ഫെബ്രുവരി 27ന്, കോഴിക്കോട് വെച്ച് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ ഞാന്‍ സംസാരിച്ചിരുന്നു. ജോണി ലൂക്കോസ്, നികേഷ് കുമാര്‍, വിനു വി. ജോണ്‍ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഡിജിറ്റല്‍ മാധ്യമ നിരൂപകന്‍ ദാമോദര്‍ പ്രസാദും ഈ സെമിനാറില്‍ പങ്കെടുത്തിരുന്നു.
ഞാന്‍ ഒരു പ്രാസംഗികനല്ലാത്തതുകൊണ്ട് പരിപാടിയില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒരുപക്ഷേ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകും. ഒരു മാധ്യമപ്രവര്‍ത്തക യൂണിയനിലെ പ്രബലനായ നേതാവിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റ് ചില സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്നപ്പോള്‍ അതെനിക്ക് വ്യക്തമാകുകയും ചെയ്തു.
ഞാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ എന്താണ് പരിപാടിയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കാനും ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഉദ്ദേശിക്കുന്നു. അതോടൊപ്പം തന്നെ ഞാന്‍ അന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു എന്നുകൂടെ വ്യക്തമാക്കുന്നു.
ഞാന്‍ അന്ന് എന്താണ് പറഞ്ഞത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നതിന്റെ സംക്ഷിപ്ത രൂപം ആദ്യം പറയാം:
സെമിനാറിന്റെ വിഷയം ഒരു ചോദ്യമായിരുന്നു: മാധ്യമങ്ങള്‍ അധികാര താത്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നുവോ? ചോദ്യം ആലങ്കാരികമാണ്. ഉത്തരം അതെ എന്നല്ലായിരുന്നുവെങ്കില്‍, ചുട്ടുപൊള്ളുന്ന ആ ദിവസം നിങ്ങളവിടെ ഒത്തുകൂടുമായിരുന്നില്ല.
അപ്പോള്‍ യഥാര്‍ത്ഥ ചോദ്യം എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ അധികാരത്തിന് വിധേയരായത് എന്നാണെന്ന് എനിക്ക് തോന്നുന്നു.
ഇരവാദമുയര്‍ത്തുന്ന മാധ്യമ മുതലാളിമാരും എഡിറ്റര്‍മാരും ഇതിന് കാരണമായി പറയുന്നതെന്താണെന്ന് ഞാന്‍ പറയാം.
ദി വയര്‍, ന്യൂസ്‌ക്ലിക്ക് പോലെയുള്ള സ്ഥാപനങ്ങളെ ഒഴിച്ച് അവരില്‍ വളരെ ചുരുക്കം മാത്രമാണ് ഇരകള്‍. ജയിലില്‍ കഴിയുന്ന ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ ഒരുതരത്തിലും നമ്മള്‍ ഒരു മാധ്യമ മുതലാളിയായി കാണുന്നില്ല. അദ്ദേഹം ഒരു മികച്ച മാധ്യമപ്രവര്‍ത്തകനാണ്, പല മാധ്യമങ്ങളും പീഡിതര്‍ക്ക് നേരെ മുഖം തിരിച്ചുനിന്നപ്പോള്‍ സമകാലിക ചരിത്രം കൃത്യമായി അടയാളപ്പെടുത്തിയ ചരിത്രകാരന്‍.
മാധ്യമ ഉടമകളും എഡിറ്റര്‍മാരും ഉന്നയിക്കുന്ന ഒരു ഭയം ജയിലാണ്. പക്ഷേ ഇവിടെയിരിക്കുന്ന ലൂക്കോസിനറിയാം മാമന്‍ മാപ്പിളക്ക് ജയിലില്‍ പോകാന്‍ ഭയമില്ലായിരുന്നുവെന്ന്. നികേഷ് കുമാറിന് അറിയാം അദ്ദേഹത്തിന്റെ നിക്ഷേപകര്‍ ജയിലില്‍ പോകുന്നത് ഭയക്കുന്നവരെല്ലെന്ന്.
വിനു വി. ജോണിന്റെ മുതലാളി ഒരിക്കലും ജയിലില്‍ പോകില്ല, കാരണം അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇല്ലായിരുന്നു. പക്ഷേ വിനു വി. ജോണ്‍ പല തവണ പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്.
ഒരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പ്രസാദിന് ജയില്‍ ഭയമുണ്ടാകില്ല, കാരണം ട്രാഫിക്കിന് തടസം സൃഷ്ടിക്കാന്‍ തത്പരനായ ചാന്‍സിലറുടെ രൂപത്തില്‍ മറ്റൊരു വലിയ ഭീഷണി അദ്ദേഹം നേരിടുന്നുണ്ട്.
(ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് എന്താണെന്നുവെച്ചാല്‍ മാധ്യമ മുതലാളിമാര്‍ ജയിലില്‍ പോയത് പത്രപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാരണങ്ങള്‍ കൊണ്ടാണ്. മാമന്‍ മാപ്പിള എന്തുകൊണ്ട് ജയിലില്‍ പോയി എന്നതില്‍ മാത്രമാണ് ഭിന്നാഭിപ്രായം ഉണ്ടാകുക – മനോരമയുടെ പത്രപ്രവര്‍ത്തനം കാരണമോ അതോ മനോരമയുടെ എഡിറ്റോറിയല്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ചതെന്ന് ചിലര്‍ കരുതുന്ന ബാങ്കിങ് കേസ് കാരണമോ.
എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ നിക്ഷേപകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത് മരംമുറി കേസിലാണ്. അതിന് മാധ്യമപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല. ‘പേടി’ എന്ന വാക്ക് ഞാന്‍ ഇവിടെ ഒരു വിരോധാഭാസമായാണ് ഉപയോഗിച്ചത്. കാരണം മാധ്യമ സ്ഥാപനങ്ങള്‍ തന്നെ അവരുടെ മുന്‍ഗാമികള്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടത്തെ കൊട്ടിഘോഷിക്കാറുണ്ട്.)
അപ്പോള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് മാധ്യമ മുതലാളിമാര്‍ക്ക് ജയിലില്‍ പോകാമെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലില്‍ പോകുന്നതിന് മടിക്കുന്നത്?
ജയില്‍ എപ്പോഴും ഒരുപോലെയാണ്, അത് നിങ്ങള്‍ മരം മുറിച്ചതിന് പോയതാണെങ്കിലും ശരി, അധികാരത്തിലുള്ളവര്‍ക്കെതിരെ തിരിഞ്ഞതിനാണെങ്കിലും ശരി.
അതുകൊണ്ടാണ് മാധ്യമ മുതലാളിമാര്‍ക്ക് ജയിലില്‍ പേടിയാണെന്ന വാദം ഞാന്‍ വിശ്വസിക്കാത്തത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജയിലിലായ ഒരു മാധ്യമ മുതലാളിയെയെങ്കിലും നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? അപ്പോള്‍ ജയിലില്‍ പോകുമെന്ന പേടിയല്ല, രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ ഇവര്‍ കണ്ണടക്കുന്നതിന് കാരണം മറ്റെന്തോ ആണ്.
മറ്റൊരു പേടിസ്വപനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റാണ്. ഇ.ഡി റെയ്ഡ് ചെയ്താല്‍ അതോടെ ലോകം അവസാനിക്കുമോ? ഇ.ഡി നിങ്ങളെ റെയ്ഡ് ചെയ്‌തോട്ടെ. നിങ്ങളൊരു നല്ല ആതിഥേയനാണെങ്കില്‍ വല്ല ചായയോ സര്‍ബത്തോ കൊടുക്കൂ. അവര്‍ സമാധാനത്തോടെ തിരിച്ചുപൊക്കോട്ടെ.
ഇനി അതിനുശേഷം ഒരു കേസുണ്ടെങ്കില്‍ കോടതിയില്‍ പൊരുതാം. നിങ്ങള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തുന്ന പക്ഷം അതിന്റെ ശിക്ഷ നിങ്ങള്‍ അനുഭവിക്കുക തന്നെ വേണം.
എന്തുകൊണ്ടാണ് മാധ്യമ മുതലാളിമാര്‍ ഇ.ഡിയെയും ആദായ നികുതി വകുപ്പിനെയും ഇത്രയും പേടിക്കുന്നത്?
പത്രസ്ഥാപനങ്ങളില്‍ കുറേ ശവശരീരങ്ങള്‍ വല്ലതും കുഴിച്ചിട്ടിട്ടുണ്ടോ? ന്യൂസ് റൂമുകളിലെയും ടി.വി സ്റ്റുഡിയോകളിലെയും കബോഡുകളില്‍ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടോ? അങ്ങനെ വല്ലതുമാണെങ്കില്‍ അവര്‍ക്ക് ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. ആത്മാഭിമാനമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും അങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല.
(എങ്ങനെയാണ് ഇത് മാധ്യമ മുതലാളിമാരെ പ്രതിരോധിക്കുവാനായി ദുര്‍വ്യാഖ്യാനിക്കപ്പെട്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല. ജയില്‍ ഭീഷണി ഒരു വലിയ ആയുധമാണെന്ന വാദത്തെ എതിര്‍ക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. അങ്ങനെയൊരു ഭീഷണിയുണ്ടായിരുന്നുവെങ്കില്‍ മിക്ക മാധ്യമ മുതലാളിമാരും ഈ ബിസിനസ് മേഖലയിലേക്ക് വരില്ലായിരുന്നു.
ഇനി അങ്ങനെയാണെങ്കില്‍, ഇപ്പോള്‍ മുതലാളിമാരെല്ലാം കൃത്യമായ പ്രതിരോധ വലയം തീര്‍ത്തിട്ടുണ്ട്. നേരത്തെ ഉടമകളായിരുന്ന മിക്ക പ്രസാധകരും ഇപ്പോള്‍ വേതനം കൈപ്പറ്റുന്ന പ്രൊഫഷണലുകളാണ്.
ചില മുതലാളിമാര്‍ എന്തെങ്കിലും ആലങ്കാരിക തസ്തികക്കൊപ്പം എഡിറ്റര്‍ എന്ന് വാല് ചേര്‍ക്കുമ്പോള്‍, ഇംപ്രിന്റ് ലൈനില്‍ (ഉത്തരവാദിത്തപ്പെട്ടവരുടെയും പ്രസിദ്ധീകരണം നടക്കുന്ന സ്ഥലത്തിന്റെയും വിശദാംശങ്ങള്‍) ഇപ്പോള്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതിന്റെ ചുമതലയുള്ള, വേതനം കൈപ്പറ്റുന്ന എഡിറ്റര്‍മാരുടെയും പേരുകള്‍ ചേര്‍ക്കാറുണ്ട്.
മുതലാളിമാരെല്ലാം സുരക്ഷിതരാണ്. പ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമാണ് ഉത്തരവാദിത്തം – അതുകൊണ്ട് തന്നെ അവര്‍ കൃത്യമായി അധികാരം പ്രയോഗിക്കേണ്ടതുണ്ട്.
ഇരകളാകാന്‍ സാധ്യതയുള്ളവരും ക്ഷമാപണം നടത്തുന്നവരും എപ്പോഴും വിട്ടുകളയുന്നത് ദൈനിക് ഭാസ്‌കറില്‍ നടന്ന റെയ്ഡുകളാണ്. എപ്പോഴൊക്കെ ഇന്ത്യയുടെ കൊവിഡ് നിയന്ത്രണത്തിലെ കെടുകാര്യസ്ഥതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നോ അപ്പോഴെല്ലാം ഭാസ്‌കറിന്റെ കൊവിഡ് വാര്‍ത്തകള്‍ ഉദ്ധരിക്കപ്പെടാറുണ്ട്.
ആര്‍ക്കും അത് ഇല്ലാതാക്കാന്‍ കഴിയില്ല. ചിലര്‍ പറയുന്നതുപോലെ ഭാസ്‌കര്‍ ഇപ്പോള്‍ ‘കീഴടങ്ങി’ എന്നാണെങ്കിലും മറ്റുള്ളവര്‍ നിശബ്ദരായപ്പോള്‍ അവര്‍ നടത്തിയ മഹത്തായ മാധ്യമപ്രവര്‍ത്തനം ഇന്നും ഇല്ലാതാകുന്നില്ല. ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: പ്രതിരോധം, അതെത്ര ക്ഷണികമാണെങ്കിലും ഒരു വ്യത്യാസം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരുക്കും.
മാത്രമല്ല, ‘കോര്‍പ്പറേറ്റ്’ മേഖല എപ്പോഴും മാധ്യമ ബിസിനസില്‍ എങ്ങനെ കൈകടത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഭാസ്‌കര്‍.
ഭാസ്‌കര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ്‌ലോന്‍ഡറി അന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു, ‘ദൈനിക് ഭാസ്‌കര്‍ ഒരിക്കലും ഇപ്പോള്‍ ചിത്രീകരിക്കുന്ന പോലെ മത്സര മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താവായിരുന്നില്ല.’
ദീര്‍ഘകാലമായി പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പത്രത്തിന്റെ അസ്ഥിരതക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്.
ഭാസ്‌കറിന്റെ ഉടമകളാമായ അഗര്‍വാള്‍ കുടുംബം ധാരാളം ബിസിനസുകളില്‍ നിക്ഷേപം നടത്തിയിരുന്നു. ഖനനം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി, കെട്ടിടനിര്‍മാണം, പരസ്യം, വിദ്യാഭ്യാസം, പ്രസാധനം, ഭക്ഷ്യ സംസ്‌കരണം… ഇത് അധികാരികള്‍ക്ക് പത്രത്തെ സ്വാധീനിക്കാന്‍ സാധിച്ചുവെന്നാണ് ആരോപണം.
നിങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമ്പോള്‍, നിങ്ങളുടെ വിശ്വാസ്യതയില്‍ നിങ്ങള്‍ക്കുതന്നെ ഉറപ്പുണ്ടാകണം. നികുതി വകുപ്പ് കേസ് ചുമത്തിയത് പ്രകാരം ഭാസ്‌കര്‍ ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തി എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ പത്രസ്ഥാപനങ്ങളും അവരുടെ നിയമ വിഭാഗവും എപ്പോഴും സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം നേരിടാന്‍ സജ്ജരാകണം.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ രാഷ്ട്രീയക്കാരും വ്യവസായികളും ക്ലാസെടുക്കുന്നതിനെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്.
പിന്നെ എന്താണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതേ അളവുകോലില്ല? അവരും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയോ അതിന് സാധിച്ചില്ലെങ്കില്‍ ശിക്ഷ അനുഭവിക്കുകയോ ചെയ്യട്ടെ.
മറ്റൊന്ന് ബി.ബി.സിയിലെ റെയ്ഡുകളാണ്. ബി.ബി.സിക്ക് എന്താണ് സംഭവിച്ചത്? ഒന്നും സംഭവിച്ചില്ല. ബി.ബി.സി അടച്ചുപൂട്ടിയോ? ഇല്ല. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി മോദി സര്‍ക്കാരിന് ഒരു മുള്ള് തന്നെയാണ്.
ഡോക്യുമെന്ററി കാണാന്‍ സാധ്യതയില്ലാതിരുന്നവരും വിവാദങ്ങള്‍ കാരണം അത് കണ്ടു. അത് പതിയെ മോദി സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തുകളഞ്ഞു. വിവാദം കാരണം ബി.ബി.സിയുടെ വിശ്വാസ്യത വര്‍ധിക്കുക മാത്രമാണുണ്ടായത്.
മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ അടിവരയിടാന്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവും പലപ്പോഴും ഉയര്‍ത്തിക്കാണിക്കാറുണ്ട്. യാഥാസ്ഥിതിക ശക്തികള്‍ക്കെതിരെ ഗൗരി ലങ്കേഷ് നടത്തിയ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടത്.
പാരമ്പര്യത്തിന്റെ മാഹാത്മാമ്യമുള്ള ഏത് പത്രസ്ഥാപനം, അല്ലെങ്കില്‍ മുതലാളി അല്ലെങ്കില്‍ എഡിറ്ററാണ് ഇന്ന് അത്തരമൊരു പോരാട്ടം നയിക്കുന്നത്? മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ഇന്ന് നടപ്പാക്കുന്ന നീചവും മലീമസവുമായ പ്രോപഗണ്ടയെ ഗൗരി ലങ്കേഷിന്റെ മഹത്തായ സൃഷ്ടികളുമായി താരതമ്യം ചെയ്തുകൊണ്ട് അവരെ തരംതാഴ്ത്തരുത്.
ഞാന്‍ ആ ദുരന്തത്തിന്റെ ആഘാതം വിലകുറച്ചു കാണുകയല്ല. പക്ഷേ ഇന്നും അവരുടെ ടീം ഗൗരി ലങ്കേഷ് പത്രികെ നടത്തുന്നുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി നമ്മള്‍ നമ്മുടെ ഭയത്തെ ഊട്ടിയുറപ്പിക്കുന്നു.
പക്ഷേ നമ്മള്‍ ഗൗരി ലങ്കേഷ് പത്രികെ വായിച്ചുനോക്കുവാന്‍ സമയം കണ്ടെത്തുന്നുണ്ടോ? ഭാഷ ഒരു തടസമാണെന്ന വാദം ഞാന്‍ വിശ്വസിക്കുന്നില്ല. വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററുണ്ട്, അല്ലെങ്കില്‍ അത് പരിഭാഷപ്പെടുത്തുവാന്‍ സന്നദ്ധരായ നിരവധി പേര്‍ കര്‍ണാടകയിലുണ്ട്.
കാര്യം ഇതാണ്, നമ്മള്‍ ഒരു ശ്രമം നടത്താതെ അധികാരത്തിലുള്ളവര്‍ക്കെതിരെ തിരിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിച്ചുകൊണ്ടിരിക്കും.
തീര്‍ച്ചയായും, ഇതില്‍ ഒരു വലിയ അപകട സാധ്യതയുണ്ട്. അത് ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഒരിക്കലും ഒരു ജേണലിസ്റ്റാകരുത്. വേറെ ഒരുപാട് തൊഴിലുകളുണ്ട്, ഇവിടെയില്ലെങ്കില്‍ ഗള്‍ഫിലും കാനഡയിലുമെല്ലാമുണ്ട്.
നിങ്ങളുടെ തൊഴില്‍ ജീവിതത്തിലുടനീളം ‘അതെ, സര്‍, അതെ, സര്‍’ എന്ന് പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ ഐ.എ.എസില്‍ ചേരൂ. ഒരിക്കലും ഒരു ജേണലിസ്റ്റാകരുത്. നിങ്ങള്‍ ഒരു ജേണലിസ്റ്റാകാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഒരിക്കലും ഒരു സ്റ്റോറി ചെയ്യാതിരിക്കാന്‍ ഒഴികഴിവുകള്‍ നോക്കരുത്.
അതുപോലെ ഹിന്ദുത്വയെ പിന്തുണക്കുന്ന പത്രങ്ങള്‍ക്കെല്ലാം പ്രതിഫലം വാരിക്കോരി നല്‍കുകയാണെന്നും ഞാന്‍ കരുതുന്നില്ല. പരസ്യങ്ങളുടെ രൂപത്തില്‍ ചില എല്ലിന്‍ കഷ്ണങ്ങള്‍ എറിഞ്ഞു കൊടുക്കുന്നുണ്ടാകാം. എന്നാല്‍ ‘കോര്‍പ്പറേറ്റ്’ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളാണ് ഞാന്‍ കൂടുതലും കാണുന്നത്.
ഭയമോ പ്രതിഫലമോ അല്ല ഈ മാധ്യമ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതെങ്കില്‍ പിന്നെ എന്തായിരിക്കും ജനുവരി 23ലെ മലയാള മനോരമയുടെയും മാതൃഭൂമിയുടെയും തലക്കെട്ടുകള്‍ക്ക് പിന്നില്‍?
ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇന്ന് സവര്‍ണ മേധാവിത്വവും സവര്‍ണ വിവേചനവുമുണ്ടെന്ന് പറയുവാന്‍ എനിക്ക് മടിയില്ല. ജാതി, വര്‍ണ ഘടകങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന്റെ തേരോട്ടത്തിന് സുരക്ഷിതവും വളക്കൂറുള്ളതുമായ ഒരിടം ലഭിച്ചത്. എത്ര മുസ്‌ലിം എഡിറ്റര്‍മാരുടെ പേര് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും? എത്ര ദളിത് എഡിറ്റര്‍മാരെ നിങ്ങള്‍ക്കറിയാം?
സവര്‍ണരും സവര്‍ണ മാധ്യമങ്ങളും അവരുടെ പൂര്‍വകാല മഹിമ പുണരുജ്ജീവിപ്പിക്കുവാന്‍ മോദി ഭരണകൂടത്തിന്റെ സജീവ പങ്കാളികളായി മാറിയിട്ടുണ്ട്, ഇത് പൂര്‍ണമായും ഭൗതികമല്ല.
രണ്ടാം ലോകമഹായുദ്ധത്തില്‍, ഫ്രഞ്ച് പ്രതിരോധം നാസികളോട് ചെയ്തതിനേക്കാള്‍ നിര്‍ദയമായാണ് അവരുടെ സഹകാരികളോട് പെരുമാറിയതെന്ന കാര്യം നമ്മള്‍ മറക്കരുത്.
ഇന്ത്യയിലെ സഹകരണ മാധ്യമങ്ങളോട് (കൊളാബറേറ്റീവ് മാധ്യമങ്ങള്‍) സമാനമായി പെരുമാറണമെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയില്ലെന്ന് വിശ്വസിക്കുന്നു.
ഞാന്‍ കേള്‍ക്കാറുള്ള മറ്റൊരു ന്യായം മാധ്യമങ്ങള്‍ പ്രതിസന്ധിയിലാണെന്നാണ്. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷമായി ഭൂരിപക്ഷം പാരമ്പര്യ മാധ്യമങ്ങളും ജനങ്ങള്‍ക്കിടയിലെ സല്‍പ്പേര് ചൂഷണം ചെയ്തും സ്വാതന്ത്ര്യ സമരത്തിന്റെ യോദ്ധാക്കളെന്ന് സ്വയം ബ്രാന്‍ഡ് ചെയ്തും വന്‍ ലാഭമാണ് കൊയ്യുന്നത്.
തങ്ങളുടെ മുത്തച്ഛന്മാരും അമ്മാവന്മാരും തങ്ങളുടെ എഡിറ്റര്‍മാരും സ്വാതന്ത്ര്യ സമരത്തിലും അടിയന്തരാവസ്ഥ സമയത്തും ജയിലില്‍ പോയതിനെ കുറിച്ച് മിക്ക മാധ്യമ മുതലാളിമാരും വീമ്പുപറച്ചില്‍ നടത്തുന്നുണ്ട്. രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച നാലാം സ്തംഭം എന്ന ബ്രാന്‍ഡിങ്ങിലൂടെ മാധ്യമ കമ്പനികള്‍ ലാഭം നേടിയിട്ടുണ്ട്.
അങ്ങനെയെങ്കില്‍, സ്വാതന്ത്ര്യ സമരകാലത്തും അടിയന്തരാവസ്ഥ കാലത്തും ജയിലില്‍ പോകുന്നത് വലിയ ആദരമാണെങ്കില്‍ ഇപ്പോള്‍ അതല്ലാത്തത് എന്തുകൊണ്ട്?
ഈ കഴിഞ്ഞ 75 വര്‍ഷവും ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിന്ന് വലിയ ലാഭം കൊയ്യാന്‍ നിങ്ങളെ സഹായിച്ചു എന്നിരിക്കെ, നഷ്ടങ്ങള്‍ സഹിച്ചാണെങ്കിലും രാജ്യത്തിനും സമൂഹത്തിനും തിരിച്ച് എന്തെങ്കിലും നല്‍കേണ്ട സമയമല്ലേ ഇത്.
യുവ ഇന്‍ഫ്‌ളുവന്‍സര്‍മാരും യൂട്യൂബര്‍മാരുമാണ് ഇത് ചെയ്യുന്നത്. ജീവന്‍ അപായപ്പെടുത്തി നിരവധി പേരാണ് ഹൃദയഭൂമിയില്‍ ദളിതരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂക്‌നായക്, ഈഡിന, ആര്‍ട്ടിക്കിള്‍ 19, ദളിത് ദസ്തക് എന്നിവ ഉദാഹരങ്ങളാണ്.
ഈ നഗരത്തിലും മറുവാക്ക് എന്നൊരു മാസികയുണ്ട്. മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ അതിന്റെ എഡിറ്റര്‍ അംബികക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആ കേസിനെ അപലപിച്ചിരുന്നോ? ഉണ്ട് എന്നാണ് എന്റെ പ്രതീക്ഷ. അംബികയെ ഒരു മാധ്യമ ഉടമസ്ഥയായി ചിത്രീകരിക്കുവാന്‍ ശ്രമങ്ങള്‍ നടന്നു എന്നാണ് ഞാനറിഞ്ഞത്.
അറിഞ്ഞിടത്തോളം, ഒറ്റപ്പെടുത്തലുകളും മാവോയിസ്റ്റുകള്‍ എന്ന വിമര്‍ശകരുടെ മുദ്രകുത്തലും മറികടന്ന് പി.എഫ് സേവിങ്‌സ് വിനിയോഗിച്ചാണ് അവര്‍ പ്രസിദ്ധീകരണം നടത്തുന്നത്. പത്രം നടത്തുവാന്‍ വ്യക്തിപരമായ സമ്പാദ്യം പോലും തീര്‍ത്തു കളഞ്ഞ എത്ര മാധ്യമ മുതലാളിമാരെ നിങ്ങള്‍ക്കറിയാം?
എനിക്കെതിരെയുള്ള ഒരു ആരോപണം ഞാന്‍ മാധ്യമ മുതലാളിമാരെ പിന്തുണക്കുകയും മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയും ചെയ്തു എന്നാണ്. എന്റെ വീക്ഷണങ്ങളില്‍ ആശങ്കയുണ്ടായവര്‍ക്ക് ഇപ്പോള്‍ ഞാന്‍ നടത്തുന്ന അഭിപ്രായം വ്യക്തത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ മാധ്യമത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ എഡിറ്റര്‍മാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയുമാണ് (എല്ലാവരെയുമല്ല) ഞാന്‍ കുറ്റപ്പെടുത്തുക
ചെറിയ പത്രങ്ങളെ കാര്‍ന്നുതിന്നുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവരെ ഉദ്ദേശിച്ചല്ല വലിയ സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് എന്റെ പരാമര്‍ശം.
വലിയ പത്രസ്ഥാപനങ്ങളില്‍ 45 വയസ്സിന് മുമ്പ് വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകര്‍ മാത്രമേ എഡിറ്റര്‍ സ്ഥാനത്ത് എത്തുകയുള്ളൂ. അപ്പോഴേക്ക് അവര്‍ കുറച്ച് സമ്പാദ്യമൊക്കെ തരപ്പെടുത്തിയിട്ടുണ്ടാകും.
എഡിറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിച്ച മുഴുവന്‍ അധികാരവും വിനിയോഗിക്കുകയാണെങ്കില്‍, 50 വയസ്സിന് ശേഷവും ദീര്‍ഘകാലം സേവിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തവരാണ്.
പ്രസിദ്ധീകരണത്തിന്റെ അവസാനവാക്ക് എഡിറ്ററുടേതാണ്. മാനേജ്‌മെന്റുമായോ ഉടമസ്ഥരുമായോ കൊളബാറേറ്റ് ചെയ്ത് പ്രവര്‍ത്തിക്കത്തിടത്തോളം ആര്‍ക്കും ആ അധികാരം എടുത്തുകളയാന്‍ കഴിയില്ല.
നിങ്ങളെ എഡിറ്ററായി ചുമതലപ്പെടുത്തുമ്പോള്‍, നിങ്ങളുടേതായ രീതിക്ക് പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കില്ല എങ്കില്‍ അത് നിരസിക്കണോ വേണ്ടയോ എന്ന് (അപ്പോഴേക്കും നിങ്ങള്‍ ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ ആണോ എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം) തീരുമാനിക്കേണ്ടത് നിങ്ങളാണ്.
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എഡിറ്റര്‍ ആകരുത്. ഈ കാരണം കൊണ്ട് മാത്രം ഇത്തരം വാഗ്ദാനങ്ങള്‍ നിരസിച്ച നിരവധി ജേണലിസ്റ്റുകളെ എനിക്ക് അറിയാം. അപ്പോള്‍ തന്നെ രാജിവച്ച് തരക്കേടില്ലാത്ത സമ്പാദ്യം കൊണ്ട് അവര്‍ ജീവിക്കുന്നു.
അവര്‍ ഡ്രിങ്കിങ് പാര്‍ട്ടികള്‍ക്ക് പോകുന്നില്ല, ഉല്ലാസ യാത്രകള്‍ക്ക് പോകുന്നില്ല. പക്ഷേ എങ്ങനെയൊക്കെയോ അതിജീവിക്കുന്നുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ആ കസേരകളില്‍ തൂങ്ങിപ്പിടിക്കുന്ന എഡിറ്റര്‍മാരെ ഞാന്‍ കുറ്റപ്പെടുത്തിയില്ലെങ്കില്‍ അത് വേണ്ടെന്ന് വെച്ചവരെ അപമാനിക്കുന്നതിന് തുല്യമാണ്.
ഒരു എഡിറ്ററെ പിരിച്ചുവിടുമ്പോള്‍ യാതൊരു ചോദ്യവും ചോദിക്കാതെ എന്തുകൊണ്ടാണ് അടുത്തയാള്‍ തസ്തിക ഏറ്റെടുക്കുന്നത്? പൂര്‍ണ സമ്മതത്തോടെ അറവുശാലയിലേക്ക് ഓടിപ്പോകുന്ന നിഷ്‌കളങ്കനായ അല്ലെങ്കില്‍ നിഷ്‌കളങ്കയായ കുഞ്ഞാടാണോ അവര്‍? എനിക്ക് അവരോട് യാതൊരു സഹതാപവുമില്ല, ഞാന്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും.
എന്റെ പ്രസംഗത്തിനുശേഷം, കേരളത്തിന് പുറത്തുനിന്ന് ഒരു മുതിര്‍ന്ന എഡിറ്റര്‍ എനിക്ക് ഒരു മെസേജ് അയച്ചു: ഉടമകളേക്കാള്‍ മാധ്യമപ്രവര്‍ത്തകരാണ് വിമര്‍ശിക്കപ്പെടേണ്ടത്. കാരണം മാധ്യമപ്രവര്‍ത്തകരായാല്‍ കാര്യങ്ങള്‍ വിളിച്ചു പറയേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ മാധ്യമപ്രവര്‍ത്തകരായത്.
മിക്ക ഉടമകളും മാധ്യമ മുതലാളിമാരായത് അവരുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനോ സ്ഥാപനത്തെ സഹായിക്കുവാനോ ആണ്, അല്ലാതെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുവാനല്ല. അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന നിലയിലുള്ളവരാണ്.
ചിലപ്പോള്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം തന്റെ ജോലി കൃത്യമായി ചെയ്യാന്‍ എഡിറ്റര്‍മാര്‍ ബുദ്ധിമുട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത് ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു എഡിറ്ററുടെ ധര്‍മം തന്നെ പ്രതിരോധമാണ്.
ഇനി ഉടമകള്‍ തന്നെ എഡിറ്റര്‍മാര്‍ ആകുമ്പോള്‍, ഈ നയത്തിന് എതിരാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ അത്തരം പത്രങ്ങളില്‍ ജോലി ചെയ്യുന്നത്? ഉടമകള്‍ എഡിറ്റര്‍മാര്‍ ആകുന്നതിനോട് എനിക്ക് യാതൊരു വിരോധവുമില്ല: അവര്‍ എഡിറ്ററെപ്പോലെ പെരുമാറുന്നുണ്ടോ എന്നതാണ് വിഷയം.
ഒരു പ്രൊഫഷണല്‍ എഡിറ്റര്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുവാനാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, ദുരുദ്ദേശത്തോടെ ഉടമ എഡിറ്റര്‍ ആകുന്നത് അപകടകരമാണ്.
എന്റെ പ്രസംഗത്തിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ഒരു മുന്‍ യൂണിയന്‍ നേതാവ് ഒരു വെളിപ്പെടുത്തല്‍ നടത്തി: ‘മുതലാളിയുടെ അഭിഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുന്ന നടത്തിപ്പുകാരായി മാധ്യമപ്രവര്‍ത്തകര്‍.’
ശരിയാണ് ഞാനും അത് തന്നെയാണ് പറഞ്ഞത്. എന്നാല്‍ എല്ലാവരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നതിന് പകരം ചില എഡിറ്റര്‍മാരിലേക്ക് മാത്രം ഞാന്‍ എന്റെ വിമര്‍ശനങ്ങള്‍ ഒതുക്കി.
മോദി വിമര്‍ശിക്കപ്പെടേണ്ട ആളല്ലെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്റെ മാധ്യമപ്രവര്‍ത്തനം അതിനു തെളിവാണ്. എനിക്ക് പറയാനുള്ളത് എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ് പ്രണോയ് റോയിയുടെ പ്രശ്‌നങ്ങള്‍.
നല്ല കാലത്ത് എന്‍.ഡി.ടി.വിയുടെ ബ്രാന്‍ഡിങ് – ഡീല്‍ പാര്‍ട്ണര്‍ ആരായിരുന്നു: അഭിവന്ദ്യനായ വിജയ് മല്യ!
തീര്‍ച്ചയായും ഒരുപാട് ഭീതികളുടെ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണ്. എന്നാല്‍ ജൂനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും ശബ്ദിക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഒരു ചെറിയ മൂളക്കം പോലുമില്ലാതെ പിന്‍വാങ്ങിയ എഡിറ്റര്‍മാരും ഉത്തരവാദികളാണ്.
എന്റെ മേല്‍നോട്ടത്തിന് കീഴില്‍, ഡെസ്‌കിലെ ഇടപെടലുകളിലൂടെ എങ്ങനെയാണ് പത്രത്തിന്റെ ആദ്യ പേജിന്റെ സ്വഭാവം തന്നെ മാറിയതെന്ന ഉദാഹരണങ്ങള്‍ എനിക്ക് നിരത്താന്‍ സാധിക്കും. പ്രതിരോധമാണ് പ്രധാനം.
ഈ കുറിപ്പിനു പിന്നിലുള്ള എന്റെ ലക്ഷ്യം എന്റെ വീക്ഷണങ്ങള്‍ വ്യക്തമാക്കുക എന്നത് മാത്രമാണ്. ഞാന്‍ സംസാരിച്ചപ്പോള്‍ അത് കൃത്യമായി മനസ്സിലാക്കിത്തരാന്‍ സാധിച്ചിട്ടുണ്ടാകില്ല. ഇതൊരു സത്യസന്ധമായ സംവാദത്തിന് തുടക്കമിടുമെങ്കില്‍ ഏതു വേദിയിലും എന്റെ അഭിപ്രായങ്ങള്‍ വിശദീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്, ആര്‍ക്കെങ്കിലും എന്റെ വീക്ഷണങ്ങളോട് താത്പര്യമുണ്ടെങ്കില്‍.
Content highlight: Why did the owners of Manorama and reporter go to jail? R. Rajagopal clarifies the position