| Friday, 3rd July 2020, 8:41 pm

SG 250 ക്കെതിരെ എന്തിന് ഹരജി നല്‍കി; മാത്യൂസിന് കഥയറിയാമോ ? ; വിവാദത്തില്‍ പ്രതികരണവുമായി കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം

അശ്വിന്‍ രാജ്

സുരേഷ് ഗോപിയുടെ 250ാം ചിത്രം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത് മാത്യുസ് തോമസ് ആയിരുന്നു.

ഇതിനിടെയാണ് ചിത്രത്തിന്റെ പ്രെമോഷനും ചിത്രീകരണത്തിനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന വാദത്തിനെ തുടര്‍ന്നാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.

ഹര്‍ജി കൊടുക്കാനിടായി സാഹചര്യത്തെ കുറിച്ചും തന്റെ സിനിമയെ കുറിച്ചും ജിനു എബ്രഹാം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

…………………

സുരേഷ് ഗോപി ചിത്രത്തിനെതിരെ ഹര്‍ജി കൊടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു ? തുടര്‍ നടപടികള്‍ എന്തായിരിക്കും ?

ഈ ചിത്രത്തിന്റെ പോസ്റ്ററും ഫസ്റ്റ് ലുക്കും കഥാപാത്രത്തിന്റെ പേരും എല്ലാം കണ്ടപ്പോള്‍ നമ്മുടെ അതേസിനിമയുടെ പേരാണ്. സാമ്യം എന്നല്ല അത് തന്നെയാണ്. നേരത്തെ അനൗണ്‍സ് ചെയ്ത വലിയ മുതല്‍ മുടക്കുള്ള ഒരു സിനിമയാണിത് അപ്പോള്‍ ഇതിന്റെ സംവിധായകനും നിര്‍മ്മാതാവിനും മുമ്പില്‍ എന്റെ മൗലികത തെളിയിക്കണ്ടത് ആവശ്യമാണ് അത് കൊണ്ടാണ് കോടതിയെ സമീപിച്ചത്.

ഒരു വഴക്ക് എന്നൊന്നുമുള്ള നിലയിലല്ല കോടതിയില്‍ പോയത്. കോടതിയില്‍ എന്റെ വാദം കേട്ട് അവരുടെ സിനിമയും ചിത്രീകരണവുമെല്ലാം സ്റ്റേ ചെയ്തിരിക്കുകയാണ്. ബാക്കി അവര്‍ക്ക് കോടതിയില്‍ പോയി കാര്യങ്ങള്‍ തെളിയിക്കാം.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇതില്‍ തര്‍ക്കങ്ങളൊന്നും ഇല്ല. ഞങ്ങളുടെ തിരക്കഥയുമായി സാമ്യമൊന്നുമില്ല എന്ന് അവര്‍ തെളിയിക്കുകയാണെങ്കില്‍ ഈ പ്രോജക്റ്റുമായി അവര്‍ക്ക് മുന്നോട്ട് പോകാം. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്, പ്രാര്‍ത്ഥിക്കുന്നത്.

SG 250 തിന്റെ സംവിധായകന്‍ മാത്യൂസ് തോമസ് നിങ്ങളുടെ അസോസിയേറ്റ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് , ശരിയാണോ ?

ഞാന്‍ ചെയ്ത ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍, മാസ്റ്റേര്‍സ് തുടങ്ങി മൂന്ന് സിനിമകളിലും മാത്യുസ് ഉണ്ടായിരുന്നു. എന്റെ അസോസിയേറ്റ് ആയിരുന്നു മാത്യുസ് തോമസ്. അയാള്‍ക്ക് ഈ കഥയൊക്കെ അറിയാം ഈ കഥ ചെയ്യണം എന്നും അയാള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. പക്ഷേ ഇതൊരു പ്രോജക്റ്റ് ആക്കാന്‍ മാത്യുസിന് കഴിഞ്ഞില്ല. അതും കഴിഞ്ഞ് ഒരുപാട് കാലം കഴിഞ്ഞാണ് ഷാജി കൈലാസിന്റെ അടുത്തേക്ക് പ്രോജക്റ്റ് എത്തുന്നത്.

കടുവ എന്ന ചിത്രത്തിന്റെ ആലോചനകളും മറ്റും എപ്പോഴാണ് ആരംഭിക്കുന്നത് ?

ഏകദേശം 2016 ലാണ് ഞാന്‍ ഈ കഥ ആലോചിക്കുന്നത്. പൃഥ്വിരാജിനോടാണ് ഈ കഥ ഞാന്‍ ആദ്യം പറയുന്നത്. ലണ്ടന്‍ ബ്രിഡ്ജ് ഒക്കെ കഴിഞ്ഞ് ആദം ജോണ്‍ ഒക്കെ ആരംഭിക്കുന്ന സമയത്ത്. പുള്ളി ചെയ്യാന്‍ വേണ്ടിയിട്ടല്ല. ഞാന്‍ എന്റെ കഥകളൊക്കെ ആദ്യം പറയുന്ന ആളുകളില്‍ ഒരാളാണ് പൃഥ്വി. 2016 -2017 ലൊക്കെയാണ് ഞാന്‍ ഈ കഥ പറയുന്നത്. രണ്ട് കഥാപത്രങ്ങള്‍ ഇങ്ങനെ ഉണ്ട് എന്നൊക്കെ പറഞ്ഞ് ആണ് ആദ്യം പറയുന്നത്. പിന്നീടാണ് ഈ ചിത്രം ചെയ്യാം പൃഥ്വി നായകനാവാം എന്നുള്ള തരത്തിലൊക്കെ ചര്‍ച്ച ആരംഭിക്കുന്നത്.

കടുവയുടെ നിലവിലെ അവസ്ഥ എന്താണ് ? ഇങ്ങനെ ഒരു വിവാദം ഉണ്ടായപ്പോള്‍ ഷാജി കൈലാസിന്റെയും പൃഥ്വിരാജിന്റെയും പ്രതികരണം എന്തായിരുന്നു ?

കടുവയുടെ ഷൂട്ട് ജൂലായില്‍ ആരംഭിക്കാനായി ഇരിക്കുകയായിരുന്നു. കൊറോണ കാരണം നീണ്ട് പോയതാണ് നമ്മള്‍ ബാക്കിയുള്ള പ്രീ പ്രൊഡക്ഷനും കാര്യങ്ങളും എല്ലാം ചെയ്ത് വെച്ചതായിരുന്നു. ഇതിന്റെ കാസ്റ്റിംഗും മറ്റും വലിയ ഒരുപാട് താരങ്ങള്‍ ഈ ചിത്രത്തില്‍ വരുന്നുണ്ട്. അത് അനൗണ്‍സ് ചെയ്യാന്‍ ഒക്കെ നില്‍ക്കുമ്പോഴാണ് കൊറോണ വരുന്നത്.

പൃഥിയുടെയും മറ്റും മുന്നില്‍ എനിക്ക് തെളിയിക്കണമല്ലോ. എന്റെ സ്‌ക്രിപ്റ്റിന്റെ മൗലികത തെളിയിക്കണം എന്നുള്ളത് എന്റെ ബാധ്യതയായിരുന്നു. അവര്‍ക്കും ആദ്യം പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒരിതുണ്ടായിരുന്നു എന്താണ് ഇതിങ്ങനെ എന്ന്. അത് കൊണ്ടാണ് ഞാന്‍ കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more