നിങ്ങള്‍ എനിക്ക് വോട്ടു ചെയ്തില്ലല്ലോ?; ഗ്രാമത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ സ്ത്രീകളോട് ഗുജറാത്തിലെ ബി.ജെ.പി മന്ത്രി
D' Election 2019
നിങ്ങള്‍ എനിക്ക് വോട്ടു ചെയ്തില്ലല്ലോ?; ഗ്രാമത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ സ്ത്രീകളോട് ഗുജറാത്തിലെ ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 11:50 pm

നിങ്ങള്‍ എനിക്ക് വോട്ടു ചെയ്തില്ലല്ലോ?; ഗ്രാമത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ സ്ത്രീകളോട് ഗുജറാത്തിലെ ബി.ജെ.പി മന്ത്രി

അഹ്മദാബാദ്: ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമമുണ്ടെന്നും, പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട സ്ത്രീകളോട് തനിക്ക് വോട്ടു ചെയ്തില്ലല്ലോയെന്ന് തിരിച്ച് ചോദിച്ച് ഗുജറാത്ത് ജലവിഭവ മന്ത്രി കുന്‍വാര്‍ജി ബവാലിയ. സംഭവം വിവാദമായപ്പോള്‍ ‘വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളോട്’ സ്ഥലത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍ തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏല്‍പ്പിച്ചതാണെന്നായിരുന്നു ബവാലിയയുടെ പ്രതികരണം.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കനെസാര ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവം. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബി.ജെ.പിയിലെത്തിയതിന് പിന്നാലെയാണ് ബവാലിയയെ സംസ്ഥാനത്തെ മന്ത്രിയായി നിയമിച്ചത്.

പ്രചരണം പുരോഗമിക്കവെ ഗ്രാമീണ സ്ത്രീകള്‍ ബവാലിയയുടെ അടുത്തെത്തി ഗ്രാമത്തില്‍ പകുതി വീടുകളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് അറിയിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള 55 ശതമാനം പേര്‍ മാത്രമല്ലെ തനിക്ക് വോട്ടു ചെയ്തുള്ള എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.’ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്ക് 55 ശതമാനം വോട്ടുകളെ ലഭിച്ചുള്ളു. നിങ്ങള്‍ എന്തു കൊണ്ടാണ് എനിക്ക് വോട്ടു ചെയ്യാതിരുന്നത്’- മന്ത്രി ചോദിച്ചു.

‘ജലവകുപ്പിന്റെ മന്ത്രിയാണ് ഞാന്‍. ഞാന്‍ സര്‍ക്കാറിലുള്ള ആളാണ്. എനിക്ക് വേണമെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയും’- മന്ത്രി സ്ത്രീകളോട് പറഞ്ഞു.

പ്രശ്‌നം മന്ത്രാലയത്തിന്റെ വിഷയമല്ലെന്ന് പഞ്ചായത്തിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വോട്ടു നല്‍കാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിക്കുന്നത് ശരിയല്ലെന്നും, ഇത് പ്രതികാര രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.