| Tuesday, 29th August 2023, 12:18 pm

'നിങ്ങള്‍ എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല'? ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളോട് വര്‍ഗീയ പരാമര്‍ശം നടത്തിയ അധ്യാപികക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. വിഭജന സമയത്ത് എന്തുകൊണ്ടാണ് നിങ്ങളുടെ കുടുംബങ്ങള്‍ പാകിസ്ഥാനിലേക്ക് പോകാതിരുന്നതെന്ന് ഹേമ ഗുലാത്തിയെന്ന അധ്യാപിക ചോദിച്ചതായി നാല് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഗാന്ധി നഗറിലെ ഗവണ്‍മെന്റ് സര്‍വോദയ ബാല വിദ്യാലയത്തിലാണ് സംഭവം. ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികളോടാണ് അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയത്. അതേസമയം വിദ്യാര്‍ത്ഥികളുടെ വീട്ടുകാരുടെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

‘ബുധനാഴ്ചയാണ് അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയത്. കഅ്ബ, ഖുര്‍ആന്‍ എന്നിവയെ കുറിച്ചും അപകീര്‍ത്തി പരാമര്‍ശം നടത്തി. വിഭജന സമയത്ത് നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോയില്ല. നിങ്ങള്‍ ഇന്ത്യയില്‍ തന്നെ നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങളുടെ സംഭാവനകളൊന്നുമില്ലെന്ന് അധ്യാപിക പറഞ്ഞു,’ പരാതിയില്‍ പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങള്‍ സ്‌കൂളില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്നും അധ്യാപികയെ പിരിച്ചുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

‘ഈ അധ്യാപിക ശിക്ഷിക്കപ്പെടാതെ പോയാല്‍ മറ്റുള്ളവര്‍ക്ക് ധൈര്യം വരും. അവരോട് അറിവില്ലാത്ത കാര്യങ്ങളെ സംസാരിക്കാതെ പഠിപ്പിക്കാന്‍ പറയണം. വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് കാണുന്ന അധ്യാപികയുടെ ആവശ്യം ഇല്ല. അധ്യാപികയെ പുറത്താക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റൊരു സ്‌കൂളിലും അധ്യാപികയെ പഠിപ്പിക്കാന്‍ അനുവദിക്കരുത്,’ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ മാതാവ് എ.എന്‍.ഐയോട് പറഞ്ഞു.

ഏതെങ്കിലും മതപരമോ പുണ്യപരമോ ആയ സ്ഥലങ്ങള്‍ക്കെതിരെ അധ്യാപകര്‍ അപകീര്‍ത്തി പരാമര്‍ശം നടത്തരുതെന്ന് ആംആദ്മി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അനില്‍ കുമാര്‍ ബാജ്‌പേയ് പി.ടി.ഐയോട് പറഞ്ഞു.

‘ഇത് തീര്‍ത്തും തെറ്റാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കലാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഏതെങ്കിലും മതപരമോ പുണ്യപരമോ ആയ സ്ഥലങ്ങള്‍ക്കെതിരെ അധ്യാപകര്‍ അപകീര്‍ത്തി പരാമര്‍ശം നടത്തരുത്. അത്തരക്കാരെ അറസ്റ്റ് ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് തൃപ്ത ത്യാഗിയെന്ന അധ്യാപിക അടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ദല്‍ഹിയിലും അധ്യാപികക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

content highlights: ‘Why didn’t you go to Pakistan’? Case against teacher who made communal remarks to students in Delhi

We use cookies to give you the best possible experience. Learn more