സിഡ്‌നി: 2014-15 സീസണില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ വന്‍ വിവാദമായ സംഭവമായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയും തമ്മിലുണ്ടായ അടിയും തുടര്‍ന്ന് വാര്‍ണറിന് പിഴ കിട്ടിയതുമെല്ലാം. സംഭവം കഴിഞ്ഞ് നാളുകള്‍ ഒരുപാടായി. രോഹിതും വാര്‍ണറും ഇന്ന് വൈസ് ക്യാപ്റ്റന്മാരാണ്. ഇപ്പോഴിതാ അന്നു സംഭവിച്ചതെന്താണെന്ന വെളിപ്പെടുത്തലുമായി വാര്‍ണര്‍ രംഗത്തെത്തിയിരിക്കുകയാണ്.
അന്ന് രോഹിതിനോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറഞ്ഞതായിരുന്നു വാര്‍ണറെ വെട്ടിലാക്കിയത്. എന്നാല്‍ എന്തിനാണ് താന്‍ രോഹിതിനോട് ഇംഗ്ലീഷില്‍ പറയാന്‍ ആവശ്യപ്പെട്ടതെന്ന വെളിപ്പെടുത്തലാണ് ഓസീസ് ഓപ്പണര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
രോഹിത് ഹിന്ദിയില്‍ തന്നെ അവഹേളിച്ചുവെന്നും അതേ വാക്കുകള്‍ ഇംഗ്ലീഷില്‍ പറഞ്ഞിരുന്നുവെങ്കില്‍ രോഹിതിനും ശിക്ഷ ലഭിക്കുമെന്നുമാണ് വാര്‍ണര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ വാര്‍ണറെ തഗീഷ് എന്നായിരുന്നു ഇതിഹാസ താരം മാര്‍ട്ടിന്‍ ക്രോ വിശേഷിപ്പിച്ചത്. അന്ന് കിട്ടിയ ശിക്ഷ എന്തായാലും ഫലം കണ്ടു. പിന്നീട് വാര്‍ണര്‍ സ്വഭാവം നന്നാക്കി. ചൂടന്‍ സ്വഭാവമൊക്കെ ഉപേക്ഷിച്ച് പന്തിനോട് മാത്രം ആക്രമണം കാണിക്കുന്ന ആളായി വാര്‍ണര്‍ മാറി.
“ആ സംഭവത്തിന് ശേഷം ഞാന്‍ നിര്‍ത്തി. ഞാന്‍ പറയുന്നത് കൃത്യമാണെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാന്‍ ഏതൊക്കെ ഭാഷയില്‍ ബിഗ് സ്‌ക്രീനില്‍ പറഞ്ഞാലും ആരും വിശ്വസിക്കുകയോ ഒന്നും ചെയ്യുകയുമില്ല. എന്നാല്‍ അവന്‍ ഇംഗ്ലീഷില്‍ ആണ് പറയുന്നതെങ്കില്‍ മാറുമായിരുന്നു.” വാര്‍ണര്‍ പറയുന്നു.
“അവിടെയാണ് എനിക്ക് വിഷമമുണ്ടായത്. ഞാന്‍ പറഞ്ഞതായാണ് എല്ലാവരും ധരിച്ചത്. ഞാന്‍ വര്‍ണ വെറിയനോ വംശ വെറിയനോ അല്ല. അവനും ഇംഗ്ലീഷില്‍ പറയണമെന്നു മാത്രമായിരുന്നു എനിക്ക്. എന്നാല്‍ എല്ലാവരും അവനെ കേള്‍ക്കുമായിരന്നു.” താരം കൂട്ടിച്ചേര്‍ക്കുന്നു.