നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബി.ജെ.പി അനുകൂല എക്‌സിറ്റ് പോള്‍ പുറത്തുവിട്ടത് എന്തിനുവേണ്ടി?
Opinion
നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബി.ജെ.പി അനുകൂല എക്‌സിറ്റ് പോള്‍ പുറത്തുവിട്ടത് എന്തിനുവേണ്ടി?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th February 2017, 8:41 pm

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയിരിക്കെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ച ദൈനിക് ജാഗരണ്‍ പത്രം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പത്രമായ ദൈനിക് ജാഗരണ്‍ പ്രവചനം നടത്തിയിരിക്കുന്നത്.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയുടെ ഉത്തരവ് അനുസരിച്ച് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന നിയമലംഘനം നടത്തുകയെന്ന വലിയൊരു റിസ്‌ക് ഏറ്റെടുക്കാനുള്ള ദൈനിക് ജാഗരണിന്റെ പ്രചോദനം എന്തായിരിക്കും?

modi1

ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലേ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവൂവെങ്കിലും അത്തരമൊരു ശ്രമം നടത്തുന്നത് അഭികാമ്യമാണ്. ഒരു കാര്യം ഉറപ്പാണ് ഇത്തരമൊരു നീക്കം ഉണ്ടാക്കാവുന്ന നിയമപരമായ പ്രശ്‌നങ്ങളും ഭവിഷ്യത്തുകളും മനസിലാക്കി കൊണ്ടാണ് ദൈനിക് ജാഗരണിന്റെ ഉടമസ്ഥര്‍ ഇതു ചെയ്തിരിക്കുന്നത്. അവര്‍ മികച്ച അഭിഭാഷകന്റെ അഭിപ്രായം തേടിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടിയെടുക്കുന്നതിനാണ് അവര്‍ കാത്തിരിക്കുന്നത്.

മോദി അനുകൂലികളെന്ന് സംശയലേശമന്യേ പറയാന്‍ കഴിയുന്ന ദൈനിക് ജാഗരണ്‍ ഈ എക്‌സിറ്റ് പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ബി.ജെ.പിയെ വളരെയധികം സഹായിച്ചിരിക്കുകയാണെന്നതും സുവ്യക്തം. പടിഞ്ഞാറന്‍ യു.പിയിലേ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ. നരേന്ദ്രമോദിക്ക് അനുകൂലമായി പോസിറ്റീവായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് മധ്യ, കിഴക്കന്‍ യു.പി തെരഞ്ഞെടുപ്പുകളില്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

നമ്മള്‍ ഒരു കാര്യം മനസിലാക്കേണ്ടത് 450ലക്ഷത്തോളം വായനക്കാരുള്ള പത്രമാണ് ദൈനിക് ജാഗരണ്‍ എന്നതാണ്. വായനക്കാരില്‍ ഏറെയും കിഴക്കന്‍, മധ്യ യു.പിയിലുള്ളവരാണ്. അതുകൊണ്ടുതന്നെ യു.പിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കാന്‍ ദൈനിക് ജാഗരണിനെ ഉപയോഗിച്ചതാണ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കുകളായ ജാട്ടുകളില്‍ നിന്നും ബനിയനുകളില്‍ നിന്നും പാര്‍ട്ടി ഒറ്റപ്പെട്ട ഈ വേളയിലാണ് എക്‌സിറ്റ്‌പോള്‍ വരുന്നത്.

ഈ നിര്‍ണായക സന്ധിയില്‍ മോദിക്കും അമിത്ഷായ്ക്കും അനുകൂലമാകുമോ ഈ എക്‌സിറ്റ്‌പോള്‍? ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത് ബീഹാറില്‍ കണ്ടതുപോലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നത് മറ്റു ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ്.

AMITH-SHA

 

പടിഞ്ഞാറന്‍ യു.പിയില്‍ നിന്നും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനും മായവതിക്കും ലഭിക്കാന്‍ സാധ്യതയുള്ള മുന്‍തൂക്കം ഇല്ലാതാക്കുകയാണോ എക്‌സിറ്റ് പോളിലൂടെ ദൈനിക് ജാഗരണ്‍ ലക്ഷ്യമിട്ടത്? വരുംദിവസങ്ങളില്‍ മാധ്യമങ്ങളും തെരഞ്ഞെടുപ്പു കമ്മീഷനും പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം പരിശോധിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.

തങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ച കുറച്ചുകോടികള്‍ക്കുവേണ്ടി ദൈനിക് ജാഗരണ്‍ ഇത്രയും വലിയ റിസ്‌ക് ഏറ്റെടുക്കില്ല എന്നത് വ്യക്തമാണ്. വലിയ വലിയ ഓഹരികള്‍ക്കുവേണ്ടിയാവാം ഉടമസ്ഥര്‍ കളിക്കുന്നത്. അത് പണത്തെക്കാളും അധികം അധികാരത്തിനുവേണ്ടിയാവാം.

കഴിഞ്ഞ മൂന്നുവര്‍ഷമായി മോദിയുടെ അജണ്ടയ്‌ക്കൊപ്പമാണ് ഈ പത്ര സ്ഥാപനം മുന്നോട്ടുപോകുന്നത്. കാലാകാലങ്ങളില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും അജണ്ടകള്‍ നടപ്പിലാക്കുന്നത് മാധ്യമങ്ങളില്‍ അത്ര അസാധാരണ കാര്യമൊന്നുമല്ല.

ഇതിനുപുറമേ യാദവുകളുമായി ജാഗരണ്‍ ഉടമസ്ഥര്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി ചില വിദ്വേഷവുമുണ്ട്. 2014ല്‍ യാദവ് കുടുംബത്തിനെതിരെ ദൈനിക് ജാഗരണ്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സെയ്‌ഫൈയിലെ അവരുടെ ഗ്രാമത്തില്‍ യാദവ് കുടുംബം സംഘടിപ്പിച്ച വാര്‍ഷിക ഫെസ്റ്റിവെലിനായി 750 കോടി ചിലവഴിച്ചു എന്നാരോപിച്ചായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ ആരോപണത്തിനു പിന്നാലെ യാദവ് വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തുകയും ജാഗരണ്‍ ഉടമസ്ഥര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ജാഗരണ്‍ കുടുംബത്തിലെ മഹേന്ദര്‍ മോഹന്‍ ഗുപ്തയ്ക്ക് സമാജ് വാദി പാര്‍ട്ടി ക്വാട്ടയില്‍ നല്‍കിയ രാജ്യസഭ അംഗത്വം നീട്ടിക്കിട്ടാത്തതിലുള്ള പകപോക്കലാണ് ഈ ആരോപണം എന്നായിരുന്നു യാദവ് പറഞ്ഞത്.

upelctn

ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ എത്രയോ ചെറിയ തുകയാണ് യാദവ് ഫാമിലി ആഘോഷങ്ങള്‍ക്കുവേണ്ടി ചിലവഴിച്ചതെന്ന സ്ഥിരീകരണം വന്നതോടെ യാദവര്‍ ഉന്നയിച്ച ആരോപണം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഗ്രാമോത്സവം എത്രത്തോളം ധൂര്‍ത്തോടെ നടത്തിയാലും 750കോടി രൂപയൊന്നും ചിലവഴിക്കേണ്ടി വരില്ല എന്നത് സമാന്യബുദ്ധി ആലോചിച്ചാല്‍ മനസിലാകും. അതുകൊണ്ടുതന്നെ ആ ആരോപണം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നിലെ ലക്ഷ്യം മറ്റൊന്നായിരുന്നു എന്നത് വ്യക്തമാണ്.

അതുപോലെ തന്നെ എക്‌സിറ്റ് പോള്‍ പ്രസിദ്ധീകരിച്ചതിനു പിന്നിലെ ലക്ഷ്യവും ശക്തരായ മാധ്യമ ഉടമസ്ഥര്‍ യു.പിപോലുള്ള സംസ്ഥാനങ്ങളില്‍ കളിക്കുന്ന അധികാര വടംവലിയുടേതാണ്.

പിന്‍കുറിപ്പ്: എക്‌സിറ്റ് പോള്‍ റിസര്‍ട്ട് രാവിലെ 11.30ഓടെ ദൈനിക് ജാഗരണ്‍ പേജില് നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും ഈ നിയമലംഘനം തീരുന്നില്ല. ഈ പിന്‍വലിക്കല്‍ ബുദ്ധിപരമായൊരു കളിയാണ്. റിപ്പോര്‍ട്ട് പുറത്തായിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന അതിന്റെ ലക്ഷ്യം നിറവേറ്റാന്‍ അതുതന്നെ ധാരാളം.