| Sunday, 13th August 2017, 1:37 pm

'അവന്‍ കുട്ടിയല്ലേ, ഓടിയാലും ഒരു പരിധിയില്ലേ, പിന്നെന്തിനവര്‍ വെടിയുതിര്‍ത്തു':കശ്മീരില്‍ സുരക്ഷാസൈനികരാല്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ വിമുക്തഭടന്‍ ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകശ്മീര്‍: എന്തിനാണ് സുരക്ഷാ സൈന്യം തന്റെ മകനുനേരെ പെലറ്റുകൊണ്ട് വെടിയുതിര്‍ത്തതെന്ന ചോദ്യവുമായി കശ്മീരില്‍ കൊല്ലപ്പെട്ട 16കാരന്‍ പിതാവ്. താനും വര്‍ഷങ്ങളോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചയാളാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചോദ്യമുയര്‍ത്തുന്നത്.

ആഗസ്റ്റ് ഒമ്പതിനാണ് കസ്മീരിലെ പുല്‍വാമ ജില്ലയില്‍ മുഹമ്മദ് യൂനുസ് ഷെയ്ക്ക് എന്ന 16കാരന്‍ കൊല്ലപ്പെട്ടത്. സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു യൂനുസും കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിനുശേഷം സൈനിക ക്യാമ്പിനുനേരെ കല്ലേറുണ്ടായെന്നും തുടര്‍ന്ന് സൈന്യം പെല്ലറ്റുകൊണ്ട് തിരിച്ചടിച്ചെന്നും ഇതേത്തുടര്‍ന്നാണ് യൂനുസ് കൊല്ലപ്പെട്ടതുമാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ഏറ്റമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും ആറുകിലോമീറ്റര്‍ അകലെയായാണ് യൂനുസ് കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്.

സുരക്ഷാ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. യൂനുസിന്റെ ശരീരത്തില്‍ പെല്ലറ്റിനു പുറമേ രണ്ട് വെടിയുണ്ടകള്‍ കൂടിയുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഹുസൈന്‍ പറയുന്നത്.


Also Read: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


“അവന്‍ കല്ലെറിഞ്ഞാല്‍ തന്നെ ഇതാണോ ഒരു കൊച്ചുകുട്ടിയോട് ചെയ്യേണ്ടത്? ഇതാണോ 26 വര്‍ഷം രാജ്യസേവനം നടത്തിയ അവന്റെ അച്ഛന്‍ അര്‍ഹിക്കുന്നത്?” ഹുസൈന്‍ ചോദിക്കുന്നു.

തന്റെ മകന്റെ കൊലപാതകം അനീതിയാണെന്നാണ് യൂനുസിന്റെ പിതാവായ യൂസഫ് പറയുന്നത്. “സുരക്ഷാ സൈന്യത്തിന് അവനെ പിടികൂടി എന്നെ വിളിക്കാമായിരുന്നു. എന്തിനാണവര്‍ പെല്ലറ്റുകൊണ്ട് അവനെ വെടിവെച്ചത്? അവന് വെറും 16 വയസേയുള്ളൂ. എത്രദൂരം അവന് ഓടാന്‍ കഴിയും.” അദ്ദേഹം ചോദിക്കുന്നു.

ഈ സംഭവത്തിനുശേഷം തങ്ങളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സൈന്യം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. “അവര്‍ എനിക്കൊരു ഫോണ്‍ കോള്‍ പോലും ചെയ്തില്ല.” അദ്ദേഹം പറയുന്നു.

ഇത് സുരക്ഷാ സൈന്യമല്ല കശ്മീരില്‍ ഭീകരത സൃഷ്ടിക്കുന്നവരാണെന്നാണ് മറ്റൊരു ബന്ധുവായ അഖിഭ് ഭട്ട് പറഞ്ഞതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more