ന്യുദല്‍ഹി: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരായ സംഘപരിവാര്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ഇന്ത്യാ ടുഡെയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗൗരവ് സി സാവന്തിന്റെ ട്വീറ്റിന് പിന്തുണയുമായി ബി.ജെ.പി എം.പി രാജീവ്ചന്ദ്രശേഖര്‍ രംഗത്ത്.
“എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, എന്തിനാണ് സിനിമാ നിര്‍മ്മാതാക്കള്‍ സെക്‌സി ദുര്‍ഗ സെക്‌സി രാധ എന്നൊക്കെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് അവര്‍ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നില്‍ സെക്‌സി എന്ന് ചേര്‍ക്കുന്നില്ലെന്ന് ഒന്നു പറഞ്ഞു തരൂ” എന്ന സാവന്തിന്റെ ട്വീറ്റിനാണ് താന്‍ ആവിഷ്‌ക്കരാസ്വാതന്ത്യത്തിന്റെ വക്താവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.
” ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. എനിക്കും ഇതിനെ കുറിച്ച് അറിയണം. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട് പക്ഷേ എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തില്‍ കാര്യങ്ങള്‍ പോകുന്നു എന്നും രാജീവ് ട്വീറ്ററിലൂടെ ചോദിക്കുന്നു.
ട്വീറ്റിന് പിന്തുണയുമായി ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ആര്‍തി ടീക്കോ സിംഗും രംഗത്തെത്തി.ഒന്നെങ്കില്‍ ഫാത്തിമയും ആയിഷയും മേരിയുമൊക്കെ സെക്‌സി അല്ലെ അതല്ലെങ്കില്‍ ഇന്ത്യന്‍ ഡയരക്ടര്‍മാര്‍ ഫത്ത്വവകളെയും അവരുടെ സ്റ്റൂഡിയോകള്‍ നശിക്കുന്നതിനെയും ഭയപ്പെടുന്നുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.
അതേ സമയം സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ അസിഹ്ഷുണയ്ക്കെതിരേയും പത്മാവതിയ്ക്കെതിരായ സംഘപരിവാര്‍ പോര്‍വിളികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ട്വിറ്ററിലൂടെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. “ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?”. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പ്രകാശ് രാജിന് പുറമെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ, രവി ജാധവ് ഒരുക്കിയ ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
സെക്സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു.
ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.