ്റ്റാന്‍ലി ടംമ്പ്യ ഹിന്ദുത്വത്തെ നിര്‍വചിച്ചത്. ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തെ ഭയക്കുന്ന സിംഹളരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതേപോലെത്തന്നെ മുസ്ലിങ്ങളോടുള്ള ഭയത്തില്‍നിന്നാണ് ഹിന്ദു ദേശീയ വാദികള്‍ ഇന്ത്യയിലും അവരുടെ രാഷ്ട്രീയമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ബി.ജെ.പിക്ക് അനുകൂല ന്യൂനപക്ഷ പ്രീതി ജനിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന് പിന്നില്‍ അതാണ്. ഇന്ത്യയിലെ മുസ്ലിങ്ങളാണ് രാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ മുസ്ലിങ്ങളുടെ സാമൂഹിക സാമ്പത്തിക രേഖകള്‍പോലും അവര്‍ അവഗണിക്കുകയാണ്.

ലോകത്താകമാനം ദുർബല വിഭാഗങ്ങള്‍ക്ക് സ്വന്തമായുള്ള സ്വകാര്യ അഹങ്കാരങ്ങളെ ഭൂരിപക്ഷ സമൂഹം തങ്ങളുടേതാക്കിമാറ്റുന്ന ഒരു മനോഭാവം കാണിക്കാറുണ്ട്. ഹുമ്മൂസ് പോലെയുള്ള അറേബ്യന്‍ വിഭവങ്ങളെ ഇസ്രയേലികള്‍ കയ്യടക്കിയതുപോലെ. എന്നാല്‍, ഇന്ത്യയിലെ സ്ഥിതി മറ്റൊന്നാണ്. ഇന്ത്യക്കാർക്കിടയിൽ തർക്കമില്ലാത്ത സൂപ്പർസ്റ്റാർ പദവി നേടിയെടുത്ത ബിരിയാണി ഒരു മുസ്‌ലിം വിഭവമായിപ്പോയതിൽ വല്ലാതെ അസ്വസ്ഥരാണ് സംഘ് പരിവാർ. വംശീയ വിദ്വേഷം കുത്തിനിറച്ച് അതിനെ അകറ്റിനിര്‍ത്താനാണ് ഇവിടുത്തെ ഹിന്ദുത്വ ദേശീയ വാദികള്‍ക്ക് ഇപ്പോൾ താല്‍പര്യം.

മൊഴിമാറ്റം: നിമിഷ ടോം | കടപ്പാട്: സ്ക്രോൾ 

ഷുഹൈബ് ദനിയാല്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍