| Saturday, 12th November 2022, 12:18 pm

ഹിറ്റടിച്ച സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന ആളല്ല ലാല്‍ സാര്‍; തുടര്‍ച്ചയായി ഡേറ്റ് തരുന്നതിന് കാരണമുണ്ട്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 1, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, എന്നീ ചിത്രങ്ങള്‍ ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. റാമിന് ശേഷം മോഹന്‍ലാലിന്റെ തന്നെ മറ്റൊരു ചിത്രം കൂടി ജീത്തു ജോസഫിന്റേതായി പുറത്തുവരുമെന്നും വാര്‍ത്തകളുണ്ട്.

മോഹന്‍ലാലുമൊത്ത് തുടര്‍ച്ചയായി സിനിമകള്‍ വരുന്നതിനെ കുറിച്ചും അതിന് പിന്നിലെ കാരണത്തെ കുറിച്ചും സംസാരിക്കുകയാണ് ജീത്തു ജോസഫ്.

ചെയ്യുന്ന സിനിമകളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ആകുന്നതുകൊണ്ടാണോ മോഹന്‍ലാല്‍ കൂടുതല്‍ സിനിമയ്ക്ക് ഡേറ്റ് തരുന്നത് എന്ന ചോദ്യത്തിനായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.

ലാല്‍ സാര്‍ ഹിറ്റാകുന്ന സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന ആളല്ലെന്നും ഫ്‌ളോപ്പാകുന്ന സംവിധായകര്‍ക്കും ഡേറ്റ് കൊടുക്കുന്നുണ്ടെന്നുമായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.

‘ ഹിറ്റുകള്‍ ഉണ്ടാക്കുന്ന സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന ആളല്ല ലാല്‍സാര്‍. ഫ്‌ളോപ്പാകുന്ന സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കകൊടുക്കാറുണ്ട്. പിന്നെ നമ്മളില്‍ ഒരു വിശ്വാസം വരുമല്ലോ. നല്ല കഥയായിരിക്കും അത് നല്ല രീതിയില്‍ എടുക്കുമെന്ന ഒരു കോണ്‍ഫിഡന്‍സ് ഉണ്ടാകും. അതിപ്പോള്‍ ബോക്‌സ് ഓഫീസില്‍ ഓടിയില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് ലാല്‍ സാറിന് തോന്നിയാല്‍ അദ്ദേഹം ഡേറ്റ് തരും. അത് എന്റെ കാര്യത്തില്‍ മാത്രമല്ല. പല സംവിധായകര്‍ക്കൊപ്പവും അദ്ദേഹം അത്തരത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

റാമിന്റെ ഷൂട്ട് തുടരുകയാണെന്നും യു.കെ ഷെഡ്യൂള്‍ ഏതാണ്ട് കഴിയാറായെന്നും ജീത്തു അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ യു.കെയിലെ ഏതാണ്ട് ഷൂട്ട് കഴിയാറായി. എങ്കിലും കുറച്ച് ബാലന്‍സുണ്ട്.

പിന്നെ മൊറോക്കോ, ട്യുണീഷ്യ, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഷൂട്ട് ഉണ്ട്. ഷൂട്ടും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനൊക്കെ എപ്പോള്‍ തീരുമെന്ന് അറിയില്ല. ആക്ഷന്‍ സിനിമയാണ് റാം. റിയലിസ്റ്റിക് ഫൈറ്റൊക്കെയുള്ള ടൈപ്പാണ്. എന്റെ യൂഷ്വല്‍ മേക്കിങ് അല്ല ഇതിലുള്ളത്. ഴോണറും ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും വേറെയാണ്, ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമനാണ് ജീത്തു ജോസഫിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ത്രില്ലര്‍ ഴോണറില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Why does Mohanlal keep giving date; Jeethu Joseph reply

We use cookies to give you the best possible experience. Learn more