| Monday, 13th January 2025, 9:55 pm

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വോട്ട് ബാങ്കായ ചേരി നിവാസികളെ സ്വാധീനിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പാർട്ടികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വോട്ട് ബാങ്കായ ചേരി നിവാസികളെ സ്വാധീനിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പ്രധാന പാർട്ടികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.ജെ.പിയും.

ദൽഹിയിലെ 675 ചേരികളിലെയും 1,700 ‘അനധികൃത’ കോളനികളിലെയും (ജുഗ്ഗി-ജോപ്രി ക്ലസ്റ്ററുകളിലെയും) ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങൾ വോട്ടർമാരിൽ ഏകദേശം 10% വരും. അവർ ദൽഹിയിലെ പ്രധാന വോട്ടുബാങ്കുകളിലൊന്നാണ്. ഇവിടുത്തെ താമസക്കാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ മൂന്ന് പ്രധാന പാർട്ടികളും മത്സരിക്കുകയാണ്.

ആം ആദ്മി പാർട്ടി (എ.എ.പി) ചേരി നിവാസികളെ തങ്ങളുടെ വശത്ത് നിർത്താൻ ശ്രമിക്കുമ്പോൾ ബി.ജെ.പി ആം ആദ്മി പാർട്ടിക്ക് ചേരികളിലുള്ള സ്വാധീനം ഇല്ലാതാക്കാൻ കിണഞ്ഞ് ശ്രമിക്കുകയും അത് വഴി തങ്ങൾക്ക് നേട്ടമുണ്ടാക്കാനും ശ്രമിക്കുകയാണ്. മറുവശത്ത്, കഴിഞ്ഞ 10 വർഷമായി ആം ആദ്മി പാർട്ടിയുടെ സ്വാധീനത്തിലെന്ന് വിശ്വസിക്കപ്പെടുന്ന ഈ മേഖലകളിലെ പിന്തുണ വീണ്ടെടുക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം.

2023ലെ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി തുഗ്ലക്കാബാദ്, സുന്ദർ നഗരി, ഓഖ്‌ല, തുടങ്ങിയ സ്ഥലങ്ങളിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ എ.എ.പി ലക്ഷ്യം വെച്ചിരുന്നു. എന്നാൽ ദൽഹിയിലെ ഏഴ് സീറ്റുകളും നേടിയതിന് തൊട്ടുപിന്നാലെ ബി.ജെ.പി ‘ജുഗ്ഗി വിസ്താരക് യോജന’ ആരംഭിച്ചു.

അതെ സമയം അക്കൗണ്ട് തുറക്കാൻ നോക്കുന്ന കോൺഗ്രസ് എല്ലാ വിഭാഗം വോട്ടർമാരെയും കേന്ദ്രീകരിച്ച് ചേരികളിൽ വീടുവീടാന്തരം കയറി സർവേ നടത്തുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ചേരികളും ‘അനധികൃത’ കോളനികളും ഉൾക്കൊള്ളുന്ന സീലംപൂരിലെ സീറോ പുഷ്തയിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയോടെ പാർട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും.

ദൽഹി സർക്കാറിന്റെ കണക്കുകൾ പ്രകാരം, ദക്ഷിണ ദൽഹി നിയോജക മണ്ഡലത്തിൽ ചേരി പ്രദേശങ്ങളിൽ ഏകദേശം 67,000 കുടുംബങ്ങളുണ്ട്, വെസ്റ്റ് ദൽഹി സീറ്റിലാണ് ഏറ്റവും കുറവ്, ഏകദേശം 22,000 വീടുകളാണുള്ളത്.

കഴിഞ്ഞ ദിവസം ദൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ദൽഹി തെരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കാതിരിക്കാമെന്ന് ആം ആദ്മി നേതാവ് കെജ്‌രിവാള്‍ അമിത് ഷായോട് പറഞ്ഞിരുന്നു.

Content Highlight: Why Delhi’s slum-dwellers will be a crucial factor in Assembly polls

Latest Stories

We use cookies to give you the best possible experience. Learn more