| Friday, 5th August 2016, 8:22 am

ദുബായ് വിമാനാപകടം; മലയാളികളുടെ ലഗേജ് തിരയല്‍ ബി.ബി.സിയിലും വാര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് എമിറേറ്റ്‌സ് വിമാനത്താവളത്തില്‍ വിമാനം കത്തിയമരുമ്പോള്‍ തങ്ങളുടെ ലഗേജുകളും ലാപ്‌ടോപ്പും തിരയുന്ന മലയാളി യാത്രക്കാരുടെ  വാര്‍ത്ത ബി.ബി.സിയിലും. മരണമുഖത്തു നില്‍ക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് വിമാനത്തിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ പറയുമ്പോഴും എന്തിനാണ് ഇവര്‍ ഇങ്ങനെ ബാഗ് തിരഞ്ഞു സമയം കളയുന്നുവെന്നാണ് ബി.ബി.സിയുടെ ചോദ്യം.

വിമാനത്തിനു തീപിടിച്ചാന്‍ എമര്‍ജന്‍സി എക്‌സിറ്റ് വിന്‍ഡോയിലൂടെ 90 സെക്കന്റിനുള്ളില്‍  യാത്രക്കാരെ പുറത്തുകടത്താനാണ് വിമാനത്തിനുള്ളിലെ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനുള്ളില്‍ രക്ഷപ്രവര്‍ത്തനം സാധ്യമായില്ലെങ്കില്‍ അത് എമര്‍ജന്‍സി വിന്‍ഡോയേയും ബാധിക്കുമെന്ന് വ്യോമായന ഉദ്യോഗസ്ഥനായ ആഷ്‌ലി നൂണ്‍ വ്യക്തമാക്കിയതായി ബി.ബി.സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

അഗ്‌നിബാധ ശക്തി പ്രാപിക്കുന്ന ഒന്നരമിനുറ്റിനുള്ളില്‍ എമര്‍ജന്‍സി വിന്‍ഡോയിലൂടെ ലാപ്‌ടോപ്പു പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റുന്നത് തീ പടരാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിമാനത്തില്‍ തീ കത്തിപ്പടരുന്നതിനിടെ ലാപ്പ്‌ടോപ്പിനും ലഗേജിനുമായി മലയാളികളടക്കമുള്ള യാത്രക്കാര്‍ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുരന്തങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ സ്വന്തം സുരക്ഷിതത്വം മറന്ന് ലഗേജിനും ലാപ്പ്‌ടോപ്പിനുമായി ആളുകള്‍ നടത്തുന്ന പരാക്രമങ്ങള്‍ ഇതാദ്യമല്ലെന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.

അപ്രതീക്ഷിത ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ ആളുകള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും ദുരന്തത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആളുകള്‍ എത്ര സ്വാര്‍ത്ഥരാണെന്നും തെളിയിക്കാനും ഏതു രീതിയില്‍ പ്രതികരിക്കരുതെന്ന് കാണിച്ചുതരാനും സാധ്യമാകുന്ന രീതിയിലുള്ളവയാണെന്നും ആഷ്‌ലി നൂണ്‍ പറയുന്നു.

We use cookies to give you the best possible experience. Learn more