| Tuesday, 1st November 2016, 6:01 pm

എന്തുകൊണ്ട് മുസ്‌ലിംങ്ങള്‍ മാത്രം ജയില്‍ ചാടുന്നു; ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ കൂടുതല്‍ സംശയങ്ങളുമായി ദിഗ്‌വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്തുകൊണ്ടാണ് മുസ്‌ലിംങ്ങള്‍ മാത്രം എപ്പോഴും ജയില്‍ ചാടുന്നതെന്ന് ചോദിച്ച അദ്ദേഹം ഒരു ഹിന്ദു പോലും ജയില്‍ ചാടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.


ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നടപടിയില്‍ കൂടുതല്‍ സംശയങ്ങളുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്.

എന്തുകൊണ്ടാണ് മുസ്‌ലിംങ്ങള്‍ മാത്രം എപ്പോഴും ജയില്‍ ചാടുന്നതെന്ന് ചോദിച്ച അദ്ദേഹം ഒരു ഹിന്ദു പോലും ജയില്‍ ചാടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. ഭോപ്പാലില്‍ മാധ്യമങ്ങശോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തനിക്കെതിരെ ബി.ജെ.പി നടപടിയെടുക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

എന്നാല്‍ ദിഗ്‌വിജയ് സിംഗിനെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ രംഗത്തെത്തി. സംഭവത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അത് തികച്ചും അപലപനീയമാണ്. ഇത്തരം ജോലികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം. നമ്മുടെ ജവാന്മാരുടെ രക്തസാക്ഷിത്വം കാണാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.

അതേ സമയം, ബി.ജെ.പിക്കി വേണ്ടി ചില വീഡിയോ ക്ലിപ്പുകളുടെ മാത്രം അടിസ്ഥാനത്തില്‍ സംശയം പ്രകടിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി കിരണ്‍ റിജജു രംഗത്തെത്തി. ഭരണാധികാരികളേയും സേനകളേയും സംശയിക്കുന്നത് അവസാനിപ്പിക്കണമെന്നും വസ്തുതകള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more